ADVERTISEMENT

മേപ്പാടി ∙ സ്കൂളിലേക്കു കുട്ടികളെ എത്തിക്കുന്ന ജീപ്പിന്റെ വാടക കുടിശികയായതിനെ തുടർന്ന് സർവീസ് നിർത്തിവച്ചതോടെ ഇന്നലെ എരുമക്കൊല്ലി ഗവ. യുപി സ്കൂളിൽ അധ്യയനം മുടങ്ങി.  ഒന്നു മുതൽ 7 വരെയുള്ള ക്ലാസുകളിലായി 47 കുട്ടികളാണു സ്കൂളിൽ അധ്യയനം നടത്തുന്നത്. അധ്യയനം മുടങ്ങിയതിനെതിരെ ഇന്നലെ ഉച്ചയോടെ രക്ഷിതാക്കളും നാട്ടുകാരും മേപ്പാടി പഞ്ചായത്ത് ഓഫിസിലെത്തി പ്രതിഷേധിച്ചു. വാടക ഇനത്തിൽ 1,70,000 രൂപയാണു കുടിശികയായത്. തുടർന്നു നടത്തിയ ചർച്ചയിൽ, പ്രതിദിനം 500 രൂപ നിരക്കിൽ വാടക കുടിശിക ഉടൻ അനുവദിക്കുമെന്ന് പഞ്ചായത്ത് അധികൃതർ ഉറപ്പു നൽകി. ബാക്കിയുള്ള തുക സർക്കാർ തീരുമാനം അനുസരിച്ചു ലഭ്യമാക്കുമെന്നും അറിയിച്ചു. ഇതോടെ പ്രതിഷേധം അവസാനിപ്പിച്ചു.

എരുമക്കൊല്ലി ഗവ. യുപി സ്കൂളിനു മുന്നിൽ ഇന്നലെ രാവിലെയോടെ എത്തിയ 
കാട്ടാനകൾ.
എരുമക്കൊല്ലി ഗവ. യുപി സ്കൂളിനു മുന്നിൽ ഇന്നലെ രാവിലെയോടെ എത്തിയ കാട്ടാനകൾ.

ഇന്നു മുതൽ ജീപ്പ് സർവീസ് പുനരാരംഭിക്കും. ചർച്ചയിൽ പഞ്ചായത്ത് പ്രസിഡന്റ് കെ. ബാബു, വൈസ് പ്രസിഡന്റ് രാധാ രാമസ്വാമി, പിടിഎ പ്രസിഡന്റ് കെ.ടി. സിറാജ്, എംപിടിഎ പ്രസിഡന്റ് ജീന രജീഷ് തുടങ്ങിയവർ പങ്കെടുത്തു. ചെമ്പ്ര മലയടിവാരത്തായി സ്ഥിതി ചെയ്യുന്ന സ്കൂളിൽ കാട്ടാന അടക്കമുള്ള വന്യമൃഗങ്ങളുടെ ശല്യവും യാത്രാ ക്ലേശവും രൂക്ഷമാണ്.  വിദ്യാർഥികളുടെ ദുരിതം ശ്രദ്ധയിൽ പെട്ടതിനെ തുടർന്നു 2016ൽ ബാലാവകാശ കമ്മിഷൻ കുട്ടികളെ സ്കൂളിലെത്തിക്കാൻ വാഹന സൗകര്യം ഏർപ്പെടുത്തി നൽകാൻ പഞ്ചായത്ത് അധികൃതർക്ക് നിർദേശം നൽകിയിരുന്നു.

ഇതുപ്രകാരം പഞ്ചായത്ത് അധികൃതർ പ്രതിദിനം 350 രൂപ വാടക നിരത്തിൽ ഓട്ടോറിക്ഷാ സൗകര്യം ഏർപ്പെടുത്തി നൽകി. സ്കൂളിലെ കുട്ടികളുടെ എണ്ണം വർധിച്ചതോടെ കഴിഞ്ഞ അധ്യയന വർഷം മുതലാണു ഓട്ടോറിക്ഷയ്ക്കു പകരം ജീപ്പ് സർവീസാക്കിയത്. കഴിഞ്ഞ 6 മാസമായി പഞ്ചായത്ത് വാടക തുക അനുവദിച്ചിട്ടില്ല. അധ്യാപകരും പിടിഎ ഭാരവാഹികളും തുകയ്ക്കായി പഞ്ചായത്തിനെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. നേരത്തെയുണ്ടായിരുന്ന ഓട്ടോറിക്ഷാ സർവീസിന് അനുവദിച്ച 350 രൂപ നൽകാനേ അനുമതിയുള്ളുവെന്നാണ് പഞ്ചായത്ത് അധികൃതരുടെ നിലപാട്. ഇതോടെയാണു ജീപ്പ് ഉടമ ഇന്നലെ സർവീസ് നിർത്തിവച്ചത്.

സ്കൂൾ മാറ്റാനുള്ള നടപടി വൈകുന്നു
തേയിലത്തോട്ടത്തിലൂടെ ദുഷ്കര പാതയും ആനത്താരകളും പിന്നിട്ടു വേണം ചെമ്പ്ര മലയടിവാരത്തെ സ്കൂളിലെത്താൻ. സ്കൂൾ സ്ഥിതി ചെയ്യുന്ന മേഖലയിൽ ജനവാസം വിരളമാണ്. തോട്ടം തൊഴിലാളികളും ചെമ്പ്രമല കയറാനെത്തുന്ന വിനോദ സഞ്ചാരികളുമല്ലാതെ മറ്റാരും തന്നെ ഇവിടേക്കു വരാറില്ല. മഴ കനത്താൽ സ്കൂളിന് അവധി പ്രഖ്യാപിക്കുകയാണു പതിവ്. 2022ൽ തുടർച്ചയായി 10 ദിവസം വരെ സ്കൂളിന് അവധി പ്രഖ്യാപിക്കേണ്ട സാഹചര്യമുണ്ടായിരുന്നു.  അടിസ്ഥാന സൗകര്യങ്ങൾ കുറവായതിനാൽ പല ക്ലാസുകളിലെയും കുട്ടികളെ ഒന്നിച്ചിരുത്തി പഠിപ്പിക്കേണ്ട സാഹചര്യവുമുണ്ട്.

സുരക്ഷിതമല്ലാത്ത കെട്ടിടത്തിനു പുറമേ വന്യമൃഗശല്യം, പ്രകൃതി ദുരന്ത സാധ്യത എന്നിവയും വിദ്യാർഥികൾക്കു ഭീഷണിയാണ്. വിദ്യാർഥികളെ സുരക്ഷിതമായ സ്ഥലങ്ങളിലേക്കു മാറ്റി ക്ലാസുകൾ നടത്താൻ സാഹചര്യം ഒരുക്കാൻ പഞ്ചായത്തിനോട് വിദ്യാഭ്യാസ വകുപ്പ് ആവശ്യപ്പെട്ടിരുന്നെങ്കിലും നടപ്പാകാതെ വന്നതോടെ, സ്കൂളിലെ കുട്ടികളെ മേപ്പാടി ഗവ. സ്കൂളിലേക്കു മാറ്റാൻ വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയിരുന്നു. എന്നാൽ, ഇൗ ഉത്തരവും നടപ്പായില്ല.  കഴിഞ്ഞവർഷം വിദ്യാർഥികളുടെ എണ്ണം ഇതിനെക്കാൾ കുറവായിരുന്നു.

ഇത്തവണ തേയിലത്തോട്ടത്തിൽ പണിക്കെത്തിയ അസം തൊഴിലാളികളുടെ മക്കൾ കൂടി ചേർന്നതോടെയാണ് കുട്ടികളുടെ എണ്ണം കൂടിയത്. വന്യമൃഗങ്ങളുടെ ആക്രമണവും പ്രകൃതിക്ഷോഭവും പേടിച്ച് സമീപപ്രദേശങ്ങളിൽ നിന്നുപോലും രക്ഷിതാക്കൾ മക്കളെ മേപ്പാടിയിലുള്ള വിദ്യാലയങ്ങളിലേക്കാണു പറഞ്ഞയയ്ക്കുന്നത്.  എരുമക്കൊല്ലിയിലെ പഴയ ഫുട്ബോൾ സ്റ്റേഡിയത്തിൽ സ്കൂളിനു പുതിയ കെട്ടിടമൊരുക്കാനായി എസ്റ്റേറ്റ് മാനേജ്‌മെന്റ് സ്ഥലം നൽകിയിരുന്നു. കെട്ടിട നിർമാണത്തിനായി ഒരുകോടി രൂപ സർക്കാർ അനുവദിക്കുകയും ചെയ്തു. ഭൂമി കൈമാറ്റത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ ജൂലൈയിൽ ടി. സിദ്ദിഖ് എംഎൽഎ നിർവഹിച്ചിരുന്നു. ഉടൻ കെട്ടിടത്തിന് തറക്കല്ലിടുമെന്നും പ്രഖ്യാപിച്ചിരുന്നു. എന്നാൽ, തുടർനടപടികൾ വൈകുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com