പനവല്ലിയിലെ കടുവ ബത്തേരി വന്യമൃഗ പരിപാലന കേന്ദ്രത്തിൽ

Mail This Article
മാനന്തവാടി ∙ തിരുനെല്ലി പഞ്ചായത്തിലെ പനവല്ലിയിൽ കൂട്ടിലകപ്പെട്ട കടുവയെ ബത്തേരി വന്യമൃഗ പരിപാലന കേന്ദ്രത്തിൽ എത്തിച്ചു. 10 വയസ്സുള്ള പെൺകടുവയെ മൃഗ ഡോക്ടർമാർ പരിശോധിച്ചു. കടുവയുടെ വലതു കണ്ണിനു കാഴ്ചക്കുറവുണ്ട്. പല്ലുകൾ കൊഴിഞ്ഞ കടുവയുടെ ഇടതു കൈയുടെ മുകൾ ഭാഗത്ത് ചെറിയ മുറിവുമുണ്ട്. അതുകൊണ്ട് തന്നെ കടുവയെ വീണ്ടും വനത്തിൽ തുറന്നു വിടാനുള്ള സാധ്യത കുറവാണ്. കടുവയെ പിടികൂടുന്നതുമായി ബന്ധപ്പെട്ട് രൂപീകരിച്ച വിദഗ്ധ കമ്മിറ്റിയുടെ റിപ്പോർട്ട് ലഭിച്ച ശേഷമായിരിക്കും അന്തിമ തീരുമാനം.
പനവല്ലിയിൽ നിന്ന് ജൂൺ 23 നു രാത്രി കൂടുവച്ചു പിടികൂടി പിറ്റേന്ന് പുലർച്ചയോടെ ഉൾവനത്തിൽ വിട്ടയച്ച 'എൻ ഡബ്ല്യു- 5' എന്നു നാമകരണം ചെയ്ത കടുവ തന്നെയാണ് വീണ്ടും കൂട്ടിൽ അകപ്പെട്ടതെന്നു വനപാലകർ സ്ഥിരീകരിച്ചു.വനംവകുപ്പ് നടത്തിയ കടുവ സെൻസസിൽ ഈ കടുവയുടെ സാന്നിധ്യം തിരുനെല്ലി വനത്തിൽ സ്ഥിരീകരിച്ചിരുന്നു.
മുൻപ് കൂട്ടിൽ അകപ്പെട്ട സ്ഥലത്ത് നിന്നും ഏതാനും മീറ്ററുകൾ മാത്രം അകലെ സ്ഥാപിച്ച കൂട്ടിലാണ് ചൊവ്വാഴ്ച രാത്രി 8.15നു കടുവ കുടുങ്ങിയത്. വനത്തിൽ ചത്ത നിലയിൽ കണ്ടെത്തിയ മാനിനെയാണ് ഇരയായി കൂട്ടിൽ കെട്ടിയിരുന്നത്. കടുവയെ വനത്തിൽ തുറന്നു വിടരുതെന്നും ബത്തേരിയിലെ മൃഗപരിപാലന കേന്ദ്രത്തിലേക്ക് മാറ്റണമെന്നും ആവശ്യപ്പെട്ട് നാട്ടുകാർ വൻ പ്രതിഷേധമാണ് ഉയർത്തിയത്.
പഞ്ചായത്ത് പ്രസിഡന്റ് പി.വി. ബാലചന്ദ്രൻ, ഡിഎഫ്ഒമാരായ മാർട്ടിൻ ലോവൽ, എ. ഷജന എന്നിവരുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ അനുകൂല നിലപാട് ഉണ്ടായതോടെയാണ് നാട്ടുകാർ കടുവയെ കയറ്റിയ വാഹനത്തെ പോകാൻ അനുവദിച്ചത്. കടുവയെ വനത്തിൽ തുറന്നു വിടില്ലെന്ന് ഉറപ്പ് വരുത്തുന്നതിനായി 2 വാഹനങ്ങളിലായി നാട്ടുകാരും അനുഗമിച്ചു.
ഒരു കടുവ കൂട്ടിലകപ്പെട്ടെങ്കിലും ഒന്നിലേറെ കടുവകൾ നാട്ടിലിറങ്ങിയതാനാൽ പനല്ലി ഗ്രാമം കടുവ പ്പേടിയിൽ നിന്ന് മുക്തമായിട്ടില്ല. കടുവയ്ക്കായി സ്ഥാപിച്ച 2 കൂടുകൾ പ്രദേശത്ത് നിന്ന് ഇനിയും മാറ്റിയിട്ടുമില്ല.