ബാവായെ കാണാൻ വിശ്വാസി പ്രവാഹം
Mail This Article
മീനങ്ങാടി ∙ ആയിരങ്ങൾ ചേർന്നൊരുക്കിയ സ്നേഹത്തണലിലേക്കാണ് പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവാ ഇന്നലെ ഇറങ്ങിയത്. കനത്ത വെയിലിനെ അവഗണിച്ച് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും നീലഗിരി ജില്ലയിൽ നിന്നുമായി ആയിരക്കണക്കിന് വിശ്വാസികളാണു മീനങ്ങാടിയിലേക്ക് ഒഴുകിയെത്തിയത്. ഉച്ചയോടെ തന്നെ മീനങ്ങാടിയും പരിസരങ്ങളും വിശ്വാസികളെ കൊണ്ടു നിറഞ്ഞിരുന്നു. വൈകിട്ട് 4.15 ഓടെ ഹെലികോപ്റ്ററിൽ മീനങ്ങാടി ശ്രീകണ്ഠപ്പ സ്റ്റേഡിയത്തിൽ ഇറങ്ങിയ അദ്ദേഹത്തെ ഭദ്രാസന മെത്രാപ്പൊലീത്ത ഡോ. ഗീവർഗീസ് മാർ സ്തേഫാനോസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ തുടങ്ങിയവർ ചേർന്നു സ്വീകരിച്ചു. തുടർന്ന് ഒട്ടേറെ വാഹനങ്ങളുടെ അകമ്പടിയോടെ അദ്ദേഹത്തെ ഭദ്രാസന ആസ്ഥാനത്തേക്ക് ആനയിച്ചു. അരമനയുടെ പ്രവേശന കവാടം മുതൽ ആസ്ഥാനം വരെ പൂത്താലമേന്തിയ സൺഡേ സ്കൂൾ വിദ്യാർഥികളും പാത്രിയാർക്ക പതാകയേന്തിയ വിശ്വാസികളും അണിനിരന്നു. ആയിരക്കണക്കിന് വിശ്വാസികളുടെ ഇടയിലൂടെ അദ്ദേഹം അരമന ചാപ്പലിലേക്ക്. തുടർന്ന് സന്ധ്യാപ്രാർഥനയ്ക്ക് അദ്ദേഹം മുഖ്യകാർമികത്വം വഹിച്ചു.
യാക്കോബായ സഭയുടെ മലങ്കര മെത്രാപ്പൊലീത്ത ജോസഫ് മാർ ഗ്രിഗോറിയോസ്, എൽദോ മാർ തീത്തോസ്, പൗലോസ് മാർ ഐറേനിയോസ്, മാത്യൂസ് മാർ അപ്രേം, മർക്കോസ് മാർ ക്രിസോസ്റ്റമോസ്, ഏലിയാസ് മാർ യൂലിയോസ്, ഭദ്രാസന മെത്രാപ്പൊലീത്ത ഗീവർഗീസ് മാർ സ്തേഫാനോസ് എന്നിവരും ഭദ്രാസനത്തിലെ കോറെപ്പിസ്കോപ്പമാരും വൈദികരും സഹകാർമികരായി. ഒരു മണിക്കൂറോളം നീണ്ട സന്ധ്യാപ്രാർഥനയ്ക്കു ശേഷം, ശ്രേഷ്ഠ കാതോലിക്കാ മാർ ബസേലിയോസ് തോമസ് പ്രഥമൻ ബാവായുടെ പൗരോഹിത്യ സുവർണ ജൂബിലിയുടെ ഭാഗമായി നടപ്പാക്കുന്ന 25 ലക്ഷം രൂപയുടെ വിവാഹ ധനസഹായ പദ്ധതി അദ്ദേഹം ഉദ്ഘാടനം ചെയ്തു. തുടർന്ന് ഭദ്രാസന ഭാരവാഹികൾ, ആത്മീയ സംഘടനാ ഭാരവാഹികൾ, വൈദികർ, ശുശ്രൂഷകർ തുടങ്ങിയവർ പാത്രിയർക്കീസ് ബാവായോടൊപ്പം ഫോട്ടോകളെടുത്തു. ഇതിനിടയിൽ തന്നെ കാണാനെത്തിയ കുരുന്നുകളെ വാത്സല്യപൂർവം കൊഞ്ചിച്ചും തലോടിയും പ്രാർഥിച്ചും അദ്ദേഹം ആശീർവദിച്ചു. ശേഷം അരമന ചാപ്പലിനു പുറത്തെ വേദിയിലെത്തി വിശ്വാസികളെ അഭിസംബോധന ചെയ്തു.
വിശ്വാസികളെ അഭിസംബോധന ചെയ്ത് പാത്രിയർക്കീസ് ബാവാ
മീനങ്ങാടി ∙ വയനാട്ടിൽ വന്യമൃഗ ശല്യം രൂക്ഷമാണെന്നും അതിൽ നിന്നു ജനങ്ങൾക്ക് സംരക്ഷണം ലഭിക്കാൻ പ്രാർഥിക്കുമെന്നും പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവാ പറഞ്ഞു. അരമന ചാപ്പലിലെ സന്ധ്യാപ്രാർഥനയ്ക്കു ശേഷം വിശ്വാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. സഭാതർക്കം പരിഹരിക്കാൻ ഡോ. യൂഹാനോൻ മാർ പീലക്സിനോസ് മെത്രാപ്പൊലീത്ത നേതൃത്വം നൽകിയ മലബാർ മോഡൽ മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. സഭയിൽ സമ്പന്നനും ദരിദ്രനും ഇല്ല. ദൈവത്തിന് എല്ലാവരും തുല്യരാണ്. കരുണയും ദയയും ഉള്ളവരെ ദൈവം അതിയായി സ്നേഹിക്കും. വയനാട്ടിലെ ഗതാഗതപ്രശ്നം പരിഹരിക്കുന്നതിന് ബന്ധപ്പെട്ടവരുമായി ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഇംഗ്ലിഷിലാണ് അദ്ദേഹം പ്രസംഗിച്ചത്.
മാത്യൂസ് മാർ അപ്രേം പ്രസംഗം മലയാളത്തിലേക്ക് തർജമ ചെയ്തു. ബാവായുടെ സെക്രട്ടറിമാരായ മാർ ഔഗേൻ അൽഖോറി അൽ ഖാസ, മർക്കോസ് മാർ ക്രിസ്റ്റഫോറസ്, യാക്കോബായ സഭയുടെ മലങ്കര മെത്രാപ്പൊലീത്ത ജോസഫ് മാർ ഗ്രിഗോറിയോസ്, എൽദോ മാർ തീത്തോസ്, പൗലോസ് മാർ ഐറേനിയോസ്, മർക്കോസ് മാർ ക്രിസോസ്റ്റമോസ്, ഏലിയാസ് മാർ യൂലിയോസ്, സഭാ വൈദിക ട്രസ്റ്റി ഫാ. റോയി ജോർജ് കട്ടച്ചിറ, ഫാ. ഡോ. മത്തായി അതിരമ്പുഴ, ഫാ. ബേബി ഏലിയാസ് കാരക്കുന്നേൽ, വി.വി. ബേബി എന്നിവർ പങ്കെടുത്തു.
മലയാളത്തിലും പ്രാർഥന ചൊല്ലി
മീനങ്ങാടി ∙ മലങ്കര യാക്കോബായ സഭയുടെ ആരാധന ഭാഷയായ സുറിയാനിയോടൊപ്പം മലയാളത്തിലും പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവാ പ്രാർഥന ചൊല്ലിയതു വിശ്വാസികൾക്ക് ആശ്ചര്യമായി. 'ദൈവമേ നീ പരിശുദ്ധനാകുന്നു’, 'സ്വർഗസ്ഥനായ പിതാവേ’ എന്നീ പ്രാർഥനകളുടെ ആദ്യഭാഗമാണ് ബാവാ മലയാളത്തിൽ ചൊല്ലിയത്. സ്ഥാനാരോഹിതനാകുന്നതിനു മുൻപും ബാവായ്ക്കു കേരളവുമായി ബന്ധമുണ്ട്. വർഷങ്ങൾക്കു മുൻപ് ആയുർവേദ ചികിത്സയ്ക്കായി അദ്ദേഹം കേരളത്തിലെത്തിയിരുന്നു. കാലം ചെയ്ത മലബാർ മുൻ ഭദ്രാസനാധിപൻ യൂഹാനോൻ മാർ പീലക്സിനോസുമായി ആത്മബന്ധം പുലർത്തിയിരുന്നു. ഇരുവരും അമേരിക്കയിലെ ഭദ്രാസനങ്ങളിൽ മെത്രാപ്പൊലീത്ത സ്ഥാനം വഹിച്ചിട്ടുണ്ട്.
കത്തീഡ്രലിലെ സ്വീകരണത്തിന് ഒരുക്കങ്ങളായി
മീനങ്ങാടി ∙ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവായെ മീനങ്ങാടി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് കത്തീഡ്രലിൽ സ്വീകരിക്കുന്നതിന് ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു. 41 വർഷങ്ങൾക്ക് മുൻപ് ഇഗ്നാത്തിയോസ് സഖാ പ്രഥമൻ പാത്രിയർക്കീസ് ബാവായും ഈ ദേവാലയത്തിൽ തന്നെ കുർബാനയ്ക്ക് മുഖ്യകാർമികത്വം വഹിച്ചിട്ടുണ്ട്. ഇന്നു 7.30നു പ്രഭാത പ്രാർഥനയും 8.30നു കുർബാനയ്ക്കും പരിശുദ്ധ ബാവ നേതൃത്വം നൽകും. ദേവാലയത്തിന്റെ സുവർണജൂബിലി ആഘോഷത്തിന് തുടക്കം കുറിച്ച് ഫലകം പ്രകാശനം ചെയ്യും
സ്വാഗത സംഘയോഗത്തിൽ ഇടവക വികാരി ഫാ.ബിജുമോൻ കർളോട്ടുകുന്നേൽ, സഹവികാരിമാരായ ഫാ. ഗീവർഗീസ് മേലേത്ത്, ഫാ. ബേസിൽ വട്ടപ്പറമ്പിൽ, ഫാ. സോജൻ വാണാക്കുടി, ട്രസ്റ്റിമാരായ മത്തായിക്കുഞ്ഞ് പുളിനാട്ട്, ജോഷി മാമുട്ടത്തിൽ, സെക്രട്ടറി സിജോ മാത്യു തുരുത്തുമ്മേൽ, അനിൽ കിച്ചേരിൽ, ബേബി ഇലവുംകുടി, സാബു വരിക്കളായിൽ, ഐസക് കുടുക്കപ്പാറ, മത്തായി മുക്കത്ത്, പൗലോസ് ഞാറക്കുളങ്ങര, ബേബി തോമ്പ്രയിൽ, ബേബി അത്തിക്കുഴി എന്നിവർ പങ്കെടുത്തു.