കാപ്പിക്കുന്നിൽ വീണ്ടും കാട്ടാന ശല്യം
Mail This Article
പുൽപള്ളി ∙ ചെറിയ ഇടവേളയ്ക്കുശേഷം കാപ്പിക്കുന്ന് വനാതിർത്തിൽ കാട്ടാനശല്യം രൂക്ഷമായി. കഴിഞ്ഞ ഒരാഴ്ചയായിട്ട് ഈ പ്രദേശത്തെ തോട്ടങ്ങളിൽ ഒറ്റയാൻ മേഞ്ഞുനടക്കുന്നു. കഴിഞ്ഞ ദിവസങ്ങളിൽ കാരക്കാട്ട് ഇലഞ്ഞിക്കൽ തങ്കപ്പൻ നായർ, ദിവാകരൻ നായർ, കെ.എം.മനോജ്, ജയരാജൻ, വേന്നംപുറത്ത് സുകുമാരൻ, കിഴിച്ചിറക്കുന്നേൽ രാധാകൃഷ്ണൻ, വിലങ്ങിയിൽ അജികുമാർ തുടങ്ങിയവരുടെ കാർഷിക വിളകളാണ് ആന നശിപ്പിച്ചത്.
വേലിയമ്പം മുതൽ കോളറാട്ടുകുന്ന് വരെയുള്ള വനാതിർത്തിയിൽ പ്രതിരോധ സംവിധാനങ്ങളൊന്നുമില്ല.ആദായമുള്ള തെങ്ങുകൾ, കാപ്പി, വാഴ, കമുക് എന്നിവയാണു കഴിഞ്ഞ ദിവസങ്ങളിൽ ആന നശിപ്പിച്ചത്. കഴിഞ്ഞ 10 വർഷത്തിനിടെയുണ്ടായ വന്യമൃഗശല്യത്തിന് നഷ്ടപരിഹാരമൊന്നും ലഭിച്ചിട്ടില്ലെന്നു കർഷകർ പറയുന്നു. മറ്റിടങ്ങളിൽ നിർമിച്ചതു പോലുള്ള തൂക്കുവേലി ഇവിടെയും നിർമിക്കണമെന്നു പ്രദേശവാസികൾ ആവശ്യപ്പെട്ടു.