ADVERTISEMENT

കൽപറ്റ ∙ ലോക്‌സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചു വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള അവസരം നാളെ അവസാനിക്കും. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതിയുടെ 10 ദിവസം മുൻപു വരെയാണു വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അവസരം. 2024 മാർച്ചിൽ 18 വയസ്സ് തികഞ്ഞ ഇന്ത്യൻ പൗരന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ പോർട്ടൽ, വോട്ടർ ഹെൽപ് ലൈൻ ആപ്, ബൂത്ത് ലെവൽ ഓഫിസർമാർ മുഖേന വോട്ടർ പട്ടികയിൽ പേര് ചേർക്കാം.

എങ്ങനെ അപേക്ഷിക്കാം
തിരഞ്ഞെടുപ്പ് കമ്മിഷന്റെ പോർട്ടൽ വഴി അപേക്ഷിക്കുന്നവർ voters.eci.gov.in/signupൽ മൊബൈൽ നമ്പർ നൽകി പുതിയ അക്കൗണ്ട് സൃഷ്ടിച്ചു ലോഗിൻ ചെയ്ത് തുടർ നടപടികൾ ചെയ്യണം. ഇംഗ്ലിഷിലോ മലയാളത്തിലോ അപേക്ഷയുടെ എൻട്രികൾ പൂരിപ്പിക്കാം. ന്യൂ റജിസ്‌ട്രേഷൻ ഫോർ ജനറൽ ഇലക്ടേഴ്‌സ് എന്ന ഓപ്ഷൻ തുറന്നു (പുതുതായി വോട്ട് ചേർക്കുന്നവർക്കുള്ള ഫോം 6) സംസ്ഥാനം, ജില്ല, പാർലമെന്റ്, നിയമസഭാ മണ്ഡലങ്ങൾ എന്നിവയുടെ പേര്, വ്യക്തിഗത വിവരങ്ങൾ, ഇ-മെയിൽ ഐഡി, ജനന തീയതി, വിലാസം തുടങ്ങിയ വിവരങ്ങൾ നൽകി പാസ്‌പോർട്ട് സൈസ് ഫോട്ടോ അപ് ലോഡ് ചെയ്ത് അപേക്ഷിക്കാം. ആധാർ കാർഡ് ലഭ്യമല്ലെങ്കിൽ മറ്റു രേഖകൾ അപ് ലോഡ് ചെയ്യണം. തുടർന്ന് അധികൃതരുടെ പരിശോധനയ്ക്കു ശേഷം പട്ടികയിൽ പേര് ഉൾപ്പെടുത്തും. നൽകിയിരിക്കുന്ന വിലാസത്തിൽ തപാൽ വഴി വോട്ടർക്കു തിരിച്ചറിയൽ കാർഡ് അയയ്ക്കും.

ബിഎൽഒ വഴിയും പേര് ചേർക്കാം
ബൂത്ത് ലെവൽ ഓഫിസർമാർ വഴിയും വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ അവസരമൊരുക്കുന്നുണ്ട്. മണ്ഡലത്തിലെ ബിഎൽഒയെ സമീപിച്ചു രേഖകൾ സഹിതം നേരിട്ട് അപേക്ഷ നൽകുക. തിരഞ്ഞെടുപ്പ് കമ്മിഷന്റെ voters.eci.gov.in വെബ് പോർട്ടലിൽ പരിശോധിച്ചാൽ അതതു മണ്ഡലങ്ങളിലെ ബൂത്ത് ലെവൽ ഓഫിസർമാരുടെ വിവരങ്ങൾ ലഭിക്കും.

വിവരങ്ങളറിയാം വോട്ടർ ഹെൽപ് ലൈനിലൂടെ
കൽപറ്റ ∙ വോട്ടർമാർക്കു തിരഞ്ഞെടുപ്പു സംബന്ധിച്ച സേവനങ്ങളും വിവരങ്ങളും ലഭിക്കാൻ സഹായകമാവുന്ന ആപ്ലിക്കേഷനാണ് വോട്ടർ ഹെൽപ് ലൈൻ. തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഡൈനാമിക് പോർട്ടലിൽ നിന്നും തത്സമയ ഡേറ്റ ഈ ആപ്പ് വഴി ലഭ്യമാക്കുന്നു. വോട്ടർ പട്ടികയിൽ പേര് തിരയാൻ, വോട്ടർ റജിസ്ട്രേഷൻ, ഫോമുകൾ സമർപ്പിക്കൽ, ഡിജിറ്റൽ ഫോട്ടോ, വോട്ടർ സ്ലിപ്പുകൾ ഡൗൺലോഡ് ചെയ്യൽ, പരാതികൾ നൽകൽ തുടങ്ങിയ സേവനങ്ങൾക്കുള്ള സമഗ്ര ആപ്ലിക്കേഷനാണിത്. സ്ഥാനാർഥികളുടെ വിവരം അറിയുന്നതിനും വോട്ടർമാർക്കുള്ള മറ്റ് അത്യാവശ്യ സേവനങ്ങളും ഈ ആപ്പിൽ ലഭ്യമാണ്.

ഗൂഗിൾ പ്ലേ സ്റ്റോർ, ആപ്പിൾ ആപ് സ്റ്റോറിൽ നിന്നു വോട്ടർ ഹെൽപ് ലൈൻ ആപ്പ് ഡൗൺലോഡ് ചെയ്ത് ഫോണിൽ വരുന്ന ഒടിപി റജിസ്ട്രേഷൻ ഉപയോഗിച്ചു ലോഗിൻ റജിസ്ട്രേഷൻ നടത്താം. തുടർന്നു വ്യക്തിഗത വിവരങ്ങൾ, ഫോൺ നമ്പർ, ഇ-മെയിൽ ഐഡി, ജനന തീയതി, വിലാസം, പാസ്പോർട്ട് സൈസ് ഫോട്ടോ തുടങ്ങിയവ അപ് ലോഡ് ചെയ്തു വോട്ടർ ആയി പേര് റജിസ്റ്റർ ചെയ്യാം.

തിരഞ്ഞെടുപ്പ് ഭിന്നശേഷി സൗഹൃദമാക്കാൻ ‘സക്ഷം’ മൊബൈൽ ആപ്പ്
കൽപറ്റ ∙ ലോക്സഭാ തിരഞ്ഞെടുപ്പ് ഭിന്നശേഷി സൗഹൃദമാക്കാൻ മൊബൈൽ ആപ്ലിക്കേഷനുമായി തിരഞ്ഞെടുപ്പ് കമ്മിഷൻ. കമ്മിഷൻ ആവിഷ്‌കരിച്ച ‘സക്ഷം’ മൊബൈൽ ആപ്പിലൂടെ വോട്ടെടുപ്പു ദിനത്തിൽ ഭിന്നശേഷിക്കാരുടെ പങ്കാളിത്തം ഉറപ്പുവരുത്തുകയാണു ലക്ഷ്യം. പ്ലേ സ്റ്റോർ അല്ലെങ്കിൽ ആപ്പ് സ്റ്റോറിൽ നിന്നു ഡൗൺലോഡ് ചെയ്തു നിർദേശങ്ങൾ മനസ്സിലാക്കിയാൽ വോട്ടെടുപ്പു ദിവസം ഭിന്നശേഷിക്കാർക്കു പ്രയാസം കൂടാതെ സമ്മതിദാന അവകാശം വിനിയോഗിക്കാം. വോട്ടർ പട്ടികയിൽ പേര് റജിസ്റ്റർ ചെയ്യുന്നത് ഉൾപ്പെടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങൾ സക്ഷം ആപ്പിൽ ലഭ്യമാണ്. വോട്ടെടുപ്പു ദിവസം വീൽചെയർ ആവശ്യമുള്ളവർക്ക് ആപ്പ് മുഖേന സേവനം ഉപയോഗപ്പെടുത്താം. ആപ്പിന്റെ ആൻഡ്രോയ്ഡ്, ഐഒഎസ് പതിപ്പുകൾ ലഭ്യമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com