ADVERTISEMENT

ബത്തേരി ∙ മാനന്തവാടി ചാലിഗദ്ദ പനച്ചിയിൽ അജീഷിനെ ചവിട്ടിക്കൊന്ന ബേലൂർ മഖ്നയെന്ന മോഴയാനയെ മയക്കുവെടി വച്ചു പിടികൂടിയാൽ പാർപ്പിക്കുന്നതിനായി മുത്തങ്ങ ആനപ്പന്തിയിൽ തടിക്കൂട് നിർമാണം പൂർത്തിയായി. യുദ്ധകാലാടിസ്ഥാനത്തിൽ 2 ദിവസം കൊണ്ടാണു കൂടിന്റെ നിർമാണം പൂർത്തിയാക്കിയത്. 2023 ജനുവരിയിൽ ബത്തേരിയിൽ നിന്നു പിടികൂടി പിഎം 2 എന്ന പന്തല്ലൂർ മഖ്നയെ പാർപ്പിച്ചിരുന്ന കൂടിന്റെ 24 തൂണുകൾ നിലനിർത്തിയാണു പുതിയ കൂട് ഒരുക്കിയത്. പുതിയ കൂടിനായി 90 യൂക്കാലിപ്റ്റസ് മരങ്ങൾ വന്യജീവി സങ്കേതത്തിൽ നിന്നുതന്നെ മുറിച്ചെടുത്തു. മണ്ണുമാന്തിയും ക്രെയിനും ഉപയോഗിച്ചാണു നിർമാണം വേഗത്തിലാക്കിയത്.

2 ലക്ഷത്തോളം രൂപയാണ് ഒരു കൂടിന്റെ നിർമാണച്ചെലവ്. ആനയെ പിടികൂടി മുത്തങ്ങയിലെത്തിച്ചാൽ കുങ്കിയാനകളുടെ സഹായത്തോടെയാകും കൂട്ടിൽ കയറ്റുക. 2016ന് ശേഷം 4 കാട്ടാനകളെയാണ് ഇതുവരെ മുത്തങ്ങ ആനപ്പന്തിയിൽ കൂട്ടിൽ പാർപ്പിച്ചത്. കല്ലൂർ കൊമ്പനെന്ന ഭരതനാണ് ആദ്യത്തേത്. കല്ലൂർ പ്രദേശത്ത് അതിക്രമം കാട്ടിയതിനെ തുടർന്നു പിടികൂടുകയായിരുന്നു. 2019ൽ പിടിയിലായ വടക്കനാട് കൊമ്പനെന്ന വിക്രമാണു രണ്ടാമൻ. മഹേഷ് എന്ന സ്കൂൾ വിദ്യാർഥിയെ കൊന്നതിനെ തുടർന്നു വലിയ പ്രക്ഷോഭത്തിനൊടുവിലാണ് ആനയെ പിടികൂടിയത്. ആറളത്തു നിന്നു പിടികൂടി മുത്തങ്ങയിലെത്തിച്ച മൂന്നാമനായ ശിവ പക്ഷേ, കൂട്ടിൽ നിന്നു പൂർണ തോതിൽ പുറത്തിറക്കും മുൻപേ ചരിഞ്ഞു. 

ഒടുവിൽ കൂട്ടിലായതാണു ബത്തേരിയിൽ ഭീതി പരത്തിയ പന്തല്ലൂർ മഖ്നയെന്ന പിഎം2. പാലക്കാട് ധോണിയിൽ പ്രശ്നമുണ്ടാക്കിയ പിടി 7 എന്ന ആനയെ പിടികൂടി പാർപ്പിക്കുന്നതിനായി മുത്തങ്ങയിൽ കൂടൊരുക്കിയെങ്കിലും മുത്തങ്ങയിലേക്കെത്തിച്ചില്ല. തുടർന്നാണ് ആ കൂട്ടിൽ പിഎം 2വിനെ പാർപ്പിച്ചത്. മെരുങ്ങിയ പിഎം2 ഇപ്പോൾ പന്തിയിൽ കൂടിനു പുറത്താണ്. ശരാശരി 25 അടി നീളത്തിലും വീതിയിലും 15 അടി ഉയരത്തിലുമാണു ചെത്തിമിനുക്കിയ ഉരുളൻ മരത്തടികൾ ഇഴ ചേർത്ത കൂട് നിർമിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com