കേരകർഷകർക്ക് ഭീഷണിയായി വാനരപ്പട, പച്ചക്കറി ചെടികൾ തിന്നു തീർത്ത് മയിലുകളും; നാടു കയ്യേറി മൃഗങ്ങൾ, രക്ഷയില്ലാതെ ജനം

Mail This Article
പനമരം ∙ കാട്ടാനശല്യത്തിനു പുറമേ കുരങ്ങ്, മയിൽ, മാൻ, കാട്ടുപന്നി ശല്യം രൂക്ഷമായതോടെ പ്രതിസന്ധിയിലായി കർഷകർ. പകലന്തിയോളം കർഷകർ അധ്വാനിച്ചുണ്ടാക്കിയ കാർഷിക വിളകളെല്ലാം കൂട്ടത്തോടെയെത്തുന്ന കുരങ്ങ്, കാട്ടുപന്നി, മയിൽ, മാൻ എന്നിവ നശിപ്പിക്കുകയാണ്.
വനാതിർത്തി പ്രദേശത്തു മാത്രമല്ല ഇവയുടെ ശല്യം വനത്തിൽ നിന്നു കിലോമീറ്ററുകൾ അകലെയുള്ള ടൗൺ പ്രദേശങ്ങളിലും കുരങ്ങ്, മയിൽ, മാൻ അടക്കമുള്ളവയെ കൊണ്ടു നാട്ടുകാർ പൊറുതിമുട്ടുകയാണ്.ചിലയിടങ്ങളിൽ കുരങ്ങുശല്യം മൂലം വീടും കൃഷിയും ഉപേക്ഷിച്ചു പോകേണ്ട അവസ്ഥയാണുള്ളത്. കേരകർഷകർക്കാണു വാനരപ്പട ഏറ്റവും കൂടുതൽ നഷ്ടം വരുത്തുന്നത്. പല തെങ്ങിൻതോപ്പുകളിലും കുരങ്ങുകൾ നശിപ്പിച്ച കരിക്കുകളുടെ തൊണ്ടുകൾ കുന്നുകൂടി കിടക്കുകയാണ്.

ഉപദ്രവകാരികളായ കുരങ്ങുകൾ പെറ്റുപെരുകിയതോടെ കൊക്കോ, വാഴ, അടുക്കള മുറ്റത്തെ പച്ചക്കറി എന്നിവ നശിപ്പിക്കുന്നതിനു പുറമേ വീടിന്റെ എയർഹോളിനുള്ളിലൂടെയും മറ്റും കയറി ഭക്ഷണസാധനങ്ങൾ ഉൾപ്പെടെ കണ്ണിൽ കണ്ടതെല്ലാം നശിപ്പിക്കുകയാണ്.മയിലുകൾ പച്ചക്കറി ചെടികൾ തിന്നു തീർക്കുന്നതിന് പുറമേ വയലിലിറങ്ങി നെൽച്ചെടികളും ചവിട്ടി നശിപ്പിക്കുകയാണ്.
പുലർച്ചെയും വൈകിട്ടുമാണ് ഇവയുടെ ശല്യം ഏറെയും. ഇന്ത്യൻ പക്ഷികളുടെ സ്ഥിതിവിവര റിപ്പോർട്ട് പ്രകാരം വയനാട് അടക്കമുള്ള ജില്ലകളിൽ മയിലുകൾ വൻതോതിൽ പെരുകിയെന്ന വാർത്ത ആശങ്കയുളവാക്കുന്നതാണ്. മാനുകൾ ചെറിയ റബർ മരങ്ങളുടെ തൊലി കാർന്നുതിന്നുന്നതും പതിവാണ്. നാട്ടിലേക്കിറങ്ങുന്ന വന്യമൃഗങ്ങളെ നിയന്ത്രിക്കാനുള്ള സർക്കാർ ക്രമീകരണങ്ങൾ മിക്കയിടത്തും പരാജയമാണ്.
വനാതിർത്തിയിലുള്ള പ്രതിരോധ സംവിധാനങ്ങൾ തകർന്നു കിടക്കാൻ തുടങ്ങിയിട്ടു കാലങ്ങളായെങ്കിലും നന്നാക്കാൻ നടപടിയില്ലാത്തതാണു കൃഷിയിടങ്ങളിൽ മാൻ അടക്കമുള്ളവയുടെ ശല്യം വർധിക്കാൻ കാരണം. കൃഷിയിടങ്ങളിൽ ശല്യം ചെയ്യുന്ന കാട്ടുപന്നികളെ വെടി വയ്ക്കാൻ നിയമം വന്നിട്ടും നടപടിയെടുക്കുന്നില്ലെന്നു കർഷകർ ആരോപിക്കുന്നു.