കടുവയ്ക്കു പിറകെ കാട്ടാനയും; വഴിമുട്ടി തിരുനെല്ലിക്കാർ

Mail This Article
മാനന്തവാടി ∙ കടുവയ്ക്കു പിറകെ കാട്ടാനയും നാട്ടിലിറങ്ങി നാശം വിതയ്ക്കുന്നതോടെ തിരുനെല്ലി പഞ്ചായത്തിലുള്ളവരുടെ ജീവിതം വഴിമുട്ടുന്നു. 2 മാസത്തോളമായി തുടരുന്ന പനവല്ലിയിലെ കടുവ ശല്യം പരിഹാരം കാണാതെ തുടരുന്നതിനിടയിലാണ് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ കാട്ടാന ശല്യം രൂക്ഷമായത്. വനപാലകരും കർഷകരും രാവും പകലും ശക്തമായ കാവലേർപ്പെടുത്തിയിട്ടും വനാതിർത്തികളിലെ പ്രതിരോധ മാർഗങ്ങൾ ശക്തമാക്കിയിട്ടും കൃഷിയിടത്തിലിറങ്ങി വന്യമൃഗങ്ങൾ നാശം വിതയ്ക്കുന്നത് പതിവാകുകയാണ്.
തിങ്കളാഴ്ച രാത്രി ആദണ്ട വയലിൽ ഇറങ്ങിയ കാട്ടാന അരയേക്കർ സ്ഥലത്തെ നെൽക്കൃഷി നശിപ്പിച്ചു.കഴിഞ്ഞദിവസം വനംവകുപ്പ് നവീകരിച്ച ഇലക്ട്രിക് ഫെൻസിങ് തകർത്താണ് കാട്ടാന നെൽക്കൃഷി നശിപ്പിച്ചത്. ഞാറ് പറിച്ചു നട്ട് ഒരു മാസത്തിനു ശേഷം 3–ാം തവണയാണ് പാറയ്ക്കൽ സുഭദ്രയുടെ കൃഷി ആന നശിപ്പിക്കുന്നത്. കുടുംബശ്രീയിൽ നിന്നും സഹകരണ ബാങ്കിൽ നിന്നും വായ്പ എടുത്താണ് സുഭദ്ര ഒരേക്കർ സ്ഥലത്ത് കൃഷിയിറക്കിയത്.
വന്യമൃഗങ്ങൾ കൃഷിയിടത്തിൽ ഇറങ്ങി നാശം വിതയ്ക്കുന്നതിൽ ഒ.ആർ. കേളു എംഎൽഎയുടെ അധ്യക്ഷതയിൽ പനവല്ലി സ്കൂളിൽ ചേർന്ന സർവകക്ഷി യോഗത്തിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. കർണാടക അതിർത്തി ഗ്രാമമായ തോൽപെട്ടിയിൽ ഫോറസ്റ്റ് ഓഫിസിന് സമീപത്തുള്ള രാധാകൃഷ്ണന്റെ കൃഷിയിടത്തിലും കഴിഞ്ഞ ദിവസം കാട്ടാന നാശം വിതച്ചു. കമുക്, കാപ്പി, തെങ്ങ് എന്നിവ നശിപ്പിച്ചു. പശുക്കൾക്ക് നൽകാനായി സൂക്ഷിച്ചിരുന്ന വൈക്കോലും കാട്ടാന നശിപ്പിച്ചു. മാൻ, മയിൽ, പന്നി, കുരങ്ങ്, കാട്ടുപോത്ത് എന്നിവയും സ്ഥിരമായി കൃഷി നശിപ്പിക്കുന്നുണ്ട്.