ADVERTISEMENT

വടുവൻചാൽ ∙ വന്യമൃഗ ശല്യത്തിൽ പൊറുതിമുട്ടി പ്രദേശവാസികൾ. ചെല്ലങ്കോട്, ചോലാടി, ചിത്രഗിരി, നീലിമല, ശേഖരൻ കുണ്ട്, വെള്ളേരിവയൽ, വട്ടച്ചോല തുടങ്ങിയ പ്രദേശങ്ങളിലാണു വന്യമൃഗശല്യം ദിനംപ്രതി രൂക്ഷമാകുന്നത്. കുറഞ്ഞ കാലയളവിനുള്ളിൽ പ്രദേശത്തെ ഒട്ടേറെ വളർത്തു മൃഗങ്ങളെ കൊന്നൊടുക്കിയ പുലിയെ പിടികൂടണമെന്നാണു നാട്ടുകാരുടെ ആവശ്യം.

ഈ കഴിഞ്ഞ ദിവസവും കർഷകന്റെ ആടിനെ പുലി കെ‍ാന്നിരുന്നു. പുലിയുടെ ആക്രമണം ഉണ്ടായാലും വനംവകുപ്പ് ഉദ്യോഗസ്ഥർ വന്നു നോക്കുന്നതല്ലാതെ പിടികൂടുന്നതടക്കമുള്ള നടപടികൾ ഉണ്ടാകുന്നില്ലെന്നാണ് ആക്ഷേപം. നാമമാത്രമായ തുകയാണു കർഷകർക്ക് നഷ്ടപരിഹാരം ലഭിക്കുന്നത്. അതും ഏറെക്കാലം കഴി‍‌ഞ്ഞാണു ലഭിക്കുന്നത്.

പ്രശ്നത്തിനു പരിഹാരം ആവശ്യപ്പെട്ട് മൂപ്പൈനാട് പഞ്ചായത്ത് അംഗം ദീപ ശശികുമാർ വനംവകുപ്പ് അധികാരികൾക്കു പലതവണ നിവേദനം നൽകിയിട്ടും നടപടികളെ‍ാന്നു ഇതുവരെ ഉണ്ടായിട്ടില്ല. ചെല്ലങ്കോട് കുട്ടൻ കടവ് മുതൽ മീൻമുട്ടി ശേഖരൻ കുണ്ട് വരെ വേലി നിർമാണത്തിനായി 35 ലക്ഷം അനുവദിക്കുകയും ടെൻഡർ നടപടികൾ പൂർത്തീകരിക്കുകയും ചെയ്തതാണ്. എന്നാൽ പ്രവൃത്തി അനന്തമായി നീളുകയാണ്.

കരാറുകാരെ കൊണ്ടു യഥാസമയം പ്രവൃത്തി ചെയ്യിപ്പിക്കുന്നതിൽ വനംവകുപ്പ് പരാജയപ്പെട്ടെന്നും ആരോപണമുണ്ട്. വന്യമൃഗ ശല്യം കാരണം തോട്ടങ്ങളിൽ തൊഴിലാളികളെ കിട്ടാത്ത അവസ്ഥ വരെ നിലവിലുണ്ട്. വന്യമൃഗശല്യത്തിനു ശാശ്വത പരിഹാരം കാണണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.

പുലിയെ പിടികൂടാൻ നടപടി വേണം

വടുവൻചാൽ ∙ വന്യമൃഗ ശല്യം രൂക്ഷമായ സാഹചര്യത്തിൽ എത്രയും വേഗത്തിൽ വേലിയുടെ പണി പൂർത്തീകരിക്കുകയും, നിരന്തരമായി വളർത്തു മൃഗങ്ങളെ ആക്രമിക്കുന്ന പുലിയെ കൂട് വച്ച് പിടിക്കുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തുകയും ചെയ്തില്ലെങ്കിൽ ശക്തമായ സമരമാരംഭിക്കുമെന്ന് മൂപ്പൈനാട് മണ്ഡലം യൂത്ത്കോൺഗ്രസ് അറിയിച്ചു. മണ്ഡലം പ്രസിഡന്റ് ജിനേഷ് വർഗീസ്, ജിതിൻ ഡിസൂസ, അനീഷ് ദേവസ്യ, കെ. റെജി, ബിജു റിപ്പൺ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com