പനമരം കൊറ്റില്ലത്തിൽ അപൂർവയിനം കൊക്കുകൾ ചത്തുവീഴുന്നു, കാരണം ദുരൂഹം
Mail This Article
പനമരം∙ ജില്ലയിലെ പ്രധാന പക്ഷിസങ്കേതമായ പനമരം കൊറ്റില്ലത്തിൽ അപൂർവയിനം കൊക്കുകൾ അടക്കം ചത്തുവീഴുന്നു. ഇരുപതിലധികം ഇനം കൊക്കുകൾ കൂടുകൂട്ടിയ പനമരം വലിയ പുഴയ്ക്കു നടുവിലെ തുരുത്തിലെ കൊറ്റില്ലത്തിൽ നിന്നും പക്ഷികൾ വീണ് ചാവുന്നത് അസ്വാഭാവികമെന്നാണു വിലയിരുത്തൽ. കൊക്കുകളുടെ പ്രജനനകാല താവളം എന്ന നിലയ്ക്ക് ഏറെ പേരുകേട്ട കൊറ്റില്ലത്തിൽ പക്ഷികൾ ചത്തുവീഴുന്നത് ആശങ്കയുളവാക്കുന്നു.
ചെറുമുണ്ടി, അരിവാൾ കൊക്ക് ഇനത്തിൽപെട്ട കൊക്കുകളെയാണ് കൊറ്റില്ലത്തിലും സമീപത്തെ പുഴയോരത്തും മുളയിലും മറ്റുമായി ചത്ത നിലയിൽ നാട്ടുകാർ കണ്ടെത്തിയത്. ചത്ത കൊക്കുകളിൽ പലതിനും ദിവസങ്ങൾ പഴക്കമുള്ളതായും പറയുന്നു. ഇതുകൊണ്ടുതന്നെ പ്രദേശത്ത് അസഹ്യമായ ദുർഗന്ധവുമുണ്ട്. ഇന്നലെ കൊറ്റില്ലത്തിനു സമീപത്തെ പുഴയിൽ വെള്ളം കുടിക്കാനായി ഇറങ്ങിയ കൊക്കുകളിൽ പലതിനും തിരിച്ചു പറക്കാൻ കഴിയാതെ തളർന്നു വീഴുന്ന അവസ്ഥയുണ്ട്. കൊറ്റില്ലത്തിനുള്ളിലെ മുളകളിൽ നിന്നും ചത്തുവീണ കൊക്കുകളിൽ പലതും മുളങ്കൂട്ടത്തിനുള്ളിൽ തടഞ്ഞു നിൽക്കുന്നുണ്ട്.
ലക്ഷണം കണ്ടിട്ട് കൂടുതൽ കൊക്കുകൾ ചത്തു വീഴുമെന്ന സ്ഥിതിയിൽ തൂങ്ങി നിൽക്കുന്നുണ്ട്. സംഭവമറിഞ്ഞ് വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തി പുഴയോരത്ത് ചത്തനിലയിൽ കണ്ടെത്തിയ കൊറ്റികളിൽ ഒന്നിനെ കൽപറ്റ ജില്ലാ വെറ്ററിനറി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണകാരണം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇന്നലെ ഉച്ചയ്ക്ക് ശേഷം മൃഗസംരക്ഷണ വകുപ്പധികൃതരും സ്ഥലത്ത് എത്തിയിരുന്നു. ഇന്ന് വനംവകുപ്പിന്റെയും മൃഗസംരക്ഷണവകുപ്പിന്റെയും നേതൃത്വത്തിൽ കൊറ്റില്ലത്തിലെത്തി കൂടുതൽ പരിശോധന നടത്താനാണ് തീരുമാനം.
കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local