‘അമൃത് കലശ് യാത്ര’ സംഘടിപ്പിച്ചു

Mail This Article
കൽപറ്റ ∙ ആസാദി കാ അമൃത് മഹോത്സവ് മേരി മാട്ടി മേരാ ദേശ് ക്യാംപെയ്നിന്റെ ഭാഗമായി ലീഡ് ബാങ്കിന്റെ നേതൃത്വത്തിൽ നെഹ്റു യുവ കേന്ദ്ര വയനാട്, എൻസിസി യൂണിറ്റ്, കൽപറ്റ എൻഎംഎസ്എം ഗവ.കോളജ്, പൂക്കോട് ജവഹർ നവോദയ വിദ്യാലയം എന്നിവരുടെ സഹകരണത്തോടെ ലക്കിടിയിൽ ‘അമൃത് കലശ് യാത്ര’ സംഘടിപ്പിച്ചു.
പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സിആർപിഎഫ് ജവാൻ വി.വി. വസന്തകുമാറിന്റെ വീട്ടിൽ നിന്നു മണ്ണു ശേഖരിച്ചാണു യാത്ര തുടങ്ങിയത്. വസന്തകുമാറിന്റെ അമ്മ ശാന്തയെ ചടങ്ങിൽ ആദരിച്ചു. വൈത്തിരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷ ജ്യോതിദാസ് ഉദ്ഘാടനം ചെയ്തു. ലീഡ് ബാങ്ക് മാനേജർ ബിപിൻ മോഹൻ, നെഹ്റു യുവ കേന്ദ്ര ജില്ലാ യൂത്ത് ഓഫിസർ ഡി. ഉണ്ണിക്കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
രാജ്യവ്യാപകമായി നടക്കുന്ന ക്യാംപെയ്നിന്റെ ഭാഗമായി രാജ്യത്തെ എല്ലാ ഗ്രാമങ്ങളിൽ നിന്നും മണ്ണു ശേഖരിച്ച് ഒക്ടോബർ അവസാനം ഡൽഹിയിലെത്തിച്ച് നാഷനൽ വാർ മെമ്മോറിയലിന് സമീപം അമൃത ഉദ്യാനം നിർമിക്കും. ഒക്ടോബർ മാസത്തിൽ ബ്ലോക്ക്തല ക്യാംപെയ്ൻ നടക്കും. തുടർന്നു രാജ്യത്തെ 7500 ബ്ലോക്കുകളിൽ നിന്നു മണ്ണുമായി നെഹ്റു യുവകേന്ദ്ര വൊളന്റിയർമാർ ദേശീയ തലത്തിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കും.