ADVERTISEMENT

പുൽപള്ളി ∙ കത്തിയെരിയുന്ന പകൽച്ചൂടിൽ കാർഷിക വിളകൾ ചൂട്ടുപോലെ കരിഞ്ഞുണങ്ങുന്നു. ജലസേചനത്തിന് ഒരു സംവിധാനവുമില്ലാതെ കൃഷിനാശത്തിനു മുന്നി‍ൽ കർഷകർ പകച്ചുനിൽക്കുന്നു.  മുള്ളൻകൊല്ലി പഞ്ചായത്തിലാണു വ്യാപക കൃഷിനാശം. വർഷങ്ങൾ പ്രായമുള്ള കമുക്, തെങ്ങ്, കുരുമുളക്, കാപ്പി തുടങ്ങിയ നാണ്യവിളകളും വാഴ, പച്ചക്കറികൾ എന്നിവയും നശിക്കുന്നു. കർഷകർ അടുത്തകാലത്ത് ശ്രദ്ധവച്ച ഏലക്കൃഷിക്കും സർവനാശമുണ്ടായി.തോടുകൾ, കുളങ്ങൾ എന്നിവയിലൊന്നും വെള്ളമില്ല. കബനിയും ഇടമുറിയാനായി. പഞ്ചായത്തിൽ പലേടത്തും വാഹനത്തിലാണ് ശുദ്ധജലമെത്തിക്കുന്നത്. കുഴൽക്കിണറുകളും വറ്റിയതോടെ നാട് കടുത്ത ആശങ്കയിലായി. തീറ്റയും വെള്ളവുമില്ലാതെ കന്നുകാലികളെ വിൽക്കുന്ന സാഹചര്യവുമുണ്ട്. വന്യമൃഗശല്യത്തെ തുടർന്നു വൻതോതിൽ കന്നുകാലികളെ കഴിഞ്ഞ മാസങ്ങളിൽ വിറ്റൊഴിവാക്കിയിരുന്നു.

പച്ചപ്പുല്ലും വെള്ളവുമില്ലാത്തതിനാൽ അവശേഷിക്കുന്നവയെയും വിൽക്കാൻ കർഷകർ നിർബന്ധിതരാകുന്നു.  പാൽ അളക്കുന്നവരുടെ എണ്ണം എല്ലാ സംഘങ്ങളിലും കുറയുന്നു. ചോളത്തണ്ട്, വൈക്കോൽ എന്നിവയുടെ ക്ഷാമവും കാലിത്തീറ്റയുടെയും പിണ്ണാക്കിന്റെയും അടിക്കടിയുള്ള വിലവർധനയും പിടിച്ചു നിൽപ് അപകടത്തിലാക്കി. ക്ഷീരകർഷകർക്ക് ഒരു സഹായവും സർക്കാർ നൽകുന്നില്ല. കൃഷി തകർച്ചയ്ക്കു ശേഷം കർഷകർ ആശ്രയിച്ച ക്ഷീരമേഖലയും തകർന്നടിയുന്നു.വൻതുക കടം വാങ്ങി കൃഷിയിറക്കിയ കർഷകർ പലിശ തിരിച്ചടയ്ക്കാൻ വഴിയില്ലാതെ പ്രയാസപ്പെടുന്നു. കൃഷിഭൂമി വിൽക്കാനും കഴിയുന്നില്ല.മഴക്കുറവും തുടർന്നുണ്ടായ വരൾച്ചയും കിഴങ്ങ് കൃഷിയെയും ഇല്ലാതാക്കി. ചേന, ചേമ്പ്, കാച്ചിൽ, കപ്പ തുടങ്ങിയ വിളകളുടെ ഉൽപാദനം കുറഞ്ഞു.

കർണാടകയിൽ നിന്നാണിപ്പോൾ ചേമ്പും കപ്പയും വയനാട്ടിലെത്തുന്നത്. ശീതകാല പച്ചക്കറി കൃഷിയും ശക്തമായ ചൂടിൽ വാടിയുണങ്ങി. നാട് കത്തിയെരിയുന്നതോടൊപ്പം കൃഷിയപ്പാടെ ഇല്ലാതായിട്ടും സർക്കാരോ, ജില്ലാ ഭരണകൂടമോ, പ്രാദേശിക ഭരണസംവിധാനങ്ങളോ ഇതൊന്നും കണ്ടമട്ടില്ല. തിരഞ്ഞെടുപ്പിലാണ് എല്ലാവരുടെയും ശ്രദ്ധ.  അതിനിടെ കൃഷിക്കാരന്റെ പ്രശ്നങ്ങൾ അന്വേഷിക്കാൻ ആർക്കും താൽപര്യമില്ല. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടമെന്ന പേരിൽ ഉദ്യോഗസ്ഥരും കൈമലർത്തുന്നു. ഭരണ–പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളും കർഷകർക്കു വേണ്ടിയെന്നു പറയുന്ന കർഷക സംഘടനകളും കൃഷിക്കാരനു സംഭവിക്കുന്ന ദുരന്തമറിയുന്നില്ല. ഇനി സർവനാശമുണ്ടായാലും ആരും സഹായിക്കുമെന്ന പ്രതീക്ഷ കർഷകർക്കുമില്ല. മുൻകാലങ്ങളിലുണ്ടായ കാർഷിക തകർച്ചയ്ക്കും സഹായമൊന്നും കിട്ടാത്തതിന്റെ അനുഭവവും എല്ലാവർക്കുമുണ്ട്.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com