ADVERTISEMENT

മീനങ്ങാടി ∙ ഇന്നു വയനാട്ടിലെത്തുന്ന പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവായെ സ്വീകരിക്കാൻ വിശ്വാസിസമൂഹം ഒരുങ്ങി. 40 വർഷങ്ങൾക്ക് ശേഷം അജഗണത്തെ സന്ദർശിക്കാൻ എത്തുന്ന  സഭയുടെ പരമാധ്യക്ഷനെ സ്വാഗതം ചെയ്യാൻ വിപുലമായ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു.  20 ദിവസങ്ങളോളം നീണ്ടു നിൽക്കുന്ന ഭാരത സന്ദർശനത്തിന്റെ ഭാഗമായാണ് ബാവാ വയനാട്ടിലെത്തുന്നത്. 


പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് 
ബാവാ
പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവാ

ജോസഫ് മാർ ഗ്രിഗോറിയോസ്, മർക്കോസ് മാർ ക്രിസ്റ്റഫോറസ്, മാർ ഔഗേൻ അൽഖോറി അൽഖാസ എന്നീ മെത്രാപ്പൊലീത്തമാരും ബാവായെ അനുഗമിക്കും. നാളെ 3ന് ബാവാ വയനാട്ടിൽ എത്തും. 

മീനങ്ങാടി സ്റ്റേഡിയം ഗ്രൗണ്ടിൽ ഹെലികോപ്റ്ററിൽ എത്തുന്ന ബാവായെ ഭദ്രാസന മെത്രാപ്പൊലീത്ത ഡോ. ഗീവർഗീസ് മാർ സ്തെഫാനോസും ഭാരവാഹികളും ചേർന്ന് സ്വീകരിക്കും. 4ന് ഭദ്രാസന ആസ്ഥാനമായ മീനങ്ങാടി അരമന ചാപ്പലിൽ വിപുലമായ സ്വീകരണം നൽകും. തുടർന്ന്, പ്രത്യേകം തയാറാക്കിയ വേദിയിൽ പരിശുദ്ധ ബാവാ വിശ്വാസികളെ അഭിസംബോധന ചെയ്യും. 

ജില്ലയിലെ പ്രമുഖർക്കൊപ്പം അത്താഴവിരുന്നും ക്രമീകരിച്ചിട്ടുണ്ട്. 2ന് 7.30ന് മീനങ്ങാടി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് കത്തീഡ്രലിൽ പ്രഭാത പ്രാർഥനയും  8.30ന് കുർബാനയും. ഉച്ചയോടെ ബാവ ഹെലികോപ്റ്റർ മാർഗം കോഴിക്കോട്ടേക്കു തിരിക്കും.

സെന്റ് മേരീസ് തീർഥാടന കേന്ദ്രം സന്ദർശനം നാളെ
പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവാ മീനങ്ങാടി സെന്റ് മേരീസ് സുനോറോ തീർഥാടന കേന്ദ്രം സന്ദർശിക്കും. നാളെ സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് കത്തീഡ്രൽ ദേവാലയത്തിലെ കുർബാനയ്ക്ക് ശേഷമാണ്  സെന്റ് മേരീസ് സുനോറോ തീർഥാടന  കേന്ദ്രത്തിലേക്ക് ബാവാ എത്തുന്നത്. പാത്രിയർക്കീസ് ബാവാ പരമ രക്ഷാധികാരിയായ പൗരസ്ത്യ സുവിശേഷ സമാജം ശതാബ്‌ദി ആഘോഷങ്ങളുടെ ഭാഗമായാണ് ബാവായുടെ ഇടവക സന്ദർശനം. പൗരസ്ത്യ സുവിശേഷ സമാജം അതിഭദ്രാസനത്തിലെ പ്രധാന ഇടവകകളിൽ ഒന്നാണ് സെന്റ് മേരിസ് സുനോറോ തീർഥാടന കേന്ദ്രം. 

വിളംബര റാലി നടത്തി സൺഡേ സ്കൂൾ വിദ്യാർഥികൾ
യാക്കോബായ സുറിയാനി സഭയുടെ ആഗോള തലവൻ ഇഗ്നാത്തിയോസ് അപ്രേം പാത്രിയർക്കീസ് ബാവായുടെ വയനാട് സന്ദർശനത്തിനു മുന്നോടിയായി സൺഡേ സ്കൂൾ വിളംബര റാലി നടത്തി. 6 മേഖലകളിലായി നടത്തിയ റാലിയിൽ 4000ത്തിലധികം വിദ്യാർഥികൾ പങ്കെടുത്തു. സ്വാഗത ഗാനമോതിയും ബാവായുടെ പ്ലക്കാർഡുകൾ, പാത്രിയർക്ക പതാക എന്നിവ കയ്യിലേന്തിയുമാണ് റാലിയിൽ അവർ അണിനിരന്നത്. 

സൺഡേ സ്കൂൾ കേന്ദ്ര സെക്രട്ടറി ടി.വി. സജിഷ്, വൈസ് പ്രസിഡന്റ് ഫാ. പി.സി. പൗലോസ്, ഡയറക്ടർ അനിൽ ജേക്കബ് ,സെക്രട്ടറി ജോൺ ബേബി, കേന്ദ്ര കമ്മിറ്റിയംഗം ഇ.പി ബേബി, സി.കെ. ജോർജ്, പി.കെ. ഏലിയാസ്, പി.എം രാജു, പി.എഫ്. തങ്കച്ചൻ ,മേഖലാ ഇൻസ്പെക്ടർമാരായ എബിൻ പി. ഏലിയാസ് ,കെ.കെ. യാക്കോബ്, ടി.ജി. ഷാജു ,എൻ,പി. തങ്കച്ചൻ, ഷാജി മാത്യു എന്നിവർ നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com