ADVERTISEMENT

പനമരം ∙ പുഴയിൽ വെള്ളമില്ല. ഈസ്റ്റർ ദിനത്തിലും ജലനിധി പദ്ധതിയിൽ നിന്നുള്ള പമ്പിങ് മുടങ്ങി ശുദ്ധജലമില്ലാതെ കുടുംബങ്ങൾ. നരസി പുഴയിലെ നീരൊഴുക്ക് കുറഞ്ഞതോടെ നടവയൽ ശുദ്ധജല വിതരണ പദ്ധതിയിലെ പമ്പിങ് നിലച്ചതാണ് ജനങ്ങളുടെ കുടിവെള്ളം മുട്ടിച്ചത്. ചെക്കിട്ടയിലുള്ള ജലനിധി പദ്ധതിയുടെ കിണറിലേക്കു വെള്ളം എത്തിക്കുന്നതിനായി മണൽച്ചാക്കുകൾ നിറച്ചു തടയണ നിർമിച്ചെങ്കിലും വെള്ളം എത്താതായതോടെയാണു കഴിഞ്ഞ മൂന്നു ദിവസമായി പമ്പിങ് മുടങ്ങിയത്. വെള്ളം എത്താത്തതിനാൽ ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതു വരെ ശുദ്ധജല വിതരണം ഉണ്ടായിരിക്കില്ലെന്ന്. 

ഇന്നലെ പദ്ധതി നടത്തിപ്പുകാർ അറിയിച്ചതോടെ ശുദ്ധജലത്തിനായി എന്തു ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണ് ജലനിധി പദ്ധതിയെ മാത്രം ആശ്രയിച്ചു കഴിയുന്ന കുടുംബങ്ങളുള്ളത്.ജലനിധി പദ്ധതി ആരംഭിച്ചതിനുശേഷം പുഴയിൽ വെള്ളമില്ലാതെ പമ്പിങ് മുടങ്ങുന്നത് ഇതു രണ്ടാം തവണയാണ്. ജലനിധി പദ്ധതിയുടെ സമീപത്തായി നരസി പുഴയ്ക്കു കുറുകെ വർഷങ്ങൾക്കു മുൻപു ലക്ഷങ്ങൾ മുടക്കി നിർമിച്ച തടയണയും ഇപ്പോൾ നോക്കുകുത്തിയാണ്. വരൾച്ചയുടെ ആദ്യഘട്ടത്തിൽ തടയണയിൽ പലകയിട്ടു വെള്ളം തടഞ്ഞു നിർത്തിയിരുന്നു എങ്കിൽ വെള്ളംകുടി മുട്ടില്ലായിരുന്നവെന്നു നാട്ടുകാർ പറയുന്നു. പലകകൾ നശിച്ചതും മോഷ്ടിച്ചു കൊണ്ടു പോയതുമാണു വെള്ളം തടഞ്ഞു നിർത്താൻ മാർഗമില്ലാതായതെന്നു പറയപ്പെടുന്നു.

വെള്ളം കെട്ടി നിർത്തിയ വർഷങ്ങളിൽ നടവയൽ ടൗൺ വരെയുള്ള പ്രദേശങ്ങളിലെ കിണറുകൾ വറ്റിയിരുന്നില്ലെന്നു നാട്ടുകാർ പറയുന്നു. കൃഷിക്കും ശുദ്ധജലത്തിനുമായി ചെക്ഡാമിനു ചീർപ്പ് ഇടുന്നതിന് വേണ്ടിയുള്ള പലകയ്ക്ക് ഫണ്ട് അനുവദിക്കണമെന്നു 7 വർഷമായി പഞ്ചായത്തിനോട് പറയുന്നുണ്ടെങ്കിലും നടപടിയില്ല. ഈ ചെക്ഡാമിനെ ആശ്രയിച്ച് നടവയൽ ശുദ്ധജലവിതരണ പദ്ധതിയടക്കം രണ്ടു ശുദ്ധജല പദ്ധതികൾ ഉണ്ട്. അടിയന്തരമായി അധികൃതർ ഇടപെട്ട് വെള്ളം പമ്പ് ചെയ്യാനുളള നടപടി സ്വീകരിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com