അപകടം, കാൻസർ, കീമോ, വൃക്ക രോഗം; എല്ലാ പ്രതിസന്ധികളും അതിജീവിച്ച് ജസീല വീണ്ടും പൊലീസ് യൂണിഫോമിൽ

Mail This Article
കൽപറ്റ ∙ സിവിൽ പൊലീസ് ഓഫിസറായിരിക്കെ 2019ൽ കൈനാട്ടിയിൽ ഉണ്ടായ വാഹനാപകടത്തിൽ ഗുരുതര പരുക്കേറ്റു ചികിത്സയിലായിരുന്ന കെ.ടി.ജസീല നാലര വർഷത്തിനു ശേഷം വീണ്ടും പൊലീസ് യൂണിഫോമണിഞ്ഞു. പുത്തൂർവയൽ ഡിസ്ട്രിക്ട് ഹെഡ് ക്വാർട്ടേഴ്സിൽ സീനിയർ സിവിൽ പൊലീസ് ഓഫിസറായി സ്ഥാനക്കയറ്റം ലഭിച്ച ജസീല കഴിഞ്ഞദിവസമാണു ജോലിയിൽ പ്രവേശിച്ചത്. 2019 മാർച്ച് 30ന് വീട്ടിലേക്കുള്ള മടക്ക യാത്രയ്ക്കിടെ കൈനാട്ടിയിൽ ജസീല യാത്ര ചെയ്ത കെഎസ്ആർടിസി ബസും എതിരെ വന്ന സ്വകാര്യബസും കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തിൽ തലയ്ക്കും കാലിനും ഗുരുതര പരുക്കേറ്റ ജസീല പിന്നീട് ആശുപത്രി കിടക്കയിലായി. നിലവിൽ കോഴിക്കോട് ക്രൈംബ്രാഞ്ച് സിഐ ആയ കെ.പി. അഭിലാഷിനെ സ്പെഷൽ മാരേജ് ആക്ട് പ്രകാരം വിവാഹം ചെയ്ത് ഒരു മാസം തികയുന്നതിനു മുൻപായിരുന്നു അപകടം. വീട്ടുകാരറിയാതെ നടത്തിയ വിവാഹമായതിനാൽ ഇരുവരുടെയും വീട്ടുകാരും അകന്നു. ശസ്ത്രക്രിയകളെ തുടർന്നു പതുക്കെ നടക്കാൻ തുടങ്ങിയ ജസീല ഇതിനിടെ കാൻസർ ബാധിതയായി. തുടർന്ന് 9 ശസ്ത്രക്രിയയും കീമോയും കഴിഞ്ഞിരിക്കെ, മരുന്നുകളുടെ പാർശ്വഫലമായി വൃക്ക രോഗവും ബാധിച്ചു.
എന്നാൽ, ജസീലയുടെ നിശ്ചയദാർഢ്യത്തിനു മുന്നിൽ രോഗങ്ങളെല്ലാം പതുക്കെ കീഴടങ്ങി. ആശുപത്രി വാസത്തിനിടെ 2019ൽ മുഖ്യമന്ത്രിയുടെ പൊലീസ് മെഡലിനു ജസീല അർഹയായിരുന്നു. വോക്കറിന്റെ സഹായത്തോടെ അന്നു കോഴിക്കോടു നിന്നു തിരുവനന്തപുരത്തെത്തിയാണു ജസീല മെഡൽ സ്വീകരിച്ചത്. 2018ൽ കേന്ദ്ര ഹജ് കമ്മിറ്റി ഇന്ത്യയിൽ നിന്നു ആദ്യമായി കൊണ്ടുപോയ പൊലീസ് സംഘത്തിലെ അംഗമായിരുന്നു ജസീല. കടുത്ത പ്രതിസന്ധിയിലും ഒപ്പമുണ്ടായിരുന്ന അഭിലാഷാണു ജീവിക്കാൻ പ്രചോദനം നൽകിയതെന്നു ജസീല പറയുന്നു. പിന്തുണയുമായി പൊലീസ് വകുപ്പും കൂടെയുണ്ടായിരുന്നു.
കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local