ADVERTISEMENT

മാനന്തവാടി ∙  ഒന്നര മാസത്തിലേറെയായി തിരുനെല്ലി പഞ്ചായത്തിലെ പനവല്ലി പ്രദേശത്തെയാകെ   ഭീതിയിലാക്കിയ കടുവയെ കാട് കയറ്റാനുള്ള ശ്രമം വനപാലകർ തുടരുന്നു.  അതേ സമയം പനവല്ലി പുഴക്കര ഊരിലെ കയമയുടെ വീടിനുള്ളിൽ വരെ കയറിയ കടുവയെ മയക്കുവെടി വയ്ക്കാനുള്ള ഉത്തരവിനായുള്ള കാത്തിരിപ്പും തുടരുകയാണ്. നോർത്ത് വയനാട് ഡിഎഫ്ഒ മാർട്ടിൻ ലോയൽ ദിവസങ്ങൾക്ക് മുൻപ് തന്നെ ചീഫ് വൈൽഡ് ലൈഫ് വാർഡന് ഇതു സംബന്ധിച്ച് കത്ത് നൽകിയിരുന്നു. എന്നിട്ടും വനം മന്ത്രിക്കു ചുമതലയുള്ള ജില്ലയിലെ കടുവ പ്രശ്നം പരിഹരിക്കാൻ ഉതകുന്ന ഉത്തരവ് ഇനിയും പുറത്തിറങ്ങിയിട്ടില്ല.

വനപാലകർ സ്ഥാപിച്ച 3 കൂടുകളിലും കടുവ കയറാൻ കൂട്ടാക്കിയിട്ടില്ല. പ്രദേശത്ത് സ്ഥാപിച്ച 30 ക്യാമറകളിലും ഇന്നലെ കടുവയുടെ ദൃശ്യം പതിഞ്ഞിട്ടില്ല. ഇന്നലെയും ആർആർടി സംഘത്തോടൊപ്പം വനപാലകർ പ്രദേശത്ത് പരിശോധന നടത്തി.  പകൽ സമയങ്ങളിൽ കടുവയെ കാണാത്തതും അമ്മയും 2 കുട്ടികളും അടങ്ങുന്ന സംഘം ഒരുമിച്ച് നാട്ടിലിറങ്ങുന്നതും വനപാലകരുടെയും നാട്ടുകാരുടെയും ഉറക്കം കെടുത്തുകയാണ്. വ്യാഴാഴ്ച രാത്രി  വനപാലക സംഘത്തെ നാട്ടുകാർ തടഞ്ഞുവച്ചിരുന്നു. ഇതിൽ വനം ജീവനക്കാരുടെ സംഘടനയും പ്രതിഷേധത്തിലാണ്.  കടുവ നാട്ടിലിറങ്ങി ഭീതി വിതയ്ക്കുമ്പോഴും മയക്കുവെടി വയ്ക്കാനുള്ള ഉത്തരവ് ലഭിക്കാത്തതിനെതിരെ   പ്രതിഷേധം വ്യാപകമാണ്.

നാളെ ബിജെപി പ്രവർത്തകർ ഫോറസ്റ്റ് ഓഫിസിലേക്ക് മാർച്ച് നടത്തും. നാടിനെയാകെ ആശങ്കയുടെ മുൾ‌മുനയിലാക്കി കടുവ വീടിനുള്ളിൽ വരെ കയറുമ്പോഴും വനപാലകർ ഇരുളിൽ തപ്പുകയാണെന്നാണ് നാട്ടുകാരുടെ പരാതി. കടുവ ശല്യത്തിന് ഉടൻ പരിഹാരം കണ്ടില്ലെങ്കിൽ പ്രക്ഷോഭം   ശക്തമാക്കാനും  നാട്ടുകാർ നേരത്തെ തീരുമാനിച്ചിരുന്നു. തിരുനെല്ലി ഫോറസ്റ്റ് സ്റ്റേഷന് മുന്നിൽ സർവകക്ഷി ആക്‌ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനിശ്ചിതകാല രാപകൽ സമരം നടത്താനും  തീരുമാനിച്ചിരുന്നു. അടിയന്തരമായി പ്രശ്നം പരിഹരിക്കുമെന്ന വനം വകുപ്പിന്റെ  ഉറപ്പിനെ തുടർന്ന് സമരം  മാറ്റിവയ്ക്കുകയാണ് ഉണ്ടായത്.

കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com