കണിയാമ്പറ്റ ടൗണിൽ വീണ്ടും തെരുവുനായശല്യം രൂക്ഷം
Mail This Article
കണിയാമ്പറ്റ ∙ ടൗണിലും പരിസര പ്രദേശങ്ങളിലും വീണ്ടും തെരുവുനായ ശല്യം രൂക്ഷം. ഒരിടയ്ക്കു കുറഞ്ഞ തെരുവുനായ്ക്കളുടെ ശല്യമാണ് സ്കൂൾ പരിസരത്ത് അടക്കം രൂക്ഷമായിരിക്കുന്നത്. കുട്ടികളെയും കാൽനടയാത്രക്കാരെയും ആക്രമിക്കാനായി ഓടിക്കുന്ന തെരുവുനായ്ക്കളെ നാട്ടുകാർ തുരത്തുന്നത് ടൗണിൽ പതിവു കാഴ്ചയാണ്. കൂട്ടത്തോടെ ടൗണിൽ വിഹരിക്കുന്ന തെരുവുനായ ഇരുചക്രവാഹന യാത്രക്കാർക്ക് ഭീഷണിയാണ്. വാഹനം പോകുമ്പോൾ കുറുകെ ചാടിയും പിന്നാലെ ഓടിയും ബൈക്ക് യാത്രക്കാരെ വീഴ്ത്തുന്നതും ഏറുന്നു. ഇത്തരത്തിൽ ബൈക്കിന് മുന്നിൽ നായ കുറുകെ ചാടി യാത്രക്കാരനു പരുക്കേറ്റിരുന്നു. കൂടാതെ കഴിഞ്ഞദിവസം ടൗണിലെ എൽപി സ്കൂൾ വിദ്യാർഥിനിയെ ആക്രമിക്കാൻ ശ്രമിച്ച നായയെ നാട്ടുകാർ ഓടിച്ചതിനാൽ വിദ്യാർഥി പരുക്കേൽക്കാതെ രക്ഷപ്പെട്ടു. സ്കൂൾ പരിസരത്തു തമ്പടിക്കുന്ന തെരുവുനായ്ക്കൾ പ്രദേശത്തെ വളർത്തുമൃഗങ്ങളെയും ആക്രമിക്കാറുണ്ടെന്നും എത്രയും പെട്ടെന്ന് ഇവയെ പിടികൂടാനുള്ള നടപടി ഉണ്ടാകണമെന്നുമാണു നാട്ടുകാരുടെ ആവശ്യം.