ADVERTISEMENT

പുൽപള്ളി ∙ സബ് റജിസ്ട്രാർ ഓഫിസിന്റെ പ്രവർത്തനം ഇപ്പോഴും ഇടുങ്ങിയ വാടകമുറികളിൽ. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ അനാസ്ഥയൊന്നു കൊണ്ടുമാത്രമാണ് 40 വർഷം പഴക്കമുള്ള ഓഫിസിൽ ഇടപാടുകാരും ജീവനക്കാരും നട്ടംതിരിയുന്നത്. കെട്ടിടം നിർമിക്കാനുള്ള പണം റജിസ്ട്രേഷൻ വകുപ്പിനുണ്ട്. കെട്ടിടം നിർമിക്കാ‌നൊരു സ്ഥലം കാണിച്ചുതന്നാൽ മതിയെന്നു വകുപ്പ് പറയുന്നു. പഞ്ചായത്തുകളുടെ പ്രധാന വരുമാന വിഹിതവും ഇവിടെ നിന്നാണ്. സബ് റജിസ്ട്രാർ ഓഫിസിന് സ്ഥലം നൽകാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് ഏറെക്കാലമായി സർക്കാരിന് കത്തെഴുതുന്നു. 2004 മുതൽ സ്ഥലം ആവശ്യപ്പെട്ട് റജിസ്ട്രേഷൻ വകുപ്പ് പഞ്ചായത്തിനു കത്തയയ്ക്കുന്നതാണ്. തുടക്കത്തിൽ പഞ്ചായത്ത് ഇക്കാര്യം ഗൗരവമായെടുത്തില്ല. 2010ൽ പഞ്ചായത്ത് ഭരണസമിതി റജിസ്ട്രാർ ഓഫിസിന് 10 സെന്റ് സ്ഥലം നൽകാൻ തീരുമാനമെടുത്തു. മുള്ളൻകൊല്ലി റൂട്ടിലെ ടെലിഫോൺ എക്സ്ചേഞ്ചിനു മുന്നിൽ പഞ്ചായത്ത് വകയായുള്ള സ്ഥലം നൽകാൻ തീരുമാനിച്ചു. എന്നാൽ ഈ സ്ഥലം പരിസരവാസികളുടെ കൈവശത്തിലായതിനാൽ ഒഴിപ്പിച്ചെടുക്കാനായില്ല. 10 സെന്റിൽ ഏഴോളം കയ്യേറ്റമുണ്ടെന്ന് സർവേ വിഭാഗം കണ്ടെത്തിയെങ്കിലും ഭൂമി തിരിച്ചു പിടിക്കാനായില്ല.

ഇതിനു പകരമായി വില്ലേജ് ഓഫിസ് കെട്ടിടത്തിനു പിൻഭാഗത്തുള്ള 10 സെന്റ് നൽകാൻ രണ്ടുവർഷം മുൻപു തീരുമാനമെടുത്തു. ഈ തീരുമാനത്തിന് സർക്കാർ അനുമതി ലഭിക്കണം. അഡീഷനൽ ചീഫ് സെക്രട്ടറിയുടെ മുന്നിൽ ഫയലെത്തിയെങ്കിലും അനക്കമില്ല. കെട്ടിട നിർമാണത്തിനുള്ള ഫണ്ട് നഷ്ടപ്പെടുമെന്നും ഭൂമി ഉടൻ വേണമെന്നുമാവശ്യപ്പെട്ട് റജിസ്ട്രേഷൻ വകുപ്പ് കത്തിടപാടുകൾ തുടരുന്നുണ്ട്. 1982 ലാണ് പുൽപള്ളിയിൽ സബ് റജിസ്ട്രാർ ഓഫിസ് ആരംഭിച്ചത്. അന്നുമുതൽ വാടക കെട്ടിടങ്ങളിലാണു പ്രവർത്തനം. ദൂരെ സ്ഥലങ്ങളിൽ നിന്നെത്തുന്ന രോഗികളും ഭിന്നശേഷിക്കാരും പടികയറിയെത്തണം. ചിലപ്പോൾ അവിടെ കാലുകുത്താനിടമില്ല. ഓഫിസിന് പരിസരത്തെങ്ങും വാഹനങ്ങൾ നിർത്താനും സ്ഥലമില്ല. തിരക്കേറിയ ടൗണിലെ വാടക കെട്ടിടത്തിന്റെ മുകൾ നിലയിലെ ഏതാനും മുറികളിലാണ് ഓഫിസ് പ്രവർത്തനം. ഫയലുകൾ നിറഞ്ഞ കുടുസു മുറികളിൽ ജീവനക്കാർക്ക് നിന്നു തിരിയാനും സ്ഥലമില്ല. പുൽപള്ളി, പാടിച്ചിറ, ഇരുളം, പുറക്കാടി,നടവയൽ വില്ലേജുകളിലെ ഭൂമി റജിസ്ട്രേഷൻ നടക്കുന്ന ഓഫിസാണ് കോടികളുടെ വരുമാനമുള്ളപ്പോഴും ദാരിദ്ര്യാവസ്ഥയിൽ കഴിയുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT