ADVERTISEMENT

പൂക്കോട് ∙ പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ ജെ.എസ്.സിദ്ധാർഥന്റെ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ നടപടിയാവശ്യപ്പെട്ട് സർവകലാശാലയിലേയ്ക്ക് വിദ്യാർഥി സംഘടനകൾ നടത്തിയ മാർച്ചിൽ വൻ സംഘർഷം. കെഎസ്‌യു, എംഎസ്എഫ്, ഫ്രറ്റേണിറ്റി പ്രവർത്തകരാണ് പ്രതിഷേധ പ്രകടനവുമായി ക്യംപസിലെത്തിയത്. പൊലീസ് ലാത്തിയും ജലപീരങ്കിയും ഗ്രനേഡും പ്രയോഗിച്ചിട്ടും പ്രവർത്തകർ പിരിഞ്ഞു പോകാതായതോടെ സർവകലാശാല യുദ്ധക്കളമായി. രാവിലെ പതിനൊന്നരയോടെ എംഎസ്എഫ് പ്രവർത്തകരുടെ മാർച്ചാണ് ആദ്യം ക്യാംപസിലേക്ക് എത്തിയത്.

സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട് പൂക്കോട് വെറ്ററിനറി സർവകലാശാലയിലേക്ക് കെഎസ് യു നടത്തിയ മാർച്ചിനിടെ പ്രവർത്തകനെ വളഞ്ഞിട്ട് മർദിക്കുന്ന പെ‍ാലീസ്.     ചിത്രം: മനോരമ
സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട് പൂക്കോട് വെറ്ററിനറി സർവകലാശാലയിലേക്ക് കെഎസ് യു നടത്തിയ മാർച്ചിനിടെ പ്രവർത്തകനെ വളഞ്ഞിട്ട് മർദിക്കുന്ന പെ‍ാലീസ്. ചിത്രം: മനോരമ

ബാരിക്കേഡ് മറികടക്കാൻ പ്രവർത്തകർ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. തുടർന്ന് പ്രവർത്തകർ നിലത്ത് കുത്തിയിരുന്നു മുദ്രാവാക്യം വിളിക്കാൻ തുടങ്ങി. എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. ഫിറോസ് ഉദ്ഘാടനം ചെയ്തു. എംഎസ്എഫ് മാർച്ചിനു പിന്നാലെ ഫ്രറ്റേണിറ്റി പ്രവർത്തകരും മാർച്ചുമായെത്തി. ഒരു മണിയോടെയാണ് കെഎസ്‌യുവിന്റെ മാർച്ച് എത്തിയത്. തുടർന്ന് എംഎസ്എഫ് പ്രവർത്തകരും കെഎസ്‌യു പ്രവർത്തകരും ഒരുമിച്ച് ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ഇതിനിടെ പ്രവർത്തകർ പൊലീസിനുനേരെ കല്ലുകളും കൊടി കെട്ടാനുപയോഗിച്ച കമ്പുകളും എറിഞ്ഞു. പ്രവർത്തകർ ക്യാംപസിലേക്ക് കയറാൻ ശ്രമിച്ചതോടെ പൊലീസ് ലാത്തി വീശി.

ഒട്ടേറെ പേരെ വളഞ്ഞിട്ടു തല്ലിയ പൊലീസ് പ്രതിഷേധക്കാർക്ക് നേരെ ഗ്രനേഡും പ്രയോഗിച്ചു. ലാത്തിച്ചാർജിൽ പരുക്കേറ്റവരിൽ ചിലർക്ക് നിലത്തുനിന്ന് എഴുന്നേൽക്കാൻ പോലും സാധിക്കാത്ത അവസ്ഥയായിരുന്നു. ഇവരിൽ ചിലരെ പ്രവർത്തകർ തന്നെ വാഹനത്തിൽ കയറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇതിനിടെ പരുക്കേറ്റ ഒരു പ്രവർത്തകൻ നിലത്തുതന്നെ കിടക്കുകയായിരുന്നു. പൊലീസ് ഇയാളെ സ്ഥലത്തുനിന്ന് മാറ്റാൻ തയാറായില്ല. ഏറെ നേരം കഴിഞ്ഞ് മറ്റു പ്രവർത്തകർ എത്തിയാണ് ഇയാളെ ആംബുലൻസിൽ കയറ്റിക്കൊണ്ടുപോയത്.യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ജിനു കോളിയാടി, കെഎസ്‌യു ജില്ലാ ജനറൽ സെക്രട്ടറി അർജുൻ ദാസ്, യൂത്ത് ലീഗ് കൽപറ്റ നിയോജകമണ്ഡലം പ്രസിഡന്റ് ഷാജി കുന്നത്ത് എന്നിവർക്കു പരുക്കേറ്റു.

ടി. സിദ്ദിഖ് എംഎൽഎ എത്തിയാണ് സംഘർഷം നിയന്ത്രിച്ചത്. പരുക്കേറ്റവരെ ആശുപത്രിയിൽ കൊണ്ടുപോകാൻ പൊലീസ് തയാറാകാത്തതിനെ അദ്ദേഹം ചോദ്യം ചെയ്തു. തുടർന്ന് പൊലീസുമായി വാക്കേറ്റമുണ്ടായി. പൊലീസിന്റെ മർദനത്തിൽ പ്രതിഷേധിച്ച് പ്രവർത്തകർ ദേശീയ പാത ഉപരോധിച്ചതോടെ കൽപറ്റ –കോഴിക്കോട് റോഡിൽ വൻ ഗതാഗതക്കുരുക്കാണുണ്ടായത്. റോഡിലുണ്ടായിരുന്ന കെഎസ്ആർടിസി ബസിൽ കൊടികുത്തിയ പ്രവർത്തകർ റോഡരികിലുണ്ടായിരുന്ന എസ്എഫ്ഐയുടെ ഫ്ലെക്സ് ബോർഡുകളും വെയിറ്റിങ് ഷെഡ്ഡിലെ എസ്എഫ്ഐ എന്നെഴുതിയ ബാനറും നശിപ്പിച്ചു.മുതിർന്ന കോൺഗ്രസ് പ്രവർത്തകർ ഇടപെട്ടാണ് റോഡ് ഉപരോധം അവസാനിപ്പിച്ചത്. കെഎസ്‌യു പ്രവർത്തകർ 5 ദിവസമായി ക്യാംപസിനു മുന്നിൽ നടത്തിവന്ന നിരാഹാര സമരവും അവസാനിപ്പിച്ചു. ആരോഗ്യനില വഷളാകുകയും സംസ്ഥാന കമ്മിറ്റി സമരം ഏറ്റെടുക്കുകയും ചെയ്തതോടെയാണ് ക്യാംപസിനു മുന്നിലെ സമരം അവസാനിപ്പിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com