ADVERTISEMENT

പനമരം∙ നെൽചെടികൾക്കു പുഴുക്കേട് അടക്കമുള്ള രോഗങ്ങൾ വ്യാപകമാകുന്നത് കർഷകരുടെ പ്രതീക്ഷകൾ തകർക്കുന്നു. മഴക്കുറവിനിടെയാണ് പറിച്ചുനട്ട നെല്ലിന് രോഗങ്ങൾ പടരുന്നത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി കാലവർഷത്തിന് ശേഷം നഞ്ച കൃഷിയെ കീടരോഗങ്ങൾ ആക്രമിക്കുന്ന സ്ഥിതിയാണുള്ളത്. അന്തരീക്ഷത്തിൽ ഈർപ്പം കൂടുന്നതാണ് കുമിൾ പോലുള്ള രോഗങ്ങൾ പടരാൻ കാരണം. ഇതിനുപുറമെ പുഴുക്കളുടെ ആക്രമണവും നെൽക്കൃഷിയെ കാര്യമായി ബാധിക്കുന്നുണ്ട്. നടവയൽ വില്ലേജിലെ വനാതിർത്തിയോട് ചേർന്നുള്ള ചണ്ണക്കൊല്ലി പാടശേഖരത്തിൽ പറിച്ചുനട്ട് ദിവസങ്ങൾ കഴിഞ്ഞ നെല്ലിന് പുഴുക്കേട് ബാധിച്ച് കുറ്റിയായി തീർന്ന നിലയിലാണ്.

തുടക്കത്തിലെ ശ്രദ്ധയിൽ പെട്ടതിനാൽ പടർന്നു പിടിക്കുന്നത് തടയാൻ കഴിഞ്ഞിട്ടുണ്ട്. കാലവർഷം അത്രയ്ക്കങ്ങ് കനിയാത്തതിനാൽ പലരും കൃഷി ഉപേക്ഷിച്ചിരുന്നു. എന്നാൽ പ്രതിസന്ധികളെ തരണം ചെയ്ത് പരമ്പരാഗത കർഷകർ അൽപം താമസിച്ചാണെങ്കിലും നഷ്ടം സഹിച്ചും കൃഷിയിറക്കിയിരുന്നു. ഇതിനാണ് ഓലചുരുട്ടി, തണ്ടുതുരപ്പൻ എന്നിവയുടെ ശല്യം ആരംഭിച്ചത്. പുഴുക്കേട് അടക്കമുള്ള രോഗം മൂലം പല പാടശേഖങ്ങളിലും നെൽക്കൃഷി നാശത്തിന്റെ വക്കിലാണ്. കൂടാതെ കുലവാട്ടം, പുള്ളിക്കുത്ത്, പോളചീയൽ, ഓലകരിച്ചിൽ തുടങ്ങിയ രോഗങ്ങളും ചെറിയ തോതിൽ നെൽക്കൃഷിയെ നശിപ്പിക്കുന്നതായി കർഷകർ പറയുന്നു. ബാക്ടീരിയ മൂലമാണ് നെല്ലിന് ഓലകരിച്ചിൽ രോഗം പിടിപെടുന്നത്. ഇലയുടെ അഗ്രഭാഗം മഞ്ഞളിച്ചു തുടങ്ങി 2 വശങ്ങളിലൂടെ താഴേക്ക് വ്യാപിക്കുന്നുതും നെൽച്ചെടികൾ വാടുന്നതും ഈ രോഗത്തിന്റെ ലക്ഷണമാണ്. വനാതിർത്തികളിൽ രോഗങ്ങൾക്ക് പുറമേ വന്യമൃഗശല്യം മൂലവും നെൽക്കൃഷി നാശത്തിന്റെ വക്കിലാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com