തൊഴിലാളികൾക്കു കുരുക്കായി ‘ബോണ്ടഡ് ലേബർ’; കുടകിലെ തോട്ടങ്ങളിൽ മലയാളികൾക്ക് അടിമപ്പണി
Mail This Article
കൽപറ്റ∙ കർണാടകയിലെ കുടക് ജില്ലയിലെ തോട്ടങ്ങളിൽ വയനാട്ടിൽനിന്നുള്ള ആദിവാസി തൊഴിലാളികൾക്കു നേരിടേണ്ടി വരുന്നതു കൊടിയ ചൂഷണം. 5,000 മുതൽ 7,000 രൂപ വരെ പ്രതിഫലം പറഞ്ഞുറപ്പിച്ച് മുൻകൂർ പണം നൽകി കുടകിലേക്കു തൊഴിലാളികളെ എത്തിക്കുന്നതാണ് ആദ്യപടി. ജോലി ചെയ്യാതെ തന്നെ ഇത്രയും തുക ഒരുമിച്ചു കിട്ടുമെന്നതും ശേഷം മുടങ്ങാതെ തൊഴിൽ കിട്ടുമെന്ന വാഗ്ദാനവും കൂടുതൽ പേരെ കുടകിലേക്ക് ആകർഷിക്കുന്നു.
എന്നാൽ, അവിടെ എത്തിയാൽ കാര്യങ്ങൾ മാറിമറിയുമെന്നു തൊഴിലാളികൾ പറയുന്നു. അതിരാവിലെ മുതൽ സന്ധ്യവരെ വേണ്ടത്ര വിശ്രമം പോലുമില്ലാത്ത കഠിനാധ്വാനമാണ്. പരമാവധി കൂലി 500 രൂപ മാത്രം. ഇതിൽനിന്ന് ദിവസേന ഏജന്റിനുള്ള കമ്മിഷനും ഭക്ഷണസാധനങ്ങൾ വാങ്ങിയതിനുള്ള പണവും നൽകണം. മിച്ചം വയ്ക്കാൻ ഒന്നും കാണില്ല. പലപ്പോഴും മുതലാളിയിൽനിന്നു കടം വാങ്ങേണ്ടിവരും.
പണി നിർത്തി നാട്ടിലേക്കു പോകാൻ തീരുമാനിച്ചാലും അഡ്വാൻസ് തുകയും കടം വാങ്ങിയ പണവും പലിശസഹിതം തിരിച്ചു കൊടുക്കാതെ അനുവാദം കിട്ടില്ല. ഇങ്ങനെയുള്ള ‘ബോണ്ടഡ് ലേബറി’ലൂടെ തൊഴിലാളി തന്നെ പണയവസ്തുവായി മാറുന്ന സ്ഥിതിയാണ്. പണം അടച്ചുതീരും വരെ തോട്ടത്തിൽ അടിമപ്പണിയെടുക്കണം.
സൗക്കാറിന്റെ (തോട്ടം മുതലാളിയെ കുടകിൽ വിളിക്കുന്ന പേര്) കണ്ണുവെട്ടിച്ചു രക്ഷപ്പെടാൻ ശ്രമിക്കുന്നവരെ ക്രൂരമർദനത്തിനിരയാക്കും. തൊഴിലാളികൾക്കു നേരെ വലിയ വേട്ടനായ്ക്കളെ അഴിച്ചുവിട്ടു ഭയപ്പെടുത്തുന്ന മുതലാളിമാരും കുടകിലുണ്ട്. സ്ത്രീതൊഴിലാളികൾക്കു ലൈംഗിക അതിക്രമങ്ങളും നേരിടേണ്ടി വരുന്നു.
2019 മുതൽ 2023 സെപ്റ്റംബർ വരെ കുടകിലെ തോട്ടങ്ങളിൽ മരിച്ചവർ
രവി പച്ചാടി പണിയ കോളനി കിടങ്ങനാട്, ഗോപാലൻ
രാമഗിരി കോളനി കൃഷ്ണഗിരി, ബാലൻ കാര്യമ്പാടി,
അയ്യപ്പൻ കട്ടക്കണ്ടി കോളനി ചേകാടി, രാജു ചുണ്ടപ്പാടി
കോളനി നൂൽപുഴ, മണി പാളക്കൊല്ലി കോളനി പുൽപള്ളി, അപ്പു ഗോഖലെ നഗർ കോളനി മീനങ്ങാടി, ചന്ദ്രൻ
ഉത്തിലേരിക്കുന്ന് കോളനി അതിരാറ്റുകുന്ന്, പാർവതി
ചിറമൂല കോളനി നൂൽപുഴ, ശേഖരൻ പാളക്കൊല്ലി കോളനി പുൽപള്ളി, സന്തോഷ് നെന്മേനി കൊയ്ത്തുപാറ കോളനി, ശ്രീധരൻ വെള്ളമുണ്ട വാളാരംകുന്ന് കോളനി
പൊലീസ് റിപ്പോർട്ട് നൽകി
കുടകിലെ തോട്ടങ്ങളിൽ വയനാട്ടിൽനിന്നുള്ള ഗോത്രവിഭാഗക്കാരെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവങ്ങളെക്കുറിച്ചു മനുഷ്യാവകാശ കമ്മിഷനു റിപ്പോർട്ട് നൽകിയതായി ജില്ലാ പൊലീസ് മേധാവി പഥംസിങ് പറഞ്ഞു. കഴിഞ്ഞദിവസം കുടകിൽ മരിച്ച നിലയിൽ കണ്ടെത്തിയ ബിനീഷിന്റേത് ഒഴികെയുള്ള 4 സംഭവങ്ങളിലാണ് പൊലീസ് കണ്ടെത്തൽ മനുഷ്യാവകാശ കമ്മിഷനു കൈമാറിയത്. കർണാടക പൊലീസ് നൽകിയ പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയാറാക്കിയത്. 3 എണ്ണം മുങ്ങിമരണമെന്നും ഒരെണ്ണം തൂങ്ങിമരണമെന്നുമാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് എന്നും ജില്ലാ പൊലീസ് മേധാവി പറഞ്ഞു.
കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local