ADVERTISEMENT

ബത്തേരി ∙ നല്ല വിദ്യാഭ്യാസത്തിലൂടെ സംസ്കാരവും അറിവും വളർത്തി വികസനത്തിന് അടിത്തറ പാകാനും ആരോഗ്യ, കാർഷിക, പശ്ചാത്തല മേഖലകളിൽ വികസനം കൊണ്ടു വന്നു സന്തോഷ സൂചിക ഉയർത്താനും ലക്ഷ്യമിട്ട് ബത്തേരി നഗരസഭയുടെ ബജറ്റ്. 83.45 കോടി രൂപ വരവും 82.49 കോടി രൂപ ചെലവും 95.61 ലക്ഷം രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റ് നഗരസഭ ഉപാധ്യക്ഷ എൽസി പൗലോസ് അവതരിപ്പിച്ചു.നഗരസഭയുടെ കീഴിലുള്ള മുഴുവൻ സ്കൂളുകളിലും പൂർണ തോതിലും നവീന ആശയങ്ങളുൾക്കൊള്ളുന്നതുമായ പദ്ധതികളും വികസന പ്രവർത്തനങ്ങളും നടത്തി വൈജ്ഞാനിക മേഖലയെ ശക്തിപ്പെടുത്തി വികസനത്തിന് അടിത്തറ പാകുമെന്ന് ബജറ്റിൽ പറയുന്നു.1.85 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയത്.

ടൗണിനടുത്ത് വന്യജീവി സങ്കേതത്തോടു ചേർന്നുള്ള സത്രം കുന്നിൽ ടൂറിസം ഹബ് പൊതുജനങ്ങൾക്കു പ്രഥമ ശുശ്രൂഷ സാക്ഷരത നൽകുന്നതിന് ഫസ്റ്റ് ഹാൻഡ് പദ്ധതി, ഷീ ലോഡ്ജ്, വനിതാ ഫിറ്റ്നസ് സെന്റർ, പുതിയ ബസ് സ്റ്റാൻഡ്, മാർക്കറ്റ് പൊളിച്ച സ്ഥലത്ത് ഷോപ്പിങ് മാൾ, മിനി ബൈപാസ് പൂർത്തീകരണം, വയോജനങ്ങൾക്കായി ഷോർട് ഹോംസ്റ്റേ, കുഞ്ഞുങ്ങൾക്കായി പെയ്ഡ് ക്രഷ്, സോളർ പാനലിലൂടെ ഊർജ സംരക്ഷണം തുടങ്ങി വിവിധങ്ങളായ പദ്ധതികൾക്ക് തുടക്കമിടുമെന്ന് ബജറ്റിൽ പറയുന്നു.

കൃഷി മേഖലയ്ക്ക് പ്രോത്സാഹനം
∙കാർഷിക ഉൽപാദന മേഖലയിൽ 1.68 കോടി രൂപ, കൃഷി പ്രോത്സാഹനത്തിനും ഭക്ഷ്യ സുരക്ഷയ്ക്കുമായി 53 ലക്ഷം, മട്ടുപ്പാവിലെ ജൈവ പച്ചക്കറി കൃഷിക്ക് 5 ലക്ഷം, കാർഷികോൽപന്ന സംസ്കരണ യൂണിറ്റിന് 5 ലക്ഷം, ക്ഷീരമേഖലക്കു 96 ലക്ഷം, മത്സ്യകൃഷിക്ക് 2.15 ലക്ഷം, മൃഗസംരക്ഷണത്തിനു 7 ലക്ഷം, കുടുംബശ്രീ അംഗങ്ങൾക്ക് കോഴിയും കൂടും പദ്ധതിക്കു 5 ലക്ഷം എന്നിങ്ങനെ വകയിരുത്തി. തരിശുഭൂമിയിൽ തീറ്റപ്പുൽ കൃഷി, കാർഷികോൽപന്നങ്ങൾ ഉണക്കുന്നതിന് ഡ്രയറുകൾ, മുറ്റത്ത് മീൻതോട്ടം തുടങ്ങിയവ വിഭാവനം ചെയ്യുന്നു.

∙ പട്ടികജാതി പട്ടികവർഗ സമഗ്ര വികസനത്തിന് 1.056 കോടി രൂപ നീക്കി വച്ചു. വീടുകളുടെ പുനരുദ്ധാരണത്തിന് എസ്ടി മേഖലയിൽ ഒരു കോടി രൂപയും എസ്‌സി മേഖലയിൽ 34.48 ലക്ഷവും നീക്കി വച്ചു.

ജനക്ഷേമ നടപടി
∙ കുഞ്ഞുങ്ങളുടെ കേൾവിയുമായി ബന്ധപ്പെട്ട് കോക്ലിയർ ഇംപ്ലാന്റേഷനും അനുബന്ധ ഉപകരണങ്ങൾക്കുമായി 7 ലക്ഷം, സാന്ത്വന പരിചരണത്തിന് 20 ലക്ഷം, ആയുർവേദത്തിന് 10 ലക്ഷം, ഹോമിയോ മേഖലയിൽ 9.55 ലക്ഷം, കുത്തിവയ്പ്പുകൾ, സാംക്രമിക രോഗ പ്രതിരോധ മാർഗങ്ങൾ, കാൻസർ ക്യാംപ്, മെൻസ്ട്രുവൽ കപ്പ് വിതരണം വയോജന സുരക്ഷ തുടങ്ങിയവയ്ക്കായി 62.8 ലക്ഷം, പോഷകാഹാരങ്ങൾക്ക് ജനറൽ വിഭാഗത്തിനായി 30 ലക്ഷവും എസ്ടി മേഖലയിൽ 40 ലക്ഷവും എസ്‌സി മേഖലയിൽ 15 ലക്ഷവും വകയിരുത്തി.
∙സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റിന് 25 ലക്ഷം, മിനി എംസിഎഫിന് 15 ലക്ഷം, വിൻഡോ കംപോസ്റ്റ് നിർമാണത്തിന് 10 ലക്ഷം, ഹരിത കർമ സേനയ്ക്ക് ടിപ്പർ അനുബന്ധ സൗകര്യങ്ങൾക്കു 32 ലക്ഷം, കരിവള്ളിക്കുന്ന് എംസിഎഫിന് 25 ലക്ഷം, ശ്മശാനത്തിന് 5 ലക്ഷം, ശുചിത്വ സുന്ദര നാൽക്കവലകൾക്ക് 15 ലക്ഷം, അങ്കണവാടികൾക്ക് 54.5 ലക്ഷം എന്നിങ്ങനെ വകയിരുത്തി.
∙വനിതാ സ്വയം സംരംഭങ്ങൾക്ക് 21 ലക്ഷം, ഷീ ലോഡ്ജിന് 35 ലക്ഷം, വനിതാ ഫിറ്റ്നസ് സെന്ററിന് 20 ലക്ഷം, വയോമിത്രം പദ്ധതിക്ക് 7 ലക്ഷം, വയോജന പാർക്കിലെ ഓപ്പൺ സ്റ്റേജിന് 20 ലക്ഷം ദാരിദ്ര്യ ലഘൂകരണത്തിന് 2.5 ലക്ഷം വകയിരുത്തി. 

ഭവന പദ്ധതിക്ക് 12.69 കോടി രൂപ
∙വിവിധ ഭവന നിർമാണ പദ്ധതികൾക്ക് 12.69 കോടി രൂപ വകയിരുത്തി.പിഎംഎവൈ ലൈഫ് പദ്ധതിയിൽ പെടുത്തി നിർമിക്കുന്ന 1556 വീടുകളിൽ 1010 എണ്ണം പൂർത്തിയായി. ഇനി 614 പേരുടെ പട്ടികയാണുള്ളത്. ഇതിനായി 1.89 കോടി രൂപ നീക്കി വച്ചു. ചൂരിമല നിവാസികളുടെ വീട് പുനരുദ്ധാരണത്തിന് 25 ലക്ഷം, ഗ്രാമീണ റോഡുകൾ അടക്കമുള്ള പശ്ചാത്തല മേഖലയുടെ വികസനത്തിനും നിർമാണ പ്രവൃത്തികൾക്കും നവീകരണത്തിനുമായി ജനറൽ വിഭാഗത്തിൽ 10.77 കോടി രൂപ നീക്കി വച്ചു.

ടൗൺ ഹാൾ നവീകരണത്തിന് 15 ലക്ഷം, കോട്ടക്കുന്നിലെ നഗരസഭ ക്വാർട്ടേഴ്സും ഷോപ്പിങ് കോംപ്ലക്സും നിർമിക്കുന്നതിന് 15 ലക്ഷം, തൊഴിലുറപ്പ് മേഖലയിലെ വിവിധ പ്രവർത്തനങ്ങൾക്ക് 3.5 കോടി, കെ സ്മാർട് പദ്ധതിയുടെ തുടർ പ്രവർത്തനങ്ങൾക്ക് 10 ലക്ഷം, വഴിവിളക്കിന് 12 ലക്ഷം എന്നിങ്ങനെ വകയിരുത്തി.ബജറ്റ് അവതരണ യോഗത്തിൽ നഗരസഭാധ്യക്ഷൻ ടി.കെ. രമേഷ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി, സ്ഥിരം സമിതി അധ്യക്ഷർ, ഇരുപക്ഷങ്ങളിലെയും കൗൺസിലർമാർ എന്നിവർ പ്രസംഗിച്ചു.

വിദ്യാഭ്യാസ മേഖലയ്ക്ക് മുൻഗണന
സ്കൂളുകളിൽ കൂടുതൽ സ്മാർട് ക്ലാസ്മുറികൾ സജ്ജമാക്കുന്നതിനും ലാബുകൾക്കുമായി 20 ലക്ഷം, സ്റ്റുഡന്റ്സ് കൗൺസിൽ അവതരിപ്പിച്ച പദ്ധതികൾക്ക് 3 ലക്ഷം, ഹാപ്പിനസ് പാർക്ക്, അധ്യാപകർക്കും കുട്ടികൾക്കും മികവിന് പ്രോത്സാഹനം, ആത്മഹത്യാ പ്രതിരോധ സംഗമങ്ങൾ. കൗൺസലിങ്, ഡെസ്റ്റ് ഫ്രീ ക്യാംപസ്, ക്ലീൻ ക്യാംപസ് ഫ്ലവർ ആൻഡ് ഫ്രൂട്ട് ക്യാംപസ്, മേൽക്കൂര മാറ്റൽ, ശുചിമുറി, വായന മുറി, ലൈബ്രറി, അടുക്കള, ഡൈനിങ് ഹാൾ, ഡ്രെയ്നേജ് തുടങ്ങിയവയുടെ നിർമാണം തുടങ്ങിയവയ്ക്കായി 82.66 ലക്ഷം, എസ്ടി വിദ്യാർഥികൾക്കായുള്ള ഹൈ ഫ്ലൈ പദ്ധതിക്ക്12 ലക്ഷം, സ്കോളർഷിപ്പിന് 5 ലക്ഷം, ഡ്രോപ് ഔട്ട് ഫ്രീ നഗരസഭ പദ്ധതിക്ക് 10 ലക്ഷം, കായിക പരിശീലനങ്ങൾക്ക് 4.4 ലക്ഷം വകയിരുത്തി വിനോദ സാംസ്കാരിക നഗരസഭയാക്കി മാറ്റുന്നതിന്റെ ഭാഗമായി അമൃതിന്റെ ധനസഹായത്തോടെ സത്രം കുന്നിൽ ടൂറിസം ഹബ് ആരംഭിക്കും. വിനോദ നഗരസഭയ്ക്കായി 2 ലക്ഷവും മണിച്ചിറ കുളം നവീകരണത്തിന് 40 ലക്ഷവും വകയിരുത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com