ADVERTISEMENT

മാനന്തവാടി ∙ കർഷകർക്കു പലിശ സബ്സിഡി, കടാശ്വാസം, കൃഷിനാശം തുടങ്ങിയ ഇനത്തിൽ ലഭിക്കേണ്ട കോടിക്കണക്കിന് രൂപ കുടിശികയായിക്കവേ, കടക്കെണിയെ തുടർന്നു കർഷക ആത്മഹത്യ ഉണ്ടായതോടെ വ്യാപക പ്രതിഷേധം. കടക്കെണിയിലായ കർഷകർക്ക് ആശ്വാസമായി 2007ൽ രൂപം കൊണ്ട കാർഷിക കടാശ്വാസ കമ്മിഷൻ തീർപ്പാക്കിയ തുക പോലും കർഷകരുടെ അക്കൗണ്ടിലേക്കു വരവു വച്ച് നൽകിയിട്ടില്ല.

2020 മുതൽ വിധിയായ തുക സർക്കാർ സഹകരണ ബാങ്കുകൾക്കു നൽകാനുണ്ട്. കാർഷിക വായ്പകൾക്കു നൽകി വരുന്ന 4% സബ്സിഡി തുകയും ഏറെ നാളായി കുടിശികയാണ്. ഇൗ ഇനത്തിൽ മാത്രം കോടിക്കണക്കിനു രൂപയാണ് ജില്ലയിലെ സഹകരണ ബാങ്കുകൾക്ക് ലഭിക്കാനുള്ളത്. കുടിശിക ഏറിയതോടെ ബാങ്കുകൾ കർഷകരിൽ നിന്ന് ഇപ്പോൾ പലിശ പൂർണമായും ഇൗടാക്കുകയാണ് ചെയ്യുന്നത്. നബാർഡിൽ നിന്നു പലിശ സബ്സിഡി ലഭിക്കുന്ന മുറയ്ക്ക് തുക കർഷകരുടെ അക്കൗണ്ടിൽ വരവ് വയ്ക്കുമെന്നാണു ബാങ്കുകൾ പറയുന്നത്.

കർഷക ആത്മഹത്യകൾക്കു പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കല്ലോടിയിൽ ബിജെപി പ്രവർത്തകർ നടത്തിയ പ്രകടനം.
കർഷക ആത്മഹത്യകൾക്കു പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കല്ലോടിയിൽ ബിജെപി പ്രവർത്തകർ നടത്തിയ പ്രകടനം.

കാലവർഷത്തിലും മറ്റും കൃഷി നശിച്ച ഇനത്തിലും വന്യമൃഗങ്ങൾ കൃഷി നശിപ്പിച്ച ഇനത്തിലും കർഷകർക്കു ലഭിക്കേണ്ട തുകയും കുടിശികയാണ്.കടബാധ്യതയെ തുടർന്നു ജീവനൊടുക്കിയ തോമസിന്റെ കുടുംബത്തിന് അടിയന്തര നഷ്ടപരിഹാരം കൈമാറുക, വായ്പ ബാധ്യത സർക്കാർ ഏറ്റെടുക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയ.ിച്ച് നാട്ടുകാർ ഇന്നലെ മോർച്ചറിക്കു മുന്നിൽ പ്രതിഷേധം ഉയർത്തി. 

സംഘർഷ സാധ്യത കണക്കിലെടുത്ത് മാനന്തവാടി സ്റ്റേഷൻ ഹൗസ് ഓഫിസർ എം.എം. അബ്ദുൽ കരീം, എസ്ഐ കെ.കെ. സ്നോബിൻ എന്നിവരുടെ നേതൃത്വത്തിൽ പൊലീസും സ്ഥലത്തെത്തി. അധികൃതർ ഇക്കാര്യത്തിൽ ഉറപ്പു നൽകിയാലേ മൃതദേഹം ഏറ്റെടുക്കൂ എന്നു നാട്ടുകാർ വ്യക്തമാക്കി. തുടർന്ന് തഹസിൽദാർ എം.ജെ. അഗസ്റ്റിൻ സ്ഥലത്തെത്തി നേതാക്കളുമായി ചർച്ച നടത്തി. 

എടവക പഞ്ചായത്ത് പ്രസിഡന്റ് എച്ച്.ബി. പ്രദീപ് കലക്ടറുമായി ഫോണിൽ സംസാരിച്ചു. മരണാനന്തര ചടങ്ങുകൾക്കായി 10,000 രൂപ ഉടൻ കൈമാറുമെന്നും കാർഷിക കടബാധ്യതകളാണ് ആത്മഹത്യക്കു കാരണമെന്നത് അടക്കമുള്ള കാര്യങ്ങൾ ഉത്തരവാദിത്തപ്പെട്ടവരെ ധരിപ്പിക്കാം എന്നും ഉറപ്പ് നൽകിയതോടെയാണു പ്രതിഷേധം അവസാനിപ്പിച്ചത്.

ജനപ്രതിനിധികളായ ജോർജ് പടക്കൂട്ടിൽ, ഉഷ വിജയൻ, വിനോദ് തോട്ടത്തിൽ ബിജെപി നേതാക്കളായ പുനത്തിൽ രാജൻ, എം.കെ. ജോർജ്, കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം ബെന്നി, ഭാരവാഹികളായ പൗലോസ് മുട്ടംതോട്ടിൽ, റീന ജോർജ്, ജോൺസൻ ഇലവുങ്കൽ, മൊയ്തു മുതുവേടൻ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. കർഷക മോർച്ച പ്രവർത്തകർ മാനന്തവാടിയിലും കല്ലോടിയിലും പ്രതിഷേധ പ്രകടനം നടത്തി. കലക്ടറുടെ നിർദേശ പ്രകാരം തഹസിൽദാർ എം.ജെ. അഗസ്റ്റിൻ ഇന്നലെ വൈകിട്ട് കല്ലോടിയിൽ തോമസിന്റെ വീട്ടിലെത്തി അടിയന്തര ധനസഹായമായി 10,000 രൂപ കുടുംബാംഗങ്ങൾക്കു കൈമാറി.

സർക്കാർ നിലപാട് തിരുത്തണം: കോൺ‌ഗ്രസ്

മാനന്തവാടി ∙ കാർഷിക കടത്തിൽ പ്രതിസന്ധിയിലായി മനംനൊന്ത് കർഷകൻ ആത്മഹത്യ ചെയ്ത സാഹചര്യത്തിൽ കർഷകന്റെ കുടുംബത്തോടും കർഷക സമൂഹത്തോടും സർക്കാർ പുറംതിരിഞ്ഞു നിൽക്കുകയാണെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. പൊതുപ്രവർത്തകരും ബന്ധുമിത്രാദികളും ഉൾപ്പെടെയുള്ളവർ രാവിലെ മുതൽ മോർച്ചറി പരിസരത്തു തടിച്ചു കൂടിയിട്ടും സ്ഥലത്തുണ്ടായിരുന്ന എംഎൽഎ ഉൾപ്പെടെ സർക്കാർ പ്രതിനിധിയായി ഉത്തരവാദിത്തപ്പെട്ട ആളുകൾ ഒന്നും തന്നെ എത്തിച്ചേരാതിരുന്നതു പ്രതിഷേധാർഹമാണ്.

പൊതുപ്രവർത്തകർ ശബ്ദം ഉയർത്തിയതിനെ തുടർന്നു തഹസിൽദാർ വന്ന് അന്തരിച്ച കർഷകന്റെ മരണാനന്തര ചടങ്ങുകൾക്കുള്ള സംഖ്യ അനുവദിക്കുകയും മരണം കാർഷിക കടത്തിന്റെ ബാധ്യതകൾ കാരണമാണെന്ന് ഉത്തരവാദിത്തപ്പെട്ടവരെ ധരിപ്പിക്കാം എന്ന് ഉറപ്പു നൽകുകയും ചെയ്തു. ആ കുടുംബത്തിന്റെ വായ്പ ബാധ്യതകൾ തീർത്തു കൊടുക്കുന്നതിന് കലക്ടർ ഉൾപ്പെടെയുള്ള അധികാരികൾ ഇടപെടുമെന്ന ഉറപ്പിലാണു മൃതശരീരം ഏറ്റുവാങ്ങിയത്. 

കുടുംബത്തിന്റെ മുഴുവൻ ബാധ്യതകളും സർക്കാർ ഏറ്റെടുക്കണം. വയനാട് കർഷകന്റെ വിലാപ ഭൂമിയായി മാറുമ്പോൾ നവകേരള സദസ്സ് ഒരുക്കുന്നവർക്ക് കാർഷിക മേഖലയെക്കുറിച്ചു പറയാൻ സമയമില്ല എന്ന ധാർഷ്ട്യം ഒരുതരത്തിലും അനുവദിക്കില്ലെന്നും നേതാക്കളായ എച്ച്.ബി. പ്രദീപ്, ജിൽസൺ തൂപ്പുംകര, എ.എം. നിശാന്ത് എന്നിവർ അറിയിച്ചു.

കടം എഴുതിത്തള്ളണം: കേരള കോൺഗ്രസ്

മാനന്തവാടി ∙ കല്ലോടിയിൽ ആത്മഹത്യ ചെയ്ത ക്ഷീര കർഷകൻ പറപ്പിള്ളിൽ തോമസിന്റെ കുടുംബത്തിന്റെ കടങ്ങൾ പൂർണമായി എഴുതിത്തള്ളാൻ സംസ്ഥാന സർക്കാർ തയാറാകണമെന്നും കുടുംബത്തിൽ നഷ്ടപരിഹാരമായി 10 ലക്ഷം രൂപ അനുവദിക്കണമെന്നും കേരള കോൺഗ്രസ് ആവശ്യപ്പെട്ടു. സംസ്ഥാന ഉന്നതാധികാര സമിതി അംഗം കെ.എ. ആന്റണി അധ്യക്ഷത വഹിച്ചു.

കർഷക ആത്മഹത്യ മൂടിവയ്ക്കാൻ ശ്രമം; കർഷക മോർച്ച

മാനന്തവാടി ∙ കടബാധ്യതയെ തുടർന്ന് ആത്മഹത്യ ചെയ്ത തോമസിന്റെ കുടുംബത്തിനു 50 ലക്ഷം രൂപ ധനസഹായമായി അനുവദിക്കണമെന്നും, മുഴുവൻ ക്ഷീരകർഷകരുടെയും കടങ്ങൾ എഴുതി തള്ളണമെന്നും കർഷക മോർച്ച ഭാരവാഹികൾ ആവശ്യപ്പെട്ടു. നവകേരള സദസ്സ് ആരംഭിക്കാനിരിക്കുന്ന സാഹചര്യത്തിൽ കേരള സർക്കാർ കർഷക ആത്മഹത്യ കഴിയുന്നത്ര മൂടി വക്കാനാണു ശ്രമിക്കുന്നത്. ഇതു പ്രതിഷേധാർഹമാണ്. ആത്മഹത്യ കേരളത്തിൽ തുടർക്കഥയാകുകയാണ്. 

സംസ്ഥാനത്തെ മുഴുവൻ കർഷകരും കടക്കെണിയിലാണ്. ബാങ്കുകൾ മനുഷ്യത്വപരമായ നിലപാടുകൾ കർഷകരോട് സ്വീകരിക്കണമെന്നു കർഷക മോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് എം.കെ. ജോർജ്, ജില്ലാ പ്രസിഡന്റ് ആരുഡ രാമചന്ദ്രൻ, ജി.കെ. മാധവൻ, പുനത്തിൽ രാജൻ എന്നിവർ ആവശ്യപ്പെട്ടു.

നവകേരള യാത്ര കേരളത്തിന് അപമാനം: കർഷക കോൺഗ്രസ്

മാനന്തവാടി ∙ കൃഷിനാശവും ബാങ്കുകളുടെ ഭീഷണി മൂലവും ആത്മഹത്യ ചെയ്ത കല്ലോടിയിലെ കർഷകന്റെ കുടുംബത്തെ സർക്കാർ ഏറ്റെടുക്കണമെന്നും, കടബാധ്യതകൾ മുഴുവൻ എഴുതിത്തള്ളണമെന്നും കർഷക കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഏക വരുമാന മാർഗമായ കറവപ്പശു ചത്തുപോയതും, ബാങ്കിൽ നിന്നുണ്ടായ നിരന്തര ഭീഷണിയും തോമസിനെ മാനസികമായി തകർത്തിരുന്നു. 

കർഷക ആത്മഹത്യ നിർമിക്കുന്ന ഫാക്ടറികളായി സർക്കാർ മാറി. കാർഷിക മേഖലയെ പൂർണ്ണമായും തകർത്ത് ശവപ്പറമ്പിലൂടെ നടത്തുന്ന നവകേരളയാത്ര എന്നു ധൂർത്ത് മാമാങ്കം സാംസ്കാരിക കേരളത്തിന് അപമാനമാണെന്ന് കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം ബെന്നി, സംസ്ഥാന കമ്മിറ്റി അംഗം പൗലോസ് മുട്ടംതോട്ടിൽ, എടവക മണ്ഡലം പ്രസിഡന്റ് മൊയ്തു മുതുവേടൻ എന്നിവർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT