തിരഞ്ഞെടുപ്പ് ബഹിഷ്കരണം: മാവോയിസ്റ്റ് ആഹ്വാനം തള്ളി കമ്പമലയിൽ കനത്ത പോളിങ്

Mail This Article
മാനന്തവാടി ∙ വോട്ടെടുപ്പിനു മണിക്കൂറുകൾക്ക് മുൻപ് വരെ മാവോയിസ്റ്റ് സായുധ സംഘം എത്തി തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്ത കമ്പമലയിൽ കനത്ത പോളിങ്. ശ്രീലങ്കൻ അഭയാർഥികളെ പുനരധിവസിപ്പിച്ച കമ്പമലയിലെ ദുരിതങ്ങൾ ഉന്നയിച്ചു മാവോയിസ്റ്റുകൾ വനം വികസന കോർപറേഷൻ ഡിവിഷൻ ഓഫിസ് പട്ടാപ്പകൽ ആക്രമിച്ചിരുന്നു. തുടർന്നും പലവട്ടം സി.പി. മൊയ്തീന്റെ നേതൃത്വത്തിലുള്ള മാവോയിസ്റ്റ് സായുധ സംഘം കമ്പമലയിൽ എത്തി.
പൊലീസ് ഹെലികോപ്റ്റർ വരെ എത്തിച്ച് തിരച്ചിൽ നടത്തിയിട്ടും മാവോയിസ്റ്റുകളെ കണ്ടെത്താനുമായില്ല. മാനന്തവാടി നിയോജക മണ്ഡലത്തിലെ 24-ാം നമ്പർ ബൂത്തായ കൈതക്കൊല്ലി ഗവ.എൽപി സ്കൂളിലാണ് കമ്പമലക്കാർ വോട്ട് ചെയ്തത്. 78.3 ശതമാനം പോളിങ്ങ് ആണ് ഇവിടെ രേഖപ്പെടുത്തിയത്. മാവോവോയിസ്റ്റ് ഭീഷണി കണക്കിലെടുത്ത് പഴുതടച്ച സുരക്ഷയാണ് ബൂത്തിൽ ഒരുക്കിയത്. 1083 വോട്ടർമാരുള്ള ബൂത്തിൽ 848 പേരും വോട്ട് ചെയ്തു.