കടമാൻതോട് പദ്ധതി: പ്രദേശത്തെ ലിഡാർ സർവേ പൂർത്തിയായി
Mail This Article
പുൽപള്ളി ∙ കടമാൻതോട്ടിൽ അണക്കെട്ട് നിർമിച്ചു പ്രദേശത്ത് ജലസേചനം നടത്താൻ വിഭാവനം ചെയ്ത പദ്ധതിയുടെ ലിഡാർ സർവേ പൂർത്തിയായി. കഴിഞ്ഞമാസം 17നാണ് സർവേ ആരംഭിച്ചത്. ഇതിന്റെ ഭാഗമായി പുൽപള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളിലെ എല്ലാ പ്രധാന തോടുകളിലും സർവേ നടത്തി. സർവേയുടെ ഭാഗമായി ആദ്യം ഗ്രൗണ്ട് കൺട്രോൾ പോയിന്റുകൾ കണ്ടെത്തി ലിഡാർ സർവേയ്ക്കായി അടയാളങ്ങൾ സ്ഥാപിച്ചു. തുടർന്ന് ഈയാഴ്ചയാണ് ഡ്രോൺ ഉപയോഗിച്ചു മുഴുവൻ സ്ഥലത്തെയും വിവരശേഖരണം നടത്തിയത്. കാവേരി പ്രോജക്ട് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ഡൽഹിയിൽ നിന്നെത്തിയ സംഘമാണ് സർവേ നടത്തിയത്.
കടമാൻതോട്ടിൽ മുടിക്കോട് മുതൽ പഞ്ഞിമുക്ക് വരെയും മുദ്ദള്ളിതോട്ടിൽ ആടിക്കൊല്ലി മുതൽ മാടപ്പള്ളിക്കുന്ന് വരെയും കുറിച്ചിപ്പറ്റ തോട്ടിൽ എളയിടംകൊല്ലി മുതൽ ചേകാടി വരെയും കന്നാരംപുഴയിൽ 73 മുതൽ അമരക്കുനി വരെയും അൻപത് തോട്, കൃഗന്നൂർ തോട് എന്നിവിടങ്ങളിലും സർവേ നടത്തി. കന്നാരംപുഴയിലെ വെള്ളം പരമാവധി ഉപയോഗപ്പെടുത്തി സമീപ പ്രദേശങ്ങളിലെത്തിക്കാമെന്നും കണ്ടെത്തി. വലിയ കുളം നിർമിച്ചു ജലംസംഭരിച്ച് വിതരണം നടത്താനാവും. കന്നാരംപുഴയിലെ വെള്ളം മുഴുവനായി കബനിയിലെത്തുകയാണ്.
കന്നാരംപുഴ, മുദ്ദള്ളി തോട്, മന്മഥൻമൂല തോട് എന്നിവയിലെ വെള്ളം അണക്കെട്ടില്ലാതെ സംഭരിച്ചു സമീപ പ്രദേശങ്ങളിൽ ജലസേചനത്തിനെത്തിക്കാമെന്നും സർവേയിൽ കണ്ടെത്തി. ഇതിന്റെ വിശദാംശങ്ങളും സർവേ സംഘം ശേഖരിച്ച് ബന്ധപ്പെട്ടവർക്കു നൽകും. ഇതുവരെ നടത്തിയ സർവേയുടെ വിശദാംശങ്ങൾ വകുപ്പുതലത്തിൽ പരിശോധിക്കുന്നതാണ് അടുത്തഘട്ടം. വിദഗ്ധസംഘം കൃത്യതാ പരിശോധന നടത്തിയ പഠന റിപ്പോർട്ട് കാവേരി പ്രോജക്ട് ചീഫ് എൻജിനീയർക്ക് സമർപ്പിക്കും. അടുത്ത മാസത്തോടെ ഈ നടപടികൾ പൂർത്തിയാക്കും. തുടർന്ന് ജില്ലാ ഭരണകൂടം സർവകക്ഷിയോഗം വിളിച്ച് ജനകീയ അഭിപ്രായം തേടും. അണക്കെട്ടിന്റെ ഉയരം, റിസർവോയറിന്റെ വ്യാപ്തി, ഒഴിപ്പിക്കേണ്ട സ്ഥലങ്ങൾ, കെട്ടിടങ്ങൾ, സ്ഥാപനങ്ങൾ എന്നിവ സംബന്ധിച്ചെല്ലാം പഠനറിപ്പോർട്ടിൽ വ്യക്തമാകും.