വനംവകുപ്പിന് എതിരെ പൊലീസിൽ പരാതി
Mail This Article
പനമരം ∙ വനംവകുപ്പിനും പുൽപള്ളി സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർക്കുമെതിരെ നെയ്ക്കുപ്പ നരസി സ്വാശ്രയ സംഘം പ്രവർത്തകർ പൊലീസിൽ പരതി നൽകി. നാട്ടുകാർ ആവശ്യപ്പെട്ടിട്ടും വന്യജീവി ശല്യം പരിഹരിക്കുന്നതിനോ തകർന്നു കിടക്കുന്ന വൈദ്യുത വേലി നന്നാക്കുന്നതിനോ നടപടി സ്വീകരിക്കാത്തതിനെതിരെയാണ് സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർക്കും വനംവകുപ്പിനുമെതിരെ സ്വാശ്രയ സംഘം പ്രവർത്തകർ പരാതി നൽകിയത്. നെയ്ക്കുപ്പ ഫോറസ്റ്റ് ക്വാർട്ടേഴ്സിന്റെ മുൻപിലെ നടവയൽ പുൽപള്ളി റോഡിലൂടെ കൃഷിയിടങ്ങളിലേക്ക് ഇറങ്ങുന്ന കാട്ടാനകളെ തുരത്താൻ അധികൃതർ തയാറാകുന്നില്ല.
വയോധിക അടക്കം കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടും വനംവകുപ്പിന്റെ ഭാഗത്തു നിന്നു കാര്യക്ഷമമായ നടപടികൾ ഉണ്ടായിട്ടില്ലെന്നും പരാതിയിൽ പറയുന്നു. പരാതി പരിശോധിക്കാമെന്ന് പൊലീസ് ഉറപ്പ് നൽകിയതായി സ്വാശ്രയ സംഘം പ്രവർത്തകർ പറഞ്ഞു.