ADVERTISEMENT

മാനന്തവാടി ∙ ഒന്നര മാസത്തിലേറെയായി പനവല്ലിയെ ഭീതിയിലാക്കിയ കടുവയെ മയക്കുവെടി വച്ച് പിടികൂടാനുള്ള ദൗത്യവുമായി വനപാലകർ. കടുവയെ  പിടികൂടാനുള്ള ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ ഉത്തരവിന്റെ പശ്ചാത്തലത്തിൽ മയക്കുവെടി വിദഗ്ധർ സ്ഥലത്തെത്തി.ഇന്നലെ പനവല്ലി കാപ്പിക്കണ്ടി ഭാഗത്ത് കണ്ട കാൽപാടുകൾ കേന്ദ്രീകരിച്ച് തിരച്ചിൽ നടത്തിയെങ്കിലും  കടുവയെ കണ്ടെത്താനായില്ല.  ഇന്ന് ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ച്  കടുവയുടെ സാന്നിധ്യം കണ്ടെത്തി തിരച്ചിൽ തുടരാനുള്ള ശ്രമത്തിലാണ് വിദഗ്ധസംഘം. 

വിജിലൻസ് വിഭാഗം ഫോറസ്റ്റ് കൺസർവേറ്റർ നരേന്ദ്ര ബാബു, നോർത്ത് വയനാട് ഡിഎഫ്ഒ മാർട്ടിൻ ലോവൽ, സൗത്ത് വയനാട് ഡിഎഫ്ഒ എ. ഷജ്ന എന്നിവരുടെ നേതൃത്വത്തിലാണ് തിരച്ചിൽ നടത്തിയത്. കടുവയുടെ സാന്നിധ്യം ഉണ്ടാകാറുള്ള കോട്ടയ്ക്കൽ എസ്റ്റേറ്റ്, കപ്പിക്കണ്ടി, റസൽ കുന്ന് പ്രദേശങ്ങളിലാണ് മുഖ്യമായും തിരച്ചിൽ നടത്തിയത്.  ജനവാസ കേന്ദ്രങ്ങളോടു ചേർന്ന വനാതിർത്തിയിലും റേഞ്ച് ഓഫിസർമാരായ കെ. രാഗേഷ്,  അബ്ദുൽ സമദ്,  രമ്യ രാഘവൻ എന്നിവരടക്കം  60 പേരോളം വരുന്ന സംഘം 2 ടീമുകളായി തിരിഞ്ഞ് തിരച്ചിൽ നടത്തി. 

കടുവയെ പിടികൂടാനായി  പ്രദേശത്ത് 3 കൂടുകൾ സ്ഥാപിച്ചിട്ട് 2 ആഴ്ചയായി. പലവട്ടം നാടിളക്കി  തിരച്ചിൽ നടത്തിയെങ്കിലും കടുവയെ കണ്ടെത്താൻ വനപാലകർക്ക് സാധിച്ചിരുന്നില്ല.  കടുവകളെ നിരീക്ഷിക്കാനായി പ്രദേശത്ത് 30 ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്.  ഒരു അമ്മയും 2 കുട്ടികളും അടങ്ങുന്ന 3 കടുവകളും  മുൻപ്  പനവല്ലി ആദണ്ഡയിൽ കൂട്ടിൽ അകപ്പെട്ട ശേഷം ഉൾക്കാട്ടിൽ തുറന്നു വിട്ട  കടുവയുമാണ് പനവല്ലിയിൽ നാട്ടിലിറങ്ങുന്നത്.

കഴിഞ്ഞ ജൂണിലാണ് പനവല്ലി ആദണ്ടയിലെ കാപ്പിത്തോട്ടത്തിൽ നിന്ന് കടുവയെ കൂടുവച്ച് പിടികൂടിയത്.  പിന്നീട് ഓഗസ്റ്റ് 11ന്  പനവല്ലിയിൽ വീണ്ടും  കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. തെങ്ങുമുണ്ടത്തിൽ സന്തോഷിന്റെ പശുക്കിടാവിനെ  കൊന്ന കടുവയുടെ ദൃശ്യം  തൊഴുത്തിനു  സമീപം വച്ച ക്യാമറയിൽ പതിഞ്ഞിരുന്നു.

ഇതിനകം പ്രദേശത്തെ അര ഡസനിലേറെ വളർത്തു മൃഗങ്ങളെ കടുവ കൊന്നു.  പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുംവരെ അപ്പപ്പാറയിലെ തിരുനെല്ലി ഫോറസ്റ്റ് സ്റ്റേഷനു മുന്നിൽ രാപകൽ സമരം  നടത്താൻ നാട്ടുകാർ  തീരുമാനിച്ചിരുന്നു. കടുവയെ മയക്കുവെടി വയ്ക്കാൻ തീരുമാനിച്ചതോടെയാണ് സമരം നീട്ടിവച്ചത്. വലിയ  പ്രതിഷേധങ്ങൾക്ക് ഒടുവിലാണ്  പനവല്ലിയിലെ കടുവയെ മയക്കുവെടിവയ്ക്കാൻ  ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഡി. ജയപ്രസാദ് ഉത്തരവിറക്കിയത്.     

കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local                                                                                                                                                          

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com