ഏഷ്യൻ ഗെയിംസിൽ പൊന്നണിഞ്ഞ് വയനാടും
Mail This Article
മാനന്തവാടി ∙ ഏഷ്യൻ ഗെയിംസ് വനിതാ ക്രിക്കറ്റിൽ ഇന്ത്യൻ ടീം സ്വർണ മെഡൽ നേടിയപ്പോൾ ചോയിമൂല ഗ്രാമവും ആഹ്ലാദത്തിന്റെ നെറുകയിലാണ്. ഫൈനലിൽ കളിക്കാൻ കഴിഞ്ഞില്ലെങ്കിലും ടീമിന്റെ ഭാഗമായതിനാൽ നാട്ടുകാരിയായ മിന്നുമണിക്കും മെഡൽ ലഭിക്കുമെന്നതിലാണ് ജന്മ ഗ്രാമത്തിന്റെ സന്തോഷം. ഇന്നലെ കളി കാണാൻ ബന്ധുക്കളും കൂട്ടുകാരും മിന്നുമണിയുടെ വീട്ടിലെത്തിയിരുന്നു.മകൾ മെഡൽ അണിയുന്ന ദൃശ്യം ടെലിവിഷനിൽ തെളിഞ്ഞപ്പോൾ പിതാവ് മണിയും മാതാവ് വസന്തയും ആനന്ദാശ്രു പൊഴിച്ചു.
കളികഴിഞ്ഞ് ഏറെ കഴിയും മുൻപ് മിന്നുമണി വീട്ടുകാരെ ഫോണിൽ വിളിച്ചു. വിഡിയോ കോളിൽ സ്വർണമെഡൽ വീട്ടുകാരെ കാണിച്ചു. ഫൈനലിൽ കളിക്കാൻ സാധിക്കാത്തതിൽ ചെറിയ നിരാശ ഉണ്ടെങ്കിലും മെഡൽ നേടിയതിൽ വളരെ സന്തോഷമുണ്ടെന്ന് വീട്ടുകാരോട് മിന്നു മണി പറഞ്ഞു.രാജ്യത്തിനു വേണ്ടി സ്വർണ മെഡൽ നേടി ചരിത്രത്തിന്റെ ഭാഗമാകാൻ മകൾക്ക് സാധിച്ചത് വളരെ അഭിമാനമുണ്ടെന്നു പിതാവ് മണി പറഞ്ഞു.