പക്ഷികൾ ചത്തുവീഴൽ: കൊറ്റില്ലത്തിൽ മെഡിക്കൽ സംഘം പരിശോധന നടത്തി

Mail This Article
പനമരം∙ ദേശാടനപ്പക്ഷികൾ ചത്തുവീഴുന്ന കൊറ്റില്ലത്തിൽ പനമരം കമ്യൂണിറ്റി ഹെൽത്ത് സെന്ററിലെ മെഡിക്കൽ ഓഫിസർ ഡോ. പി.വി.വത്സലയുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. കഴിഞ്ഞ ദിവസം ജില്ലാ ചീഫ് വെറ്ററിനറി ഓഫിസർ ഡോ.കെ. ജയരാജിന്റെ നേതൃത്വത്തിലുള്ള സംഘം ശേഖരിച്ച സാംപിളുകൾ പരിശോധനയ്ക്കായി ഭോപാൽ വൈറോളജി ലാബിലേക്ക് അയച്ചു. ഇന്നലെയും കൊറ്റില്ലത്തിൽ കൊറ്റി ക്കുഞ്ഞുങ്ങൾ അടക്കം ചത്തുവീഴുന്നതായി നാട്ടുകാർ പറഞ്ഞു.
പാടശേഖരങ്ങളിലെ അമിത കീടനാശിനി പ്രയോഗമാകാം കാരണമെന്നാണ് പറയപ്പെടുന്നത്. കീടനാശിനി പ്രയോഗം മൂലം ചത്തുവീഴുന്ന പുഴുക്കളെ തള്ളപ്പക്ഷികൾ കുഞ്ഞുങ്ങൾക്ക് കൊടുക്കുന്നതാകും പറക്കമുറ്റാത്ത കൊറ്റി കുഞ്ഞുങ്ങൾ ചാകുന്നതിനു കാരണമെന്നും പറയപ്പെടുന്നു. എന്നാൽ 2 ദിവസം കഴിഞ്ഞാലേ ദേശാടനപ്പക്ഷികൾ കൂട്ടത്തോടെ ചത്തുവീഴുന്നതിന്റെ യഥാർഥ കാരണം അറിയുകയുള്ളൂ.