പക്രംതളം ചുരം റോഡ്: സംരക്ഷണ ഭിത്തികളുടെ പുനർനിർമാണം വൈകുന്നു
Mail This Article
കുറ്റ്യാടി∙ പക്രംതളം ചുരം റോഡിലെ തകർന്നു കിടക്കുന്ന സംരക്ഷണ ഭിത്തികളുടെ പുനർനിർമാണം വൈകുന്നതായി പരാതി. ചരക്കുലോറികളും മറ്റു വലിയ വാഹനങ്ങളും ഇടിച്ചാണു സംരക്ഷണ ഭിത്തികൾ തകർന്നത്. മേലെ പൂതംപാറ, 3, 5, 11 വളവുകൾ, പക്രംതളം ചൂരണി റോഡ് ജംക്‌ഷൻ, ചുങ്കക്കുറ്റി എന്നിവിടങ്ങളിലാണ് സംരക്ഷണ ഭിത്തികൾ തകർന്നത്. ചുരം ഇറങ്ങി വരുന്ന വാഹനങ്ങളാണ് കൊക്കയിലേക്കു മറിഞ്ഞ് അപകടത്തിൽ പെടുന്നത്. സംരക്ഷണഭിത്തി തകർന്നു കിടക്കുന്ന പക്രംതളം ചൂരണി റോഡ് ജംക്‌ഷനിൽ കഴിഞ്ഞ ദിവസം കാർ കൊക്കയിലേക്കു മറിഞ്ഞ് അപകടം ഉണ്ടായി.
3–ാം വളവിൽ 4 വർഷം മുൻപാണു ചരക്കു ലോറിയിടിച്ചു സംരക്ഷണ ഭിത്തി തകർന്നത്. അപകടത്തിൽ ലോറി ഡ്രൈവർ മരിച്ചു. വർഷങ്ങളായിട്ടും സംരക്ഷണ ഭിത്തി പുനർനിർമിച്ചില്ല. ചുരം ഇറങ്ങി വരുന്ന വാഹനങ്ങളാണ് അപകടത്തിൽ പെടുന്നത്. കടകളോ വീടുകളോ ഇല്ലാത്ത സ്ഥലമായതിനാൽ കൊക്കയിലേക്ക് വാഹനങ്ങൾ മറിഞ്ഞ് അപകടം ഉണ്ടായാൽ ആരും കാണുകയുമില്ല. താമരശ്ശേരി ചുരത്തിൽ ഗതാഗതക്കുരുക്കു പതിവായതിനാൽ ഒട്ടേറെ വാഹനങ്ങളാണു ദിവസവും പക്രംതളം വഴി പോകുന്നത്. ഈ റോഡ് മലയോര ഹൈവേയിൽ ഉൾപ്പെടുത്തി വികസിപ്പിക്കുമെന്നു പറയുന്നതല്ലാതെ തുടർനടപടികൾ വൈകുകയാണ്.