കരിങ്കുറ്റി പാലപ്പൊയിലിൽ മരപ്പാലം തകർന്നുവീണു; 200 കുടുംബങ്ങൾക്ക് ദുരിതയാത്ര

Mail This Article
വെണ്ണിയോട്∙ കോട്ടത്തറ പഞ്ചായത്തിലെ കരിങ്കുറ്റി പാലപ്പൊയിലിൽ 200 കുടുംബങ്ങൾ പുഴകടക്കാൻ ആശ്രയിച്ചിരുന്ന മരപ്പാലം തകർന്നു വീണതോടെ യാത്ര ദുരിതത്തിൽ. പാലപ്പൊയിൽ കോളനിക്ക് സമീപത്തെ പാലക്കരക്കടവു മരപ്പാലമാണു കഴിഞ്ഞ മഴയിൽ ചില തൂണുകൾ ഒലിച്ചുപോയതോടെ നടുഭാഗം തകർന്നു പുഴയിൽ പതിച്ചത്. കൈവരിയില്ലാത്ത നടപ്പാലത്തിന്റെ മധ്യഭാഗം പ്രളയത്തെ തുടർന്നു ചാഞ്ഞ് അപകടാവസ്ഥയിലായിരുന്നു. നാട്ടുകാർ കയറുകൊണ്ട് അടുത്തുള്ള മരവുമായി കെട്ടിയാണു പാലത്തിലൂടെ മറുകര കടന്നിരുന്നത്.
പ്രദേശത്തെ ഒന്നിലേറെ കോളനിക്കാർ ഉപയോഗിച്ചിരുന്ന പാലമാണിത്. കോട്ടത്തറ പഞ്ചായത്ത് 3 വർഷം മുൻപ് നിർമിച്ച പാലം തകർന്നു വീണതോടെ അടുത്തുള്ള സ്കൂളിലേക്ക് പോകാൻ പോലും കിലോമീറ്ററോളം നടക്കണം. പൊട്ടിവീണ പാലത്തിന്റെ ഭാഗങ്ങൾ പുഴയ്ക്ക് കുറുകെ കിടക്കുന്നതിനാൽ തീരമിടിച്ചിൽ ഭീഷണിയും ഉണ്ട്. പുഴയ്ക്ക് കുറുകെ ഉടൻ കോൺക്രീറ്റ് പാലം നിർമിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.