പുഷ്പ - പച്ചക്കറി കൃഷി: കേന്ദ്രം സജ്ജമെന്ന് ആര്എആര്എസിനെ അറിയിച്ചു
Mail This Article
അമ്പലവയൽ ∙ പുഷ്പ-പച്ചക്കറി കൃഷികള്‍ക്കായുള്ള സെന്റർ ഒാഫ് എക്സലൻസ് (മികവിന്റെ കേന്ദ്രം) പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിനു (ആര്‍എആര്‍എസ്) കൈമാറുന്നു. നിലവിൽ സ്റ്റേറ്റ് ഹോർട്ടികൾചർ മിഷന്റെ കീഴിലുള്ള കേന്ദ്രം പ്രവർത്തനം ആരംഭിക്കുന്നതിന്റെ ഭാഗമായാണ് കാര്‍ഷിക ഗവേഷണ കേന്ദ്രത്തിനു കൈമാറുന്നത്. ഇൗ മാസത്തോടെ നടപടിക്രമങ്ങൾ പൂർത്തിയാക്കാനാണു ശ്രമം. സ്റ്റേറ്റ് ഹോർട്ടികൾചർ മിഷൻ പദ്ധതിയുടെ നിർമാണം പൂർത്തീകരിച്ചു മികവിന്റെ കേന്ദ്രം പ്രവർത്തനത്തിനു സജ്ജമായതായി കാർഷിക സർവകലാശാലയെ അറിയിച്ചു. ഇനി സർവകലാശാലയുടെ പരിശോധനകൾക്കു ശേഷമാകും മികവിന്റെ കേന്ദ്രം പ്രവർത്തനത്തിനായി ഏറ്റെടുക്കുന്നത്. പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിനു കീഴിലേക്ക് എത്തുന്നതോടെ ഏറെക്കാലമായി ഉപയോഗിക്കാതെ കിടക്കുന്ന മികവിന്റെ കേന്ദ്രത്തിനു പ്രവർത്തനം തുടങ്ങാൻ സാധിക്കും.
ഉദ്ഘാടനം കഴിഞ്ഞിട്ട് ആറുമാസം
മികവിന്റെ കേന്ദ്രം ഉദ്ഘാടനം കഴിഞ്ഞിട്ട് 6 മാസങ്ങൾ പിന്നിട്ടിട്ടും പ്രവർത്തനം ആരംഭിച്ചില്ലെന്ന ആക്ഷേപം നിലനിൽക്കെയാണു കാർഷിക ഗവേഷണ കേന്ദ്രത്തിനു കൈമാറാൻ ഒരുങ്ങുന്നത്. വൈദ്യുതി ലഭിച്ചില്ലെന്ന കാരണത്താൽ ഉദ്ഘാടനം കഴിഞ്ഞിട്ടു മാസങ്ങളോളം കേന്ദ്രം പ്രവർത്തിക്കാതെയിരുന്നു. എന്നാല്‍, വൈദ്യുതി ലഭിച്ചു 2 മാസത്തിലേറെയായിട്ടും പ്രവർത്തനം തുടങ്ങിയിട്ടില്ല. 13.7 കോടി ചെലവിലാണ് പച്ചക്കറി, പുഷ്പ കൃഷിക്കായി തൈകൾ ഉൽപാദിപ്പിക്കുന്നതിനായി കേന്ദ്രം ഒരുക്കിയത്. നെതർലൻഡ്സിന്റെയും ഇന്ത്യയുടെയും മാതൃകകൾ കോർത്തിണക്കി കൃഷിമേഖലയിൽ ഗുണപ്രദമാകേണ്ട പദ്ധതി ഏറെക്കാലം നോക്കുകുത്തിയായി.
പദ്ധതി നടത്തിപ്പിനായുള്ള കൈമാറ്റത്തോടെ കേന്ദ്രം എത്രയും വേഗം ഉപയോഗപ്പെടുത്താൻ കഴിയുമെന്നാണു വിലയിരുത്തൽ. മിഷൻ ഫോർ ഇന്റഗ്രേറ്റഡ് ഡവലപ്മെന്റ് ഒാഫ് ഹോർട്ടികൾചറിന്റെയും റീബിൽഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയുടെയും ഭാഗമായി ഗുണമേന്മയുള്ള പച്ചക്കറി, പുഷ്പ കൃഷികളുടെ തൈകൾ ഉൽപാദിപ്പിച്ചു കർഷകർക്കു ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണു മികവിന്റെ കേന്ദ്രം തുടങ്ങിയത്. കൃഷി മന്ത്രി പി. പ്രസാദ് എത്തി സർക്കാരിന്റെ നൂറുദിന കർമപരിപാടികളുടെ ഭാഗമായി ആഘോഷമായി ഉദ്ഘാടനം നിര്‍വഹിക്കുകയും ചെയ്തു. എന്നാൽ നാളിതുവരെ ഒരു തൈ പോലും ഉൽപാദിപ്പിക്കാൻ പോലും മികവിന്റെ കേന്ദ്രത്തിനായിട്ടില്ല.
പ്രതിഷേധങ്ങള്‍ക്ക് ഫലമുണ്ടാകട്ടെ
ഡച്ച് മാതൃകയിലും ഇന്ത്യൻ മാതൃകയിലുമായി തീർത്ത 5 പോളി ഹൗസുകൾ വീതവും വിത്ത് ഉൽപാദനത്തിനായി തീർത്ത 5 പോളിഹൗസും (നാലെണ്ണം ഇന്ത്യൻ മാതൃകയും, ഒന്ന് ഡച്ച് മാതൃകയും) 4 ഷെയ്ഡ് നെറ്റ് പോളി ഹൗസുകളുമാണു നിർമിച്ചത്. ട്രെയിനിങ് സെന്ററും ട്രെയിനിങ് ഹാളും പദ്ധതിയുടെ ഭാഗമായി ഒരുക്കി. എന്നാല്‍, ഇവയെല്ലാം 6 മാസത്തിലേറെയായി ഉപയോഗമില്ലാതെ വെറുതെ കിടക്കുകയാണ്. പരീക്ഷണാടിസ്ഥാനത്തിൽ കൃഷി ചെയ്ത പച്ചക്കറികളും പൂച്ചെടികളും ഉണങ്ങിപ്പോയി. മികവിന്റെ കേന്ദ്രം പ്രവർത്തനം ഇല്ലാതെ നശിക്കുന്നതിനെതിരെ ജില്ലാ കാർഷിക വികസന സമിതി രംഗത്തെത്തിയെങ്കിലും ഫലവത്തായില്ല. ജില്ലാ വികസന സമിതിയുടെ തീരുമാന പ്രകാരം കൃഷി മന്ത്രിക്ക് കത്ത് ലഭിച്ചതിലും തുടര്‍നടപടികളായില്ല. ഇതിനിടെയാണ് കാർഷിക ഗവേഷണ കേന്ദ്രത്തിന് മികവിന്റെ കേന്ദ്രത്തിന്റെ ചുമതല കൈമാറാൻ ഒരുങ്ങുന്നത്. മികവിന്റെ കേന്ദ്രത്തിലേക്കായി കാർഷിക ഗവേഷണ കേന്ദ്രത്തിലെ ഗവേഷകരും കൃഷി ഓഫിസർമാരുമടക്കം 6 പേർ നെതർലൻഡ്സിൽ പോയി പരിശീലനം നേടിയിരുന്നു.