ADVERTISEMENT

ബത്തേരി∙ യുദ്ധസമാനമായ സാഹചര്യം നിലനിൽക്കുന്ന വയനാട്ടിലെ മനുഷ്യ–വന്യജീവി സംഘർഷത്തെ എത്ര ലാഘവത്തോടെയും നിസാരമായുമാണ് സംസ്ഥാന സർക്കാരും ഭരണകക്ഷിയും കാണുന്നത് എന്നതിന്റെ പ്രകടമായ ഉദാഹരണമാണ് ഇക്കൊല്ലത്തെ സംസ്ഥാന ബജറ്റെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി.

കേരളത്തിലെ മലയോര ഗ്രാമങ്ങളിലാകെ വന്യജീവി പ്രശ്നം അതീവ ഗുരുരമായ അവസ്ഥയിലാണെങ്കിലും വന്യജീവി–മനുഷ്യ സംഘർഷ പരിഹാരത്തിന് ബജറ്റിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത് നാമമാത്രമായ തുകയാണ്. ഇതു വയനാടൻ കർഷകരോടുള്ള വെല്ലുവിളിയാണ്. കഴിഞ്ഞ വർഷം വകയിരുത്തിയ 50.5 കോടിക്കു പകരം ഇത്തവണ 48.5 കോടിയായി ചുരുക്കിയിരിക്കുകയാണ് ബജറ്റ് വിഹിതം. വിഹിതപ്രകാരം നാമമാത്രമായ തുക മാത്രമേ വയനാടിന് ലഭിക്കൂ. ഇതാകട്ടെ ഒരു മേഖലയിലെ കൃഷി നാശത്തിനുള്ള നഷ്ടപരിഹാരത്തിനു പോലും തികയില്ല.

മനുഷ്യ–വന്യജീവി സംഘർഷത്തിൽ ഇന്ത്യയിലെ തന്നെ മർമ കേന്ദ്രമായി മാറിക്കഴിഞ്ഞ വയനാടിന് പ്രത്യേക ബജറ്റ് വിഹിതം വേണമെന്ന ആവശ്യം അംഗീകരിക്കപ്പെട്ടിട്ടില്ല. പ്രശ്നപരിഹാരത്തിനായി ഗ്രാമപഞ്ചായത്തുകൾക്ക് പ്രത്യേക ബജറ്റ്‌ വിഹിതം വേണമെന്നതും അവഗണിക്കപ്പെട്ടു. കൊട്ടിഘോഷിക്കപ്പെട്ട മഖ്യമന്ത്രിയുടെ പ്രത്യേക വയനാട് പാക്കേജിലും വന്യജീവി പ്രശ്നപരിഹാരത്തിനായി ഒരു പൈസയും നീക്കിവച്ചിട്ടില്ല.

കേരളം മാറി മാറി ഭരിച്ച സർക്കാരുകളുടെ നിസംഗതയും അവഗണനയുമാണ് പ്രശ്നം ഇത്രമേൽ സങ്കീർണമാക്കിയതും വഷളാക്കിയതും. വയനാട്ടിലെ രാഷ്ട്രീയ പാർട്ടികൾ കപടനാടകം ആടുകയാണ്. ഭരണമുന്നണി കഴിഞ്ഞ വാരത്തിൽ തിരുവനന്തപുരത്ത് വനം വകുപ്പ് ആസ്ഥാനത്ത് നടത്തിയത് കർഷകരുടെ കണ്ണിൽ പൊടിയിടാനുള്ള പരിഹാസ്യമായ സമരപ്രഹസനമായിരുന്നു എന്ന് ബജറ്റ് പ്രഖ്യാപനം വ്യക്തമാക്കുന്നുണ്ട്. 

വയനാട്ടിലെ എംഎൽഎമാർക്ക് കൂട്ടിൽ അകപ്പെട്ട കടുവയെ വെടിവച്ചു കൊല്ലാനും വനം ഉദ്യോഗസ്ഥരെ ബന്ധികളാക്കാനുമുള്ള പ്രക്ഷോഭത്തിനല്ലാതെ സർക്കാരിനെ പ്രശ്നപരിഹാരത്തിന് നിർബന്ധിതരാക്കാൻ താൽപര്യമില്ല. സർക്കാരും ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടികളും ഇന്നത്തെ നിലപാട് തുടർന്നാൽ വയനാട് വീണ്ടെടുക്കാൻ കഴിയാത്ത മഹാദുരന്തത്തിലേക്ക് കൂപ്പുകുത്തുമെന്നും വയനാട് പ്രകൃതി സംരക്ഷണ സമിതി മുന്നറിയിപ്പ് നൽകി.

സമിതി യോഗത്തിൽ അധ്യക്ഷൻ എൻ.ബാദുഷ, തോമസ് അമ്പലവയൽ, ബാബു മൈലമ്പാടി, പി.എം.സുരേഷ്, രാമകൃഷ്ണൻ തയമ്പത്ത്, എ.വി.മനോജ്, എം.ഗംഗാധരൻ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com