ബീനാച്ചി - പനമരം റോഡിൽ വീണ്ടും മാലിന്യം തള്ളൽ

Mail This Article
പനമരം ∙ ബീനാച്ചി - പനമരം റോഡിലും ടൗണിനോട് ചേർന്ന വലിയ പാലത്തിന് സമീപവും ഒരിടവേളയ്ക്കു ശേഷം വീണ്ടും മാലിന്യം നിറയുന്നു. റോഡിൽ ആൾത്താമസമില്ലാത്ത മാത്തൂരിനും പുഞ്ചവയലിനും ഇടയിലുള്ള പാതയിലും വശങ്ങളിലുമാണു മാലിന്യം നിറയുന്നത്. കോഴി, പഴം, പച്ചക്കറിക്കടകളിലെ അവശിഷ്ടങ്ങൾ പ്ലാസ്റ്റിക് ചാക്കുകളിലും കവറുകളിലും നിറച്ചാണു പാതയോരത്ത് തള്ളുന്നത്. ചീഞ്ഞുനാറുന്ന മാലിന്യം മൂലം ഇതുവഴി മൂക്ക് പൊത്താതെ യാത്രചെയ്യാൻ പറ്റാത്ത അവസ്ഥയാണുള്ളത്.
പാതയോരത്ത് പലയിടങ്ങളിലും പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യം ദിവസങ്ങൾ കഴിയുന്തോറും നിറയുകയാണ്. മനോരമ വാർത്തയെ തുടർന്ന് മാലിന്യം തള്ളുന്നവർക്കെതിരെ പഞ്ചായത്ത് കർശന നടപടിയും പിഴയും ഈടാക്കിയതോടെ മാലിന്യം തള്ളുന്നതിന് അറുതിയായിരുന്നു. എന്നാൽ പരിശോധന കാര്യക്ഷമമല്ലാതായതോടെയാണു വീണ്ടും മാലിന്യം തള്ളൽ വ്യാപകമായത്. പാതയോരങ്ങളിൽ മാലിന്യം തള്ളുന്നവരെ കണ്ടെത്തി പിടികൂടണമെന്നും പാതയോരത്ത് തളളിയ മാലിന്യങ്ങൾ മാറ്റുന്നതിനു നടപടി ഉണ്ടാകണമെന്നുമാണു നാട്ടുകാരുടെ ആവശ്യം