നോക്കുകുത്തിയായി മില്ലുമുക്ക് പട്ടികവർഗ വനിതാ കരകൗശല ഉൽപാദക കേന്ദ്രം

Mail This Article
പനമരം ∙ കണിയാമ്പറ്റ പഞ്ചായത്തിലെ മില്ലുമുക്കിൽ ലക്ഷങ്ങൾ മുടക്കി നിർമിച്ച പട്ടികവർഗ വനിതാ കരകൗശല ഉൽപാദക വിപണന കേന്ദ്രം ഉപയോഗശൂന്യമായി നശിക്കുന്നു. ജില്ലാ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിപ്രകാരം ലക്ഷങ്ങൾ മുടക്കി നിർമിച്ച കെട്ടിടമാണ് അധികൃതരുടെ അവഗണനയിൽ നശിക്കുന്നത്. 2018 - 19ൽ നിർമാണം ആരംഭിച്ച കെട്ടിടം 2020ൽ കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടത്തിയെങ്കിലും പിന്നീട് ഈ ഭാഗത്തേക്ക് ആരും തിരിഞ്ഞു നോക്കാത്തതാണു കെട്ടിടം ആർക്കും ഉപകാരപ്പെടാതെ കിടന്നു നശിക്കാൻ കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു.
നിർമാണത്തിലെ അപാകതകൾ മൂലം കെട്ടിടത്തിന്റെ പലഭാഗങ്ങളും വിള്ളലുകൾ വീണ് ഏതുനിമിഷവും അടർന്നു വീഴാവുന്ന അവസ്ഥയിലാണ്. മാത്രമല്ല സന്ധ്യയായാൽ കെട്ടിടവും പരിസരവും സമൂഹവിരുദ്ധരുടെ താവളമായി മാറുന്നതായും പരാതിയുണ്ട്. ഈ കെട്ടിടം പൊതു ആവശ്യങ്ങൾക്കായുള്ള ഓഡിറ്റോറിയമാക്കി മാറ്റുകയാണെങ്കിൽ ജില്ലാ പഞ്ചായത്തിനു മികച്ച വരുമാനം നേടാൻ ഉപകരിക്കുമെന്നും അതോടൊപ്പം പ്രദേശത്തെ ഒട്ടേറെ പേർക്കു തൊഴിലവസരങ്ങൾ ഉണ്ടാകുമെന്നും നാട്ടുകാർ പറയുന്നു. മാസങ്ങൾക്കു മുൻപ് കെട്ടിടം പൊതു ആവശ്യങ്ങൾക്കായി തുറന്നുകൊടുക്കാൻ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുമെന്നു പറഞ്ഞെങ്കിലും കുറച്ചു ഫർണിച്ചർ എത്തിച്ചതല്ലാതെ പിന്നീട് ഒരു നടപടിയും ഉണ്ടായിട്ടില്ല. എത്രയും വേഗം ഉപകാരപ്രദമാകുന്ന രീതിയിൽ കെട്ടിടം ഉപയോഗപ്പെടുത്തണമെന്നാണു നാട്ടുകാരുടെ ആവശ്യം.