ADVERTISEMENT

കൽപറ്റ ∙ ഹയർ സെക്കൻഡറി ഒന്നും രണ്ടും വർഷ പൊതുപരീക്ഷയുടെ മൂല്യനിർണയ പ്രതിഫലം  6 മാസം കഴിഞ്ഞിട്ടും അനുവദിക്കാത്തതിൽ അധ്യാപകർ സമരത്തിനിറങ്ങുന്നു. പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ച് മാസങ്ങൾ പിന്നിടുമ്പോഴും 2023 ഏപ്രിലിൽ നടന്ന ഹയർ സെക്കൻഡറി പരീക്ഷകളുടെ മൂല്യനിർണയത്തിന്റെ പ്രതിഫലമാണ് ഇപ്പോഴും തടഞ്ഞുവച്ചിരിക്കുന്നത്. ഒന്നാംവർഷ പരീക്ഷാഫലം മെച്ചപ്പെടുത്താനുള്ള ഇംപ്രൂവ്മെന്റ് പരീക്ഷയുടെ മുഴുവൻ ഫീസും സ്വീകരിച്ച് ഒക്ടോബർ 9ന് പരീക്ഷ ആരംഭിക്കാൻ ഇരിക്കെ മാസങ്ങൾക്ക് മുൻപ് നടന്ന മൂല്യനിർണയ ജോലിയുടെ പ്രതിഫലം ലഭ്യമാക്കിയില്ലെന്നാണ് ഫെഡറേഷൻ ഓഫ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ യോഗം ആരോപിക്കുന്നത്. 

സംസ്ഥാനത്ത് ഉടനീളം 80 ക്യാംപുകളിലായി നടന്ന ഹയർ സെക്കൻഡറി കേന്ദ്രീകൃത മൂല്യനിർണയത്തിന്റെ പ്രതിഫലം നൽകുന്നതിനു ഏതാണ്ട് ചെലവു വരുന്ന 30.4 കോടി രൂപയുടെ സ്ഥാനത്ത് 8.9 കോടി രൂപ മാത്രമാണ്  അനുവദിച്ചത്. അതിനാൽ 25% അധ്യാപകർക്ക് മാത്രമാണ് പ്രതിഫലം ലഭ്യമായത്. അതേ സമയം ഹയർ സെക്കൻഡറി മൂല്യനിർണയത്തോടൊപ്പം നടന്ന എസ്എസ്എൽസി പരീക്ഷാ മൂല്യനിർണയത്തിന്റെ മുഴുവൻ പ്രതിഫലവും അധ്യാപകർക്ക് വിതരണം ചെയ്തതായും അസോസിയേഷൻ ഭാരവാഹികൾ പറയുന്നു.അന്യായമായ കാലതാമസം ഹയർ സെക്കൻഡറി മേഖലയോടുള്ള അവഗണനയാണെന്ന് അധ്യാപക സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. 

പരീക്ഷാ ജോലിയുമായി ബന്ധപ്പെട്ട് പിരിച്ചെടുക്കുന്ന ഫീസ് വക മാറ്റുന്നതിന്റെ ഭാഗമായാണ് പ്രതിഫലം നൽകാനാവാത്ത സാഹചര്യം സംജാതമാകുന്നത്. ഒക്ടോബർ 9ന് ഹയർ സെക്കൻഡറി ഒന്നാം വർഷ ഇംപ്രൂവ്മെന്റ് പരീക്ഷ  ആരംഭിക്കാനിരിക്കുകയാണ്. ഈ പരീക്ഷയ്ക്കു മുൻപ് കുടിശികയുള്ള പ്രതിഫല തുക അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് 29നു സംഘടന കലക്ടറേറ്റിനു മുന്നിൽ പ്രക്ഷോഭ സംഗമം സംഘടിപ്പിക്കും. യോഗത്തിൽ ജില്ലാ ചെയർമാൻ കെ.ആർ.ബിനീഷ്, കൺവീനർ റോണി ജേക്കബ്, പി.എ.ജലീൽ, കെ.ദിനേശ് കുമാർ, സിജോ.കെ.പൗലോസ്, വി.ജി.വിശ്വേഷ് എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT