ADVERTISEMENT

മാനന്തവാടി ∙ കർണാടകയിൽ നിന്നു വന്ന കാട്ടാനയുടെ ചവിട്ടേറ്റു മരിച്ച പടമല പനച്ചിയിൽ അജീഷിന്റെ കുടുംബത്തിനു 15 ലക്ഷം രൂപ നൽകാമെന്ന കർണാടക സർക്കാരിന്റെ വാഗ്ദാനം കുടുംബം നിരസിച്ചു. സർക്കാർ  തീരുമാനത്തിനെതിരെ കർണാടക ബിജെപി രംഗത്തു വന്നതിൽ പ്രതിഷേധിച്ചാണു കുടുംബത്തിന്റെ തീരുമാനം. ഇക്കാര്യം രേഖാമൂലം കർണാടക സർക്കാരിനെ അറിയിക്കും. 

അജീഷിന്റെ കുടുംബത്തെ സന്ദർശിച്ച രാഹുൽ ഗാന്ധി എംപി ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കർണാടക സർക്കാർ 15 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചത്. ഇതിനെതിരെ, കർണാടകയിലെ മുഖ്യപ്രതിപക്ഷമായ ബിജെപി രംഗത്തെത്തിയിരുന്നു. കർണാടകക്കാരുടെ നികുതിപ്പണം വയനാട് എംപിയുടെ ഇഷ്ടാനിഷ്ടങ്ങൾക്കു വിധേയമായി ചെലവാക്കാൻ കഴിയില്ലെന്നും തീരുമാനത്തിൽ നിന്നു സർക്കാർ പിന്മാറണമെന്നുമായിരുന്നു കർണാടകയിലെ ബിജെപി നേതാക്കളുടെ പ്രതികരണം.

കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടയാളുടെ പേരിൽ പോലും കർണാടക ബിജെപി ചേരിതിരിവിനു ശ്രമിച്ചതറിഞ്ഞപ്പോൾ വല്ലാത്ത വേദന തോന്നിയെന്നും, മനുഷ്യത്വരഹിതമായ നടപടിയായെന്നും അജീഷിന്റെ ബന്ധുക്കൾ പറഞ്ഞു. ധനസഹായത്തിനായി ഇടപെട്ട രാഹുൽ ഗാന്ധി എംപിക്കും കർണാടക സർക്കാരിനും കുടുംബം നന്ദി അറിയിച്ചു. ‘അജീഷിന്റെ മരണത്തിനു ഞങ്ങൾക്ക് ഒന്നും പരിഹാരമല്ല. ഈ സാഹചര്യത്തിൽ ഞങ്ങൾ ആ പണം സ്നേഹപൂർവം നിരസിക്കുകയാണ്’– അജീഷിന്റെ പിതാവ് കുഞ്ഞുമോൻ പറഞ്ഞു. 

കർണാടക വനംവകുപ്പു ബേലൂരിൽ നിന്നു മയക്കുവെടി വച്ച് പിടികൂടി റേഡിയോ കോളർ ഘടിപ്പിച്ച് വനത്തിൽ വിട്ടയച്ച ബേലൂർ മഖ്ന എന്ന മോഴയാനയാണ് അജീഷിന്റെ ജീവനെടുത്തത്. ആനയെ മയക്കുവെടി വച്ച് പിടികൂടാൻ കേരളം 200 അംഗ ദൗത്യസംഘത്തിനു രൂപം നൽകിയിരുന്നു. ദിവസങ്ങൾ പരിശ്രമിച്ചിട്ടും പിടികൂടാൻ കഴിഞ്ഞിട്ടില്ല. ആന ഇപ്പോഴും കർണാടക വനത്തിലാണുള്ളത്.

റോഡിയോ കോളറിൽ നിന്നുള്ള സിഗ്നലുകൾ നിരീക്ഷിച്ച് വരികയാണെന്നും ആന വീണ്ടും കേരളത്തിലെ ജനവാസ കേന്ദ്രങ്ങളിലേക്ക് എത്താതിരിക്കാൻ ജാഗ്രത പുലർത്തി വരികയാണെന്നും സ്പെഷൽ ഓഫിസർ കെ.വിജയാനന്ദൻ പറഞ്ഞു. ബാവലി, പുൽപള്ളി അതിർത്തി പ്രദേശങ്ങളിൽ വനം വകുപ്പു രാത്രിയിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. 6 സംഘങ്ങളെയാണ് നൈറ്റ് പട്രോളിങ്ങിനു നിയോഗിച്ചിട്ടുള്ളത്. ബേലൂർ മഖ്നയെ ഉൾക്കാട്ടിലേക്കു തുരത്താൻ കർണാടക വനംവകുപ്പിന്റെ കുങ്കിയാനകളായ ഭീമയും മഹേന്ദ്രയും സജ്ജരാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com