ADVERTISEMENT

വടുവൻചാൽ ∙ പുനരധിവാസം വെറുംവാക്കായതോടെ പരപ്പൻപാറ കോളനിക്കാരുടെ ജീവിതത്തിൽ അപകടവും ആശങ്കയും നിറയുന്നു. ഇന്നലെ കാട്ടാനയുടെ ആക്രമണത്തിനിരയായ മിനിയുടെ കുടുംബമുൾപ്പെടെ ഒട്ടേറെപ്പേർ വർഷങ്ങളായി വനത്തിനുള്ളിൽ ചുറ്റിലും കാട്ടുമൃഗ സാന്നിധ്യമുള്ള പ്രദേശത്താണ് താമസിക്കുന്നത്. വടുവൻചാൽ വനത്തിലൂടെ 7 കിലോമീറ്ററോളം യാത്ര ചെയ്ത് വേണം ചോലനായ്ക്ക വിഭാഗത്തിൽപെട്ട ഇവർക്ക് പരപ്പൻപാറയിലെ ഊരിലെത്താൻ. കൂടുതൽ മെച്ചപ്പെട്ട സൗകര്യങ്ങളുള്ളിടത്തു പുനരധിവസിപ്പിക്കുന്ന പ്രഖ്യാപനം ഇടയ്ക്കിടെ ഉണ്ടാകുമെങ്കിലും നടപ്പാകുന്നില്ല. ഇന്നലെ ഉണ്ടായതുപോലുള്ള വന്യജീവി ആക്രമണങ്ങളുടെ പശ്ചാത്തലത്തിലെങ്കിലും പുനരധിവാസം വേഗത്തിലാക്കണമെന്ന ആവശ്യമാണുയരുന്നത്.

പുനരധിവാസത്തോട് മുഖംതിരിച്ച് കുടുംബങ്ങൾ
മൂപ്പൈനാട് പഞ്ചായത്തിൽ ഉൾപ്പെടുന്ന പരപ്പൻപാറ കോളനിയിൽ 9 കുടുംബങ്ങളാണുള്ളത്. ഇന്നലെ കാട്ടാനയുടെ ആക്രമണത്തിന് ഇരയായ സുരേഷ്–മിനി ദമ്പതികളാണ് വനത്തിൽ ഏറ്റവുമുള്ളിൽ താമസിക്കുന്നത്. ബാക്കിയുള്ള കുടുംബങ്ങൾ കാടശേരി എന്ന ഭാഗത്താണ്. ഇവിടെ നിന്ന് മാറി താമസിക്കാൻ അധികൃതർ സുരേഷും മിനിയും 5 മക്കളുമടങ്ങുന്ന കുടുംബത്തോട് ആവശ്യപ്പെട്ടിരുന്നു. സുരേഷും മിനിയും തേൻശേഖരിക്കാൻ സ്ഥിരമായി പോകുന്നവരാണ്. ജനിച്ച സ്ഥലത്ത് നിന്നു വിട്ടുപോകാൻ താൽപര്യമില്ലെന്ന് ഊരുനിവാസികൾ പറയുമ്പോൾ അധികൃതരും നിസ്സഹായരാകുന്നു. പ്രധാന തെ‍ാഴിൽ കാട്ടിൽ നിന്നു തേൻശേഖരിക്കൽ ആയതിനാൽ അത് തുടരാൻ ഇവിടെത്തന്നെ നിൽക്കാനാണ് ഇവർക്ക് താൽപര്യം. അതും പുനധിവാസം കാര്യക്ഷമമായി നടക്കാത്തതിന് കാരണമാണ്.

തൊഴിൽ നഷ്ടമാകാതെ‍ പുനരധിവാസം വേണം

പുതിയെ‍ാരു സ്ഥലത്തേക്കു മാറുന്നതിനു പകരം, വനവിഭവങ്ങൾ ശേഖരിക്കാൻ കഴിയുന്നമട്ടിൽ വനാതിർത്തിയോടു ചേർന്നു താമസമൊരുക്കാനാണ് ഊരുനിവാസികൾ ആവശ്യപ്പെടുന്നത്. വനത്തിൽ പോകാനും വനവിഭവങ്ങൾ എടുക്കാനും സാധിക്കുന്ന വിധത്തിൽ വനാതിർത്തി പ്രദേശം നൽകണമെന്ന് ട്രൈബൽ ‍ഓ‍ഫിസർമാരടക്കം അധികൃതർക്ക് റിപ്പോർട്ട് നൽകുകയും ചെയ്തിരുന്നു. കഴിഞ്ഞ നവംബർ 31 ചേർന്ന ഉൗരുകൂട്ടത്തിൽ, ഉദ്യോഗസ്ഥർ വനവിഭവ ശേഖരണവും വനത്തിൽ പോകാനും കഴിയുന്ന വിധത്തിൽ വനത്തോട് ചേർന്ന് സൗകര്യമെ‍ാരുക്കാമെന്ന് അറിയിച്ചപ്പോൾ പരപ്പൻപാറക്കാർ താൽപര്യം അറിയിച്ചെന്ന് അധികൃതർ പറഞ്ഞു. ഇവർ നിലവിൽ താമസിക്കുന്ന ഇടത്തേക്ക് വൈദ്യുതി, റോഡ് സൗകര്യങ്ങളെ‍ാരുക്കലും അപ്രായോഗികമാണ്.

അടിസ്ഥാനസൗകര്യങ്ങൾ ഏർപ്പെടുത്താനും പരിമിതികൾ
ഇന്നലെയുണ്ടായത് പോലെ കാട്ടുമ‍ൃഗങ്ങളുടെ ആക്രമണമുണ്ടായാൽ ഇവരെ ആശുപത്രിയിലെത്തിക്കുന്നതിനും സഹായങ്ങൾ സമയബന്ധിതമായി എത്തിക്കുന്നതിനും ബുദ്ധിമുട്ടേറെയാണ്. ഇന്നലെ കാട്ടാന ആക്രമിച്ച സുരേഷിനെ 2 കിലോ മീറ്ററോളം തോളിലേറ്റിയാണ് പുറത്തെത്തിച്ചതും പിന്നീട് നിലമ്പൂരിലെ ആശുപത്രിയിലേക്കു മാറ്റിയതും. വനത്തിനകത്തുകൂടി മഞ്ചൽ കെട്ടി വഹിച്ചും തുടർന്ന് വാഹനത്തിലുമായി ആദ്യം വാണിയംപുഴ ഫോറസ്റ്റ് സ്റ്റേഷനിലും അവിടെ നിന്ന് നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്കും എത്തിച്ചത്. അവിടെ നിന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. ഭാര്യ മിനിയുടെ മൃതദേഹവും ഇത്തരത്തിലാണ് പുറത്തേക്ക് എത്തിച്ചത്.

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com