നാടൻ ഭക്ഷ്യ വിളകളുടെ പ്രദർശന തോട്ടം തുടങ്ങി

Mail This Article
അമ്പലവയൽ ∙ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയുടെയും കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ 'ശ്രീ' പദ്ധതിയുടെയും നേതൃത്വത്തിൽ നെല്ലാറച്ചാലിൽ നാടൻ ഭക്ഷ്യ വിളകളുടെ സംരക്ഷണ-പ്രദർശന തോട്ടവും നഴ്സറിയും ആരംഭിച്ചു. ആർജിസിബി ഡയറക്ടർ പ്രഫ. ചന്ദ്രഭാസ് നാരായണ ഉദ്ഘാടനം ചെയ്തു.
അന്യം നിന്നു കൊണ്ടിരിക്കുന്ന പരമ്പരാഗത കിഴങ്ങ് വർഗങ്ങൾ, ഫലവർഗങ്ങൾ, മറ്റു വിളയിനങ്ങൾ തുടങ്ങിയവ സംരക്ഷിക്കുന്നതിനും അവ പൊതുസമൂഹത്തിനു ലഭ്യമാകണമെന്ന ലക്ഷ്യത്തോടെയുമാണ് പദ്ധതി ആരംഭിച്ചത്. നെല്ലാറ പട്ടിക വർഗ കർഷക സംഘത്തിന്റെ പങ്കാളിത്തത്തോടെ തയാറാക്കിയ നെല്ലാറ നാടൻ ഭക്ഷ്യവിള നഴ്സറിയിൽ വിവിധയിനത്തിൽപെട്ട 23 ലധികം കാച്ചിലുകൾ, കാട്ടു കിഴങ്ങുകൾ, വിവിധ ഇനത്തിൽപ്പെട്ട ചേമ്പ്, വാഴ, മഞ്ഞൾ, മരച്ചീനി, നാടൻ ഫലവർഗങ്ങൾ എന്നിവയുണ്ട്. ഓരോ ഇനത്തിന്റെയും പ്രാദേശിക നാമവും ശാസ്ത്രീയനാമവും രേഖപ്പെടുത്തിയിട്ടുണ്ട്.
ജില്ലാ കൃഷി ഓഫിസർ കെ. മമ്മൂട്ടി, അമ്പലവയൽ കൃഷി ഓഫിസർ ലിഞ്ജു തോമസ്, കൃഷി വിജ്ഞാൻ കേന്ദ്ര ഡെപ്യുട്ടി ഡയറക്ടർ അരുൾ അരസൻ, അനു അൽഫോൻസ, ആർജിസിബി സയിന്റിസ്റ്റുമാരായ ഡോ. പി. മനോജ്, ഡോ. എൻ.പി അനീഷ്, ആർജിസിബി പ്രവർത്തകർ, മേപ്പാടി ഗവ. എച്ച്എസ്എസ് വിദ്യാർഥികൾ, അധ്യാപകർ, നെല്ലാറ പട്ടികവർഗ കർഷക സംഘത്തിലെ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.