പ്രതിസന്ധിക്കിടെ വീണ്ടും കർഷക ആത്മഹത്യ; പ്രതിഷേധം തുടരുന്നു
Mail This Article
മാനന്തവാടി ∙ കടക്കെണിയും വിളനാശവും പ്രതിസന്ധിയിലാക്കിയ കാർഷിക മേഖലയെ ആശങ്കയിലാക്കി വീണ്ടും കർഷക ആത്മഹത്യ ഉണ്ടായതോടെ പ്രതിഷേധം തുടരുന്നു. ജില്ലയിലെ കർഷകർക്കു ലഭിക്കാനുള്ള കോടിക്കണക്കിന് രൂപ അടിയന്തരമായി അനുവദിക്കണമെന്നാണു ആവശ്യം. കടാശ്വാസ കമ്മിഷൻ അനുവദിച്ച തുക പോലും കർഷകർക്കു ലഭിക്കാൻ കുടിശികയാണ്. ആത്മഹത്യ ചെയ്ത പറപ്പിള്ളിൽ തോമസിന്റെ മുഴുവൻ കടങ്ങളും എഴുതിത്തള്ളണമെന്നു പ്രതിഷേധ കൂട്ടായ്മ ആവശ്യപ്പെട്ടു. ജില്ലയിലെ മുഴുവൻ കർഷകരുടെയും മുഴുവൻ കാർഷിക കടങ്ങളും എഴുതിത്തള്ളാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ പ്രത്യേക പാക്കേജിനു രൂപം കൊടുക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
കാലാവസ്ഥ വ്യതിയാനവും കാർഷിക ഉൽപന്നങ്ങളുടെ വിലയിടിവും നിത്യോപയോഗങ്ങളുടെ വിലക്കയറ്റവും കർഷകന്റെ ജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ കർഷകന് സഹായം എത്തിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെടണം. തോമസിന്റെ കുടുംബത്തിന് സഹായം എത്തിക്കാൻ വൈകുന്ന പക്ഷം ശക്തമായ പ്രക്ഷോഭ പരിപാടികൾക്കു രൂപം നൽകാൻ പ്രതിഷേധ കൂട്ടായ്മ തീരുമാനിച്ചു. ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് പി.പി. ആലി ഉദ്ഘാടനം ചെയ്തു. യോഗത്തിൽ എം.കെ. ജോർജ് അധ്യക്ഷത വഹിച്ചു. എടവക പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ പടകൂട്ടിൽ ജോർജ്, കെ.എ. ആന്റണി, മത്തായി കുന്നത്ത്, ടി.യു. റെജി, ടോമി മാത്യു, ജോസ് മച്ചുകുഴി, ഇബ്രാഹിം മുതുകോടൻ, ഗിരിജാ സുധാകരൻ, വത്സ ജോസ് എന്നിവർ പ്രസംഗിച്ചു.
കർഷക ആത്മഹത്യ തടയാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എടവക രണ്ടേനാലിൽ കോൺഗ്രസ് പ്രവർത്തകർ നട്ടുച്ചയ്ക്ക് പന്തംകൊളുത്തി പ്രതിഷേധിച്ചു. ഡിസിസി ജനറൽ സെക്രട്ടറി എച്ച്.ബി. പ്രദീപ് ഉദ്ഘാടനം ചെയ്തു. ജിൽസൺ തൂപ്പുംങ്കര, ഉഷ വിജയൻ, പടകൂട്ടിൽ ജോർജ്, മത്തായി കുന്നത്ത്, ഇബ്രാഹിം മുതുകോടൻ, ജോഷി വാണാക്കുടി, സി.എച്ച്. ഇബ്രാഹിം, വി. സലാം, ഗിരിജാ സുധാകരൻ, സി.സി. സുജാത,, വി. സലാം, ജോസ് മച്ചുകുഴി എന്നിവർ പ്രസംഗിച്ചു.