പിഎഫ്ഐ നേതാവിന്റെ വീട്ടിൽ ഇ.ഡി സംഘത്തിന്റെ പരിശോധന
Mail This Article
മാനന്തവാടി ∙ നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ) യുടെ സംസ്ഥാന കൗൺസിൽ അംഗമായിരുന്ന ചെറ്റപ്പാലം പൂഴിത്തറ അബ്ദുൽ സമദിന്റെ വീട്ടിൽ ഡയറക്ടർ ഓഫ് എൻഫോഴ്സ്മെന്റ് ( ഇ.ഡി ) സംഘം പരിശോധന നടത്തി.
ബെംഗളൂരു യൂണിറ്റിൽ നിന്നുള്ള 6 ഉദ്യോഗസ്ഥരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. വീടിന് പുറത്ത് വിജയവാഡയിൽ നിന്നുള്ള സായുധ സിആർപിഎഫ് സേനയും, എആർ ക്യാംപിൽ നിന്നുള്ള പൊലീസും സുരക്ഷ ഒരുക്കാൻ എത്തിയിരുന്നു. പരിശോധന സംബന്ധിച്ച വിശദാംശങ്ങൾ ലോക്കൽ പൊലീസിനു ലഭിച്ചിരുന്നില്ല. രാവിലെ 7ന് തുടങ്ങിയ പരിശോധന വൈകിട്ട് 4 വരെ നീണ്ടു.
കർണാടക കേന്ദ്രീകരിച്ച് ബിസിനസ് നടത്തുന്ന വ്യക്തിയാണ് സമദ്. സംസ്ഥാന വ്യാപകമായി പിഎഫ്ഐ നേതാക്കളുടെ വീടുകളിൽ നടത്തുന്ന പരിശോധനയുടെ ഭാഗമാണ് ഇന്നലത്തെ പരിശോധന. മുൻപ് പിഎഫ്ഐ നേതാക്കളുടെ സ്വത്ത് വകകൾ കണ്ടു കെട്ടിയപ്പോൾ അബ്ദുൽ സമദിന്റെ സ്വത്ത് കണ്ടു കെട്ടാനുള്ള നടപടികൾ സ്വീകരിച്ചിരുന്നു. ഇതിന്റെ ഭാഗമായി അന്ന് റവന്യു അധികൃതർ വീടും സ്ഥലവും അളന്നു തിട്ടപ്പെടുത്തിയിരുന്നു. ബാങ്ക് ഇടപാടുകളും പരിശോധിച്ചു.