ADVERTISEMENT

കൽപറ്റ ∙ എയർസ്ട്രിപ്, നഴ്സിങ് കോളജ്, പൂക്കോട് സർവകലാശാലയ്ക്കു ധനസഹായം തുടങ്ങി കഴിഞ്ഞ കുറെ ബജറ്റുകളിലെ പ്രഖ്യാപനങ്ങൾ ആവർത്തിച്ചു സംസ്ഥാന ബജറ്റ്. അടിസ്ഥാന സൗകര്യവികസനം, കൃഷി, വന്യജീവി പ്രതിരോധം, ടൂറിസം, ആരോഗ്യമേഖല തുടങ്ങിയ രംഗങ്ങളിലൊന്നും വയനാടിനായി പ്രത്യേകം പദ്ധതികളില്ല. കാർഷിക കടാശ്വാസത്തിനു നടപടികളുണ്ടാകുമെന്നും കൃഷിനാശത്തിനുള്ള നഷ്ടപരിഹാരം വർധിപ്പിക്കുമെന്നും പ്രതീക്ഷയുണ്ടായിരുന്നെങ്കിലും ബജറ്റിൽ കൈയൊഴിഞ്ഞുവെന്ന നിരാശയിലാണു കർഷകർ. നിലമ്പൂർ-നഞ്ചൻകോട് റെയിൽവേ, ചുരം ബദൽപാതകൾ എന്നിവയും ബജറ്റിൽ ഇടംനേടിയില്ല.

വയനാട് പാക്കേജിന് ഇക്കുറിയും 75 കോടി
അതതു വർഷത്തിൽതന്നെ പദ്ധതി പൂർത്തീകരിക്കണമെന്നു നിർദേശിച്ചു കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച 75 കോടി രൂപയുടെ പാക്കേജിൽ 67 കോടി രൂപയുടെ പദ്ധതികൾക്ക് ഭരണാനുമതിയായതു മാത്രമാണ് ഇതുവരെയുള്ള പുരോഗതി. ഇക്കുറിയും 75 കോടി രൂപ ഇതേ രീതിയിൽ അനുവദിച്ചിട്ടുണ്ട്. അടിസ്ഥാന സൗകര്യവികസനത്തിനു മേൽനോട്ടം വഹിക്കാൻ വയനാട് പാക്കേജ് പ്രോജക്ട് ഓഫിസ് ആരംഭിക്കണമെന്ന നിർദേശം പോലും നടപ്പായിട്ടില്ലെന്നിരിക്കെ ഈ ബജറ്റിലെ പ്രഖ്യാപനവും നടപ്പിലാകുമോ എന്നു കണ്ടറിയണം.

ഫണ്ടുണ്ട് വിമാനമിറങ്ങാൻ സ്ഥലമില്ല
കഴിഞ്ഞ ബജറ്റുകളിൽ പലതവണ പ്രത്യക്ഷപ്പെട്ടിട്ടും തുടർനടപടികളൊന്നുമാകാത്ത എയർസ്ട്രിപ്പിന് ഇത്തവണ മാറ്റിവച്ചത് 1.17 കോടി രൂപയാണ്. കഴിഞ്ഞ ബജറ്റിൽ 4.51 കോടി രൂപ അനുവദിച്ചിട്ടും ഇതുവരെ എയർസ്ട്രിപ്പിനു പറ്റിയ സ്ഥലം കണ്ടെത്താൻ പോലും സർക്കാരിനു കഴിഞ്ഞിട്ടില്ല. വയനാടിനൊപ്പം പരിഗണിച്ച ഇടുക്കിയിൽ എയർസ്ട്രിപ് നിർമാണം പൂർത്തിയായതാണ്. കാസർകോട് എയർസ്ട്രിപ്പിന് പെരിയയിൽ സ്ഥലം കണ്ടെത്തിയിട്ടുമുണ്ട്.

നഴ്സിങ് കോളജ് പ്രഖ്യാപനം വീണ്ടും
വയനാട്ടിലുൾപ്പെടെ 5 മെഡിക്കൽ കോളജുകളിൽ നഴ്സിങ് കോളജുകൾ ആരംഭിക്കുമെന്നാണ് ബജറ്റിലെ പ്രഖ്യാപനങ്ങളിലൊന്ന്. എന്നാൽ, മാനന്തവാടിയിൽ‍ നഴ്സിങ് കോളജ് ആരംഭിച്ച് ക്ലാസും തുടങ്ങിയതാണ്. കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച നഴ്സിങ് കോളജിലെ ക്ലാസുകൾ മെഡിക്കൽ കോളജ് ഓഫിസ് കെട്ടിടത്തിലാണു പ്രവർത്തിക്കുന്നത്. 

ഇക്കുറിയും ബജറ്റിൽ ഇടംനേടിയതിനാൽ മാനന്തവാടിയിലെ നഴ്സിങ് കോളജിനു കെട്ടിടം വന്നേക്കുമെന്ന പ്രതീക്ഷയിലാണു ജില്ല. മറ്റൊരു കോളജ് പുതുതായി ആരംഭിക്കുമെന്നാണോ പ്രഖ്യാപനമെന്നതിൽ വ്യക്തതയുമില്ല. ആരോഗ്യവകുപ്പ് ഡയറക്ടറുടെ കീഴിൽ ഗവ. നഴ്സിങ് കോളജ് പനമരത്ത് പ്രവർത്തിക്കുന്നുണ്ട്.

അവഗണനയുടെ കൊടുമുടിയിൽ ടൂറിസം മേഖല
ടൂറിസം വികസനത്തിന് കൊല്ലം, കോഴിക്കോട്, ഇടുക്കി, കണ്ണൂർ, ആലപ്പുഴ ജില്ലകളിലെല്ലാം കോടികളുടെ പദ്ധതികൾ പ്രഖ്യാപിച്ചപ്പോഴും വയനാടിനായി തനതു പദ്ധതികൾ ഇക്കുറിയും ഇല്ല. കേരളത്തിലെ 20 ടൂറിസം കേന്ദ്രങ്ങളിൽ സഞ്ചാരികൾക്ക് ആധുനിക സൗകര്യങ്ങളും കൺവൻഷൻ സെന്ററുകളും ഒരുക്കാൻ 50 കോടി രൂപ വകയിരുത്തിയതിലും വയനാടിന് ഇടംനേടാനായില്ല. കഴിഞ്ഞ തവണയും കോവളം, കുട്ടനാട്, കുമരകം, കൊല്ലം അഷ്ടമുടി, ബേപ്പൂർ, ബേക്കൽ,‍ മൂന്നാർ എന്നിവിടങ്ങളെല്ലാം ലോകോത്തര ടൂറിസം കേന്ദ്രമാക്കാൻ പദ്ധതി പ്രഖ്യാപിച്ചെങ്കിലും വയനാടിന് അവഗണനയായിരുന്നു. ടൂറിസം അടിസ്ഥാന സൗകര്യവികസനത്തിന് ഇക്കുറി 15 കോടി സംസ്ഥാനത്തിനു മൊത്തമായി അനുവദിച്ചതിൽ പ്രധാന വിഹിതം കിട്ടിയാൽ വയനാടിനു ഗുണകരമാകും.

വന്യജീവി പ്രതിരോധം: വയനാടിന് ഒന്നുമില്ല
വനം-വന്യജീവി സംരക്ഷണത്തിന് ബജറ്റിൽ നീക്കിവച്ചത് 232.59 കോടി രൂപയാണ്. എന്നാൽ, വന്യജീവി ശല്യം തടയാനുള്ള നടപടികൾക്കായി 48.85 കോടി രൂപ മാത്രമേ അനുവദിച്ചിട്ടുള്ളൂ. കേരളത്തിൽ വന്യജീവി ശല്യം രൂക്ഷമായ ജില്ല എന്ന നിലയിൽ ലഭിക്കേണ്ട പരിഗണന വയനാടിനു ലഭിച്ചില്ലെന്ന പരാതിയുയരുന്നുണ്ട്. സംസ്ഥാനത്തൊട്ടാകെ വന്യജീവി ശല്യം രൂക്ഷമായി വരുമ്പോഴും വന്യജീവി പ്രതിരോധത്തിനു കഴിഞ്ഞവർഷം 50 കോടി രൂപ നീക്കിവച്ചിടത്ത് ഇക്കുറി വിഹിതം വെട്ടിക്കുറയ്ക്കുകയാണു ചെയ്തത്.

വനം-വന്യജീവി സംരക്ഷണത്തിന് ബജറ്റിൽ നീക്കിവച്ചത് 232.59 കോടി രൂപയാണ്. എന്നാൽ, വന്യജീവി ശല്യം തടയാനുള്ള നടപടികൾക്കായി 48.85 കോടി രൂപ മാത്രമേ അനുവദിച്ചിട്ടുള്ളൂ. കേരളത്തിൽ വന്യജീവി ശല്യം രൂക്ഷമായ ജില്ല എന്ന നിലയിൽ ലഭിക്കേണ്ട പരിഗണന വയനാടിനു ലഭിച്ചില്ലെന്ന പരാതിയുയരുന്നുണ്ട്. സംസ്ഥാനത്തൊട്ടാകെ വന്യജീവി ശല്യം രൂക്ഷമായി വരുമ്പോഴും വന്യജീവി പ്രതിരോധത്തിനു കഴിഞ്ഞവർഷം 50 കോടി രൂപ നീക്കിവച്ചിടത്ത് ഇക്കുറി വിഹിതം വെട്ടിക്കുറയ്ക്കുകയാണു ചെയ്തത്.

വയനാടിനും ഗുണം കിട്ടിയേക്കാവുന്ന പ്രഖ്യാപനങ്ങൾ
∙ വിദേശ രോഗികൾക്കു ചികിത്സ തേടാൻ ഗവ. മെഡിക്കൽ കോളജുകളിൽ സൗകര്യം
∙ വർക്ക് നിയർ ഹോം വ്യാപകമാക്കുന്നതിനായി‍ സംസ്ഥാനമൊട്ടാകെ ലീപ് സെന്ററുകൾ
∙ പ്രാദേശിക ടൂറിസം കേന്ദ്രങ്ങൾ വികസിപ്പിക്കും
∙ ഉൽപാദനം വർധിപ്പിക്കുന്നതിനു നെല്ലുൽപാദന യൂണിറ്റുകൾക്ക് 93.60 കോടി
∙ സുഗന്ധവ്യജ്ഞന കൃഷി പ്രോത്സാഹിപ്പിക്കാൻ 4.60 കോടി രൂപ
∙ സംസ്ഥാനത്തെ 15 ഡാമുകൾക്കായി 30 കോടി
∙ എല്ലാ ജില്ലകളിലും ചാർജിങ് സ്റ്റേഷനുകൾക്ക് 7.40 കോടി രൂപ
∙ തോട്ടം തൊഴിലാളി ലയങ്ങൾ നവീകരിക്കുന്നതിനു 10 കോടി രൂപ
∙ എൻജിനീയറിങ് കോളജുകളിൽ‍ ഇന്റർ ഡിസിപ്ലിനറി റിസർച് സെന്റർ
∙ മെഡിക്കൽ കോളജ് ആശുപത്രികളിൽ മാലിന്യസംസ്കരണത്തിന് 13 കോടി
∙ എംആർഎസുകൾ, ഹോസ്റ്റലുകൾ എന്നിവയുടെ നവീകരണത്തിന് 60 കോടി
∙ കേരള വെറ്ററിനറി ആൻഡ് ആനിമൽ സയൻസസ് സർവകലാശാലയ്ക്ക് 57 കോടി രൂപ
∙ പട്ടികവർഗമേഖലയുടെ വികസനത്തിനുള്ള പ്രത്യേക പദ്ധതികൾ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com