ADVERTISEMENT

പ്രയാൺ 2k23’ മെഗാ ജോബ്  ഫെയർ നാളെ തുടങ്ങും : മാനന്തവാടി ∙ തൊഴിൽ അന്വേഷിക്കുന്ന 18 നും 45 നും ഇടയിൽ പ്രായമുള്ളവർക്കായി ഇന്ത്യയിലെയും വിദേശത്തെയും തൊഴിലവസരങ്ങൾ  പരിചയപ്പെടുത്താനും പുതിയ തൊഴിൽ മേഖലകളെക്കുറിച്ച് പഠിക്കുവാനും മാനന്തവാടി ബ്ലോക്ക് പഞ്ചായത്തും മലബാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബിസിനസ് മാനേജ്മെന്റും, മാനന്തവാടി അസാപ് സ്കിൽ പാർക്കും സംയുക്തമായി മെഗാ ജോബ് ഫെയർ നടത്തും.

'പ്രയാൺ 2k23’  എന്നു പേരിട്ട പരിപാടി നാളെ മുതൽ 30 വരെയാണ് നടക്കുക. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്യും.  വിവിധ തൊഴിൽ മേഖലകളെ അടുത്തറിയുന്ന സൗജന്യ ഓൺലൈൻ പ്രോഗ്രാമുകളിൽ ഏവർക്കും പങ്കെടുക്കാം. ഇന്ത്യയിലെ പ്രമുഖ മൾട്ടിനാഷനൽ കമ്പനികളുടെ പ്രതിനിധികളെ ഉൾപ്പെടുത്തി നടത്തുന്ന പ്രോഗ്രാം തൊഴിൽ നേടിയെടുക്കുന്നതിനുള്ള പരിജ്ഞാനം നൽകും.

ലോകമെമ്പാടും അനന്തമായ തൊഴിലവസരങ്ങളുള്ള ലോജിസ്റ്റിക്സ് മേഖല ഉൾപ്പെടെയുള്ള തൊഴിൽ അവസരങ്ങളെ മനസ്സിലാക്കാൻ ഉതകുന്ന ഓൺലൈൻ സെമിനാറോടു കൂടിയാണ് പ്രയാൺ 2k23 ന് തുടക്കം കുറിക്കുക. ലോജിസ്റ്റിക്സ് മേഖലയിലെ പ്രമുഖ കമ്പനികളുടെ പ്രതിനിധികളെ ഉൾപ്പെടുത്തി 

മെഗാ ജോബ് ഫെയർ സംഘടിപ്പിക്കുന്നതിലൂടെ ജോലി നേടിക്കൊടുക്കുന്നതിന് ഒപ്പം ജോലി ലഭിക്കാൻ ഉദ്യോഗാർഥികൾക്ക് വേണ്ട സ്കിൽ ട്രെയിനിങ്ങും ഭാഷ പരിജ്ഞാനവും നേടാനുള്ള പ്രോഗ്രാമുകളും അസാപ്പുമായി ചേർന്ന് സംഘടിപ്പിക്കുമെന്ന്  മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി, അസാപ് ജില്ലാ പ്രോഗ്രാം മാനേജർ കെ.എസ്.  ഷഹന, എംഐബിഎം ബിസിനസ് സ്കൂൾ പ്രിൻസിപ്പൽ  ഷിജോ ജയിംസ് എന്നിവർ അറിയിച്ചു.

പിഎസ്‌സി പരീക്ഷകൾ മാറ്റിവച്ചു

കൽപറ്റ ∙  കോഴിക്കോട് ജില്ലയിൽ നിപ്പ രോഗ നിയന്ത്രണങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ മുഴുവൻ പരീക്ഷാ കേന്ദ്രങ്ങളിലും നാളെ  നടത്താനിരുന്ന പിഎസ്‌സി വകുപ്പുതല പരീക്ഷകൾ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

‌പേവിഷ ‌പ്രതിരോധ കുത്തിവയ്പ്

കണിയാമ്പറ്റ ∙ മൃഗസംരക്ഷണ വകുപ്പ്, കണിയാമ്പറ്റ പഞ്ചായത്ത് എന്നിവ ചേർന്ന് 26, 28 തീയതികളിൽ പഞ്ചായത്തിന്റെ വിവിധ സ്ഥലങ്ങളിൽ പേവിഷ പ്രതിരോധ കുത്തിവയ്പ് ക്യാംപുകൾ നടത്തും.     

ആർട്ടിസാൻ ഐഡന്റിറ്റി കാർഡ് ക്യാംപ്

കൽപറ്റ ∙ ജില്ലാ വ്യവസായ കേന്ദ്രം, തൃശൂർ കരകൗശല സേവന കേന്ദ്രം എന്നിവ ചേർന്ന് ഒക്ടോബർ 3നു ജില്ലാ വ്യവസായ കേന്ദ്രത്തിൽ ആർട്ടിസാൻ ഐഡന്റിറ്റി കാർഡ് ക്യാംപ് നടത്തും. ജില്ലയിൽ ആർട്ടിസാൻ ഐഡന്റിറ്റി കാർഡിനായി റജിസ്റ്റർ ചെയ്യാത്ത കരകൗശല ശിൽപികൾക്ക് പങ്കെടുക്കാം. കരകൗശല ശിൽപികൾ ക്രാഫ്റ്റ് ചെയ്ത് കാണിക്കാനുള്ള വസ്തുക്കളും ഉപകരണങ്ങളുമായി ജില്ലാ വ്യവസായ കേന്ദ്രത്തിൽ രാവിലെ 10ന് എത്തണം. 9496440561. 

അപേക്ഷ ക്ഷണിച്ചു

കൽപറ്റ ∙ കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപറേഷന്റെ മാനന്തവാടി ഓഫിസിൽ മറ്റു പിന്നാക്ക, മതന്യൂനപക്ഷ വിഭാഗക്കാർക്കായി സ്വയംതൊഴിൽ വായ്പ, പെൺകുട്ടികൾക്കായുള്ള വിവാഹ ധനസഹായ വായ്പ, വിദ്യാഭ്യാസ വായ്പ, സുവർണശ്രീ വായ്പ തുടങ്ങിയ വിവിധ വായ്പ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. മാനന്തവാടി താലൂക്കിൽ സ്ഥിരതാമസക്കാരായ 18 നും 55 നും മധ്യേ പ്രായമുള്ള 3ലക്ഷം രൂപയിൽ താഴെ വരുമാനമുള്ളവർക്ക് അപേക്ഷിക്കാം. 04935 293015, 293055.

സമഗ്ര വിദ്യാഭ്യാസ പദ്ധതി

കൽപറ്റ ∙ ജില്ലാ പഞ്ചായത്തിന്റെ 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനവും പദ്ധതിയുടെ വിശദീകരണവും 26നു രാവിലെ 10.30നു സിവിൽ സ്റ്റേഷൻ എപിജെ ഹാളിൽ നടക്കും.

സഞ്ചരിക്കുന്ന ‌മൃഗാശുപത്രി

പനമരം ∙ ബ്ലോക്ക് പഞ്ചായത്ത് 2023-24 വർഷം നടപ്പാക്കുന്ന സഞ്ചരിക്കുന്ന മൃഗാശുപത്രി സേവനം  നാളെ  മുതൽ 30 നു വൈകിട്ട് 5 വരെ പൂതാടി പഞ്ചായത്തിലെ ക്ഷീരകർഷകർക്ക് ലഭ്യമാകും. 9074583866. 

കൗൺസലിങ് ക്യാംപ് 29 ന്

മീനങ്ങാടി ∙ കാൻസർ രോഗികൾ, ഡയാലിസിസ് ചെയ്യുന്നവർ, മറ്റു രോഗങ്ങളാൽ മാനസിക സംഘർഷം അനുഭവിക്കുന്നവർ തുടങ്ങിവർക്കായി സോഷ്യൽ സർവീസ് ഓർഗനൈസേഷൻ മീനങ്ങാടിയും ഹ്യൂമൻ റൈറ്റ്സ് ആൻഡ് ഹ്യൂമൻ ഡവലപ്മെന്റ് ഓർഗനൈസേഷനും ചേർന്നു ബത്തേരി മാസ്റ്റർ മൈൻഡ് കൗൺസലിങ് സെന്ററിന്റെ സഹകരണത്തോടെ 29നു ബത്തേരിയിൽ സൗജന്യ കൗൺസലിങ് ക്യാംപ് സംഘടിപ്പിക്കും. 9847291128. 

സീറ്റ് ഒഴിവ്

മുട്ടിൽ ∙ ഡബ്ല്യുഎംഒ ആർട്സ് ആൻഡ് സയൻസ് കോളജിൽ യുജി പ്രോഗ്രാമുകളിലേക്ക് (ബിഎ, ബിഎസ്​സി, ബികോം, ബിസിഎ) എസ്‌സി, എസ്ടി സീറ്റുകൾ ഒഴിവുണ്ട്.  നാളെ രാവിലെ 10.30നു നേരിട്ട്  ഹാജരാകണം. എസ്‌സി, എസ്ടി വിദ്യാർഥികളുടെ അഭാവത്തിൽ മറ്റു വിഭാഗത്തിലെ വിദ്യാർഥികളെ പരിഗണിക്കും.

അധ്യാപക ഒ‍ഴിവ്

വെള്ളാർമല ∙ ഗവ. ഹൈസ്കൂളിൽ എച്ച്എസ്ടി ഗണിതം അധ്യാപക ഒ‍ഴിവിലേക്കുള്ള കൂടിക്കാഴ്ച നാളെ രാവിലെ 11 നു സ്കൂൾ ഒ‍ാഫിസിൽ നടക്കും.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com