കടാശ്വാസം വൈകുന്നതിൽ കോൺഗ്രസ് പ്രതിഷേധം; ജില്ലാ കൃഷി ഓഫിസിൽ കുത്തിയിരിപ്പു സമരം
Mail This Article
പുൽപള്ളി ∙ കാർഷിക കടാശ്വാസ പദ്ധതിയിൽ കർഷകർക്ക് അനുവദിച്ച കടാശ്വാസം വൈകുന്നതിൽ പ്രതിഷേധിച്ച് കോൺഗ്രസ് മീനങ്ങാടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ കൃഷിഓഫിസിൽ കുത്തിയിരിപ്പ് സമരം നടത്തി. കമ്മിഷൻ സിറ്റിങിൽ വിധിയായ 2000 കേസുകളിൽ കടാശ്വാസത്തിന്റെ പകർപ്പ് കമ്മീഷനോ സർക്കാരോ 9 മാസമായിട്ടും ബാങ്കുകൾക്ക് നൽകിയിട്ടില്ല. സർക്കാർ ആനുകൂല്യം കഴിച്ചുള്ള തുക 6 മാസത്തിനകം കർഷകർ അടയ്ക്കണമെന്നാണ് വ്യവസ്ഥ. ഇതിനായി കർഷകർ മാസങ്ങളായി ബാങ്കുകൾ കയറിയിറങ്ങുകയാണ്.
സർഫാസി നിയമമുൾപ്പെടെ ഉപയോഗിച്ച് ബാങ്കുകൾ കർഷകരുടെ ഭൂമി പിടിച്ചെടുക്കാൻ ശ്രമിക്കുന്നതിനിടെ ഇത്തരം ആനുകൂല്യങ്ങളും നൽകാതെ സർക്കാർ കർഷകരെ കടക്കെണിയിലാക്കുകയാണെന്നു സമരക്കാർ ആരോപിച്ചു. 25ന് കൃഷിമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ ഇക്കാര്യങ്ങൾ ചർച്ചചെയ്യാമെന്ന ജില്ലാ കൃഷിഓഫിസർ അജിത്കുമാറിന്റെ ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്. ഡിസിസി സെക്രട്ടറി എൻ.യു.ഉലഹന്നൻ, ബ്ലോക്ക് പ്രസിഡന്റ് വർഗീസ് മുരിയൻകാവിൽ, ശിവരാമൻ പാറക്കുഴി, മണി പാമ്പനാൽ,റെജി പുളിംകുന്നേൽ, വിൻസെന്റ് ചേരവേലിൽ, കെ.കെ.മോഹൻദാസ് എന്നിവർ പങ്കെടുത്തു.