ദേശാടനപ്പക്ഷികൾ ചത്തുവീഴൽ: സാംപിളുകൾ ശേഖരിച്ചു

Mail This Article
പനമരം∙ ദേശാടനപ്പക്ഷികൾ അടക്കം കൂട്ടത്തോടെ ചത്തുവീഴുന്ന പനമരം കൊറ്റില്ലത്തിലെത്തിയ വെറ്ററിനറി സംഘം പക്ഷികളുടെ സാംപിളുകൾ ശേഖരിച്ചു. ജില്ലാ ചീഫ് വെറ്ററിനറി ഓഫിസർ ഡോ. കെ. ജയരാജ്, ജില്ലാ ക്ലിനിക്കൽ ലാബ് ഡോ. കൃഷ്ണാനന്ദ്, പനമരം വെറ്ററിനറി ഡോ. മുസ്തഫ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സാംപിളുകൾ ശേഖരിച്ചത്. ഇത് പരിശോധനയ്ക്കായി ഭോപാൽ വൈറോളജി ലാബിലേക്ക് അയച്ചു.
ലാബിൽ നിന്ന് റിപ്പോർട്ട് ലഭിച്ചാലേ പക്ഷികൾ കൂട്ടത്തോടെ ചാകുന്നത് എന്തുകൊണ്ടാണെന്ന് അറിയാൻ കഴിയുകയുള്ളൂ. കൃഷിയിടങ്ങളിൽ കീടനാശിനിയുടെ അമിതപ്രയോഗം മൂലം ചിലപ്പോൾ പക്ഷികൾ ചാകാൻ കാരണമാകുമെങ്കിലും ദിവസം കഴിയുന്തോറും കൂടുതൽ പക്ഷികൾ ചത്തൊടുങ്ങുന്നത് ആശങ്കയിലാക്കിയിട്ടുണ്ട്. എന്നാൽ ആശങ്കപ്പെടേണ്ടതില്ലെങ്കിലും പരിശോധന ഫലം വരുന്നതുവരെ ജാഗ്രത പാലിക്കണമെന്നും വെറ്ററിനറി സംഘം നിർദേശിച്ചു.
കൊക്കുകളുടെ പ്രജനനകാല താവളമായ പനമരം കൊറ്റില്ലത്തിൽ മുൻ വർഷങ്ങളിലും ദേശാടനപ്പക്ഷികൾ ചാകുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെങ്കിലും ഇത്രയധികം പക്ഷികൾ കൂട്ടത്തോടെ ചത്തുവീഴുന്നത് ആദ്യമായാണെന്ന് നാട്ടുകാർ പറയുന്നു. കഴിഞ്ഞ ദിവസമാണ് വെളളം കുടിക്കാൻ പുഴയിലിറങ്ങുന്ന കൊക്കുകൾ അടക്കം ചത്തുവീഴുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്.