കൊയ്തിട്ട നെല്ല് നശിച്ചവരും ഒരുമുടി വൈക്കോൽ പോലും ലഭിക്കാത്തവരുമേറെ

Mail This Article
പുൽപള്ളി ∙ ഒരാഴ്ചയായി തുടരുന്ന മഴ മാറാത്തതിനാൽ പാടങ്ങളിൽ കൊയ്ത്തു നടത്തിയവർ നെല്ലും വൈക്കോലും ഉണങ്ങിയെടുക്കാനാകാതെയും അല്ലാത്തവർ കൊയ്ത്തു വൈകുന്നതിന്റെയും ആശങ്കയിൽ. പുൽപള്ളിയിലെ ചില പാടങ്ങളിൽ കൊയ്തുമെതി പൂർത്തിയായെങ്കിലും ചെറു പാടങ്ങളിലും വൈകി കതിരായ പാടങ്ങളിലും കൊയ്ത്തു നടക്കാനുണ്ട്.
കൊയ്തിട്ട നെല്ല് നശിച്ചവരും ഒരുമുടി വൈക്കോൽ പോലും ലഭിക്കാത്തവരുമുണ്ട്. മഴ നനഞ്ഞ വൈക്കോൽ വെയിലില്ലാത്തതിനാൽ പൂപ്പലേറ്റു തുടങ്ങി. ഇത് ഉപയോഗിക്കാനാവില്ല. കൊയ്ത് യന്ത്രങ്ങൾ ലഭിക്കാതെ കാത്തിരുന്ന സ്ഥലങ്ങളിൽ അവയെത്തിയതോടെ മഴ തടസ്സമായി. പാടത്തിറങ്ങിയ യന്ത്രങ്ങൾ ചെളിയിൽ ഉറച്ചപ്പോൾ വലിച്ചുകയറ്റുകയായിരുന്നു.

കൊളവള്ളി, മരക്കടവ് പാടങ്ങളിൽ നെല്ല് സുരക്ഷിത സ്ഥാനങ്ങളിലെത്തിച്ചെങ്കിലും പലരുടെയും വൈക്കോൽ പാടത്താണ്. ചിലരുടേത് പാടത്ത് ചിതറിക്കിടക്കുന്നു. നടീൽ സമയത്ത് വെള്ളമില്ലാതെ പ്രയാസപ്പെട്ടവരാണിപ്പോൾ മഴയിൽ കൃഷിനശിക്കുന്നത് കണ്ടുനിൽക്കുന്നത്. കാപ്പി പറിച്ചവരുടെ സ്ഥിതിയും കഷ്ടമായി. ഉണങ്ങാനിട്ടിരുന്ന കാപ്പി നനഞ്ഞും ഒഴുകിയും നഷ്ടമായവരുണ്ട്. മഴ പേടിച്ച് ചാക്കിൽ വാരിക്കെട്ടിയ കാപ്പി പൂത്തുതുടങ്ങി. അകാല മഴയിൽ കാപ്പി പൂത്തുതുടങ്ങി.