മദ്യലഹരിയിൽ ആക്രമണം: ഒരാൾ അറസ്റ്റിൽ
Mail This Article
അമ്പലവയൽ ∙ മദ്യലഹരിയിലെ തർക്കത്തെത്തുടർന്നു മധ്യവയസ്‌ക്കന്റെ തലയടിച്ചുതകർത്ത സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. അമ്പലവയൽ പ്രാദേശിക കാർഷിക ഗവേഷണകേന്ദ്രത്തിലെ ജീവനക്കാരൻ എടക്കൽ കൊമരപ്പളളി ജോസുകുട്ടിയെയാണ് അമ്പലവയൽ പൊലീസ് അറസ്റ്റ് ചെയ്തത്. ആക്രമണത്തിൽ തലയ്ക്കും വാരിയെല്ലിനും ഗുരുതര പരുക്കേറ്റ രാജ്കുമാറിനെ കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അമ്പലവയൽ ടൗണിൽ ഒഴിഞ്ഞുകിടക്കുന്ന സർക്കാർ ക്വാർട്ടേഴ്‌സുകൾക്കു സമീപം കഴിഞ്ഞദിവസം രാത്രിയാണു സംഭവം. കസ്റ്റഡിയിലെടുത്ത ജോസുകുട്ടി കടന്നുകളയാൻ ശ്രമിച്ചെങ്കിലും പൊലീസ് പിടികൂടി. ചോദ്യംചെയ്യലിനു ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. അമ്പലവയൽ ടൗണിൽ പ്രധാനപാതയുടെ അരികിൽ ഒഴിഞ്ഞു കിടക്കുന്ന ക്വാർട്ടേഴ്സുകൾ രാത്രി കാലങ്ങളിൽ സാമൂഹിക വിരുദ്ധരുടെയും ലഹരിസംഘങ്ങളുടെയും കേന്ദ്രമാണ്.