ADVERTISEMENT

ബത്തേരി ∙ യുഡിഎഫ്  രൂപപ്പെടുത്തിയ മുസ്‌ലിം ലീഗിന് അതിന്റെ കെട്ടുറപ്പ് പ്രധാനമാണെന്നും പിൻവാതിലിലൂടെ എൽഡിഎഫിലേക്ക് പാലമിടേണ്ട കാര്യമില്ലെന്നും ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾ. ലീഗ് ജില്ലാ കൗൺസിൽ ക്യാംപ് ‘തളിര്’ ബത്തേരിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആരെങ്കിലും അടുപ്പത്ത് വെള്ളം വച്ചിട്ടുണ്ടെങ്കിൽ തീ കത്താൻ പോകുന്നില്ല.ബാങ്കിന്റെ വാതിലിലൂടെ ഒളിച്ചു കയറേണ്ട കാര്യമില്ലെന്നും മുന്നണി മാറാൻ ഉദ്ദേശമുണ്ടെങ്കിൽ അതു നേർക്കുനേർ പറയുമെന്നുമാണ്  അദ്ദേഹം പറഞ്ഞു വച്ചത്.

കേരളത്തിലേത് മൊബൈൽ മന്ത്രിസഭയാണെന്നും മന്ത്രിസഭയുടെ ജനസമ്പർക്ക പരിപാടിയിൽ നിന്ന് ജനങ്ങൾ അകന്നിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അധികാരത്തിൽ തുടരാൻ കേന്ദ്രത്തിൽ ബിജെപിയും കേരളത്തിൽ എൽഡിഎഫും ചില മാധ്യമങ്ങളെ കൂട്ടുപിടിച്ചിരിക്കുകയാണെന്നും വിള്ളലുണ്ടാക്കാനാണ് ശ്രമമെന്നും സാദിഖ് അലി ശിഹാബ് തങ്ങൾ പറഞ്ഞു.

യു‍ഡിഎഫിന്റെ താങ്ങുകാലല്ല നെടുംതൂണാണ് മുസ്‌ലിം ലീഗ് എന്നു ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. യുഡിഎഫിനെ മുന്നിൽ നിന്ന് നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾക്കു വേണ്ടി ഒന്നും ചെയ്യാത്ത എൽഡിഎഫ് സർക്കാർ കേരളത്തിന് ബാധ്യതയാണ്. വാഗ്ദാനങ്ങളൊന്നും സർക്കാർ പാലിക്കുന്നില്ല. എൽഡിഎഫിന്റേത് ഉമ്മറപ്പടിയിലെ നയങ്ങളാണ്. അവർക്ക്  പ്രതിബദ്ധതയില്ല. ഇന്ത്യ മുന്നണിക്ക് എൽഡിഎഫ് അർധമനസോടെയാണ് പിന്തുണ നൽകുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പു മുന്നിൽക്കണ്ടാണു  മന്ത്രിസഭ ഒന്നാകെ ഇറങ്ങിയിട്ടുള്ളതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. പൂക്കോയ തങ്ങൾ സ്മാരക സൗധം പദ്ധതിയുടെ പ്രഖ്യാപനവും കുഞ്ഞാലിക്കുട്ടി നിർവഹിച്ചു.

ജില്ലാ പ്രസിഡന്റ് കെ.കെ. അഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി. മുഹമ്മദ്, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം വി.എം. ഉമ്മർ, വനിതാ ലീഗ് ദേശീയ ജനറൽ സെക്രട്ടറി നൂർബിന റഷീദ്, എം.എ. റസാഖ്, സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം, സംസ്ഥാന കൗൺസിൽ അഗം റാഷിദ് ഗസ്സാലി, യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ പി. ഇസ്മയിൽ, പി.കെ. അബൂബക്കർ, എൻ.കെ. റഷീദ്, റസാഖ് കൽപറ്റ, എൻ.നിസാർ അഹമ്മദ്, പി.പി. അബമ്മദ്, സി. കുഞ്ഞബ്ദുല്ല, കെ. ഹാരിസ്, എം.എ.അസൈനാർ, സി.കെ. ഹാരിഫ്, റസീന അബ്ദുൽ ഖാദർ, തുടങ്ങിയവർ പ്രസംഗിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com