എംഡിഎംഎയുമായി 2 പേരും കഞ്ചാവുമായി 4 പേരും പിടിയിൽ

Mail This Article
മാനന്തവാടി ∙ ബാവലി എക്സൈസ് ചെക്പോസ്റ്റിന് സമീപം നടത്തിയ പരിശോധനയിൽ 5.55 ഗ്രാം എംഡിഎംഎയുമായി 2 പേർ അറസ്റ്റിൽ. വടകര ആയഞ്ചേരി സ്വദേശികളായ താഴെകുടുങ്ങാലിൽ വീട്ടിൽ ടി.കെ. മുഹമ്മദ് സഫീർ (25), രാമത്ത് വീട്ടിൽ ഫർഷാദ് ഖാലിദ് (27) എന്നിവരാണു പിടിയിലായത്. ഇവർ സഞ്ചരിച്ച ഇരുചക്രവാഹനവും കസ്റ്റഡിയിലെടുത്തു. മാനന്തവാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു. ബാവലി - പാൽവെളിച്ചം റോഡിലെ ചേകാടിയിൽ നടത്തിയ പരിശോധനയിൽ 300 ഗ്രാം കഞ്ചാവുമായി 2 പേർ പിടിയിലായി.
വൈത്തിരി കോട്ടപ്പടി കുന്നയിൽ കാടൻവീട്ടിൽ അംജദ് അലി (21), പൂതക്കൊല്ലി പുല്ലാനിക്കൽ വീട്ടിൽ അൻസിൽ (21) എന്നിവരെയാണു മാനന്തവാടി എക്സൈസ് റേഞ്ചും ടീമും കേരള എക്സൈസ് ഇന്റർവെൻഷൻ യൂണിറ്റും (കെമു) ചേർന്ന് പിടികൂടിയത്. ഇവർ സഞ്ചരിച്ച സ്കൂട്ടറും കസ്റ്റഡിയിലെടുത്തു.ബാവലിയിൽ നടത്തിയ പരിശോധനയിലാണ് 50 ഗ്രാം വീതം കഞ്ചാവുമായി നീലഗിരി ഗൂഡല്ലൂർ കാസിംവയൽ മുസ്തഫ (51), പന്തല്ലൂർ ടി.കെ.പേട്ട വി.വി.എൻ നഗറിലെ യൂസഫ് (58) എന്നിവർ പിടിയിലായത്.
എക്സൈസ് മാനന്തവാടി റേഞ്ച് ഇൻസ്പെക്ടർ വി.കെ.മണികണ്ഠന്റെ നേതൃത്വത്തിൽ എക്സൈസ് പ്രിവന്റീവ് ഓഫിസർമാരായ സന്തോഷ് കൊമ്പ്രാങ്കണ്ടി, പി.എ.പ്രകാശ്, സി.സോമൻ, സിവിൽ എക്സൈസ് ഓഫിസർമാരായ പി.പി.ജിതിൻ, പി.കെ.ചന്ദ്രൻ, കെ.സി.അരുൺ, കെ.എം.അഖിൽ, പി.വിപിൻ, കെ.അനൂപ്, വി.കെ.സുരേഷ്, കെ.എം. ഷിനോജ് എന്നിവരടങ്ങിയ സംഘമാണു തിരച്ചിൽ നടത്തിയത്.