ADVERTISEMENT

മാനന്തവാടി ∙ കമ്പമലയോടു ചേര്‍ന്ന വനപ്രദേശത്തു നേര്‍ക്കുനേര്‍ എത്തിയ തണ്ടര്‍ബോള്‍ട്ട് സംഘത്തിനെതിരെ ആദ്യം വെടിയുതിര്‍ത്തതു മാവോയിസ്റ്റുകള്‍. മേഖലയില്‍ കുറച്ചു ദിവസങ്ങളായി ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള സ്പെഷല്‍ ഓപ്പറേഷന്‍ ഗ്രൂപ്പിലെ 3 സംഘങ്ങള്‍ തിരച്ചില്‍ ഊര്‍ജിതമാക്കിയിരുന്നു. രാവിലെ കണ്ണൂര്‍ ആറളം അതിര്‍ത്തിയോടു ചേര്‍ന്ന വനമേഖലയിലെത്തിയപ്പോഴാണു മാവോയിസ്റ്റുകള്‍ നേര്‍ക്കുനേര്‍ വന്നത്.

സ്പെഷല്‍ ഓപ്പറേഷന്‍ ഗ്രൂപ്പിനെതിരെ മാവോയിസ്റ്റുകള്‍ 2 റൗണ്ട് വെടിയുതിര്‍ത്തുവെന്ന് പൊലീസ് പറഞ്ഞു. എസ്ഒജി സംഘാംഗങ്ങള്‍ തിരിച്ചും വെടിവച്ചു. ഏറ്റുമുട്ടല്‍ രൂക്ഷമാകുന്നതിനു മുന്‍പേ മാവോയിസ്റ്റ് ഗറില്ലകള്‍ കാടിനുള്ളില്‍ മറഞ്ഞു. രാത്രി വൈകിയും തിരച്ചില്‍ ഊര്‍ജിതമായി തുടരുകയാണ്. നേരത്തെ പരിശോധന കര്‍ശനമാക്കിയതിനെത്തുടര്‍ന്ന്, മേഖലയില്‍ സജീവസാന്നിധ്യമായിരുന്ന കബനിദളം ഏരിയ സമിതിയിലെ പ്രമുഖരെയടക്കം പിടികൂടാന്‍ പൊലീസിനു സാധിച്ചിരുന്നു. 

കഴിഞ്ഞ നവംബര്‍ 13നു കണ്ണൂര്‍ ജില്ലയിലെ ഞെട്ടിത്തോട് വനമേഖലയില്‍ നടന്ന ഏറ്റുമുട്ടലില്‍ ഏരിയ സമിതി സെക്രട്ടറി കവിത കൊല്ലപ്പെടുകയും ചെയ്തു. ഫെബ്രുവരിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ പരുക്കേറ്റ് മാവോയിസ്റ്റ് ഗറില്ലാ സേന ആദിവാസി ഊരില്‍ ഉപേക്ഷിച്ചു പോയ കേഡര്‍ ചിക്കമംഗളൂരു സ്വദേശി സുരേഷ് മാവോയിസം ഉപേക്ഷിച്ചു കീഴടങ്ങി. ശേഷിക്കുന്നത് 14 പേര്‍ മാത്രമാണെന്നാണ് പൊലീസ് പറയുന്നത്. ആഭ്യന്തരപ്രശ്നങ്ങളെത്തുടര്‍ന്ന് ഈ ചെറുസംഘത്തിലെ ചിലരെല്ലാം കര്‍ണാടക വനമേഖലയിലേക്കു കടന്നു. കീഴടങ്ങുകയും ചെയ്തു. 

സി.പി.മൊയ്തീന്‍, സോമന്‍, മനോജ്, ജിഷ, സന്തോഷ് എന്നിവരാണു നിലവില്‍ കബനീദളത്തില്‍ സജീവമായുള്ളത്. ഇവരുടെ സംഘമാണു പൊലീസിനു നേരെ വെടിയുതിര്‍ത്തതെന്നാണു നിഗമനം. എന്നാല്‍, മാവോയിസ്റ്റ് സംഘത്തില്‍ എത്ര പേരുണ്ടായിരുന്നുവെന്നതിനു വ്യക്തതയില്ല. കണ്ണൂർ ജില്ലാ അതിർത്തിയിലെ വനഭാഗങ്ങളിലും തിരച്ചിൽ നടന്നു. അംഗബലം കുറഞ്ഞെങ്കിലും ചില പ്രത്യേക സ്ഥലങ്ങൾ കേന്ദ്രീകരിച്ച് തങ്ങളുടെ സാന്നിധ്യം അറിയിക്കാനുള്ള ശ്രമമാണ് മാവോയിസ്റ്റുകളുടേത്.

പൊലീസിന്റെ ലക്ഷ്യം ജീവനോടെ പിടികൂടൽ
മാവോയിസ്റ്റുകളെ ഒറ്റയടിക്കു വെടിവച്ചുകൊന്നാല്‍ അവരോടു സഹതാപമുണ്ടാകുകയും കൂടുതല്‍ പേര്‍ ദളത്തില്‍ ചേരാനെത്തുകയും ചെയ്യുമെന്നതും മുന്‍കൂട്ടിക്കണ്ടാണ് പൊലീസ് നീക്കം. നിലവില്‍ അവശേഷിക്കുന്ന വിരലിലെണ്ണാവുന്ന ഗറില്ലകളെ ഏതുവിധേനയും ജീവനോടെ പിടികൂടുകയെന്നതിനാണു തണ്ടര്‍ബോള്‍ട്ട് മുന്‍ഗണന നല്‍കുന്നത്. പരമാവധി പേരെ കീഴടങ്ങാന്‍ പ്രേരിപ്പിക്കുകയാണു ലക്ഷ്യം. മാവോവിരുദ്ധ ഓപ്പറേഷനായി വര്‍ഷംതോറും കോടികളാണ് ആഭ്യന്തരവകുപ്പ് ചെലവഴിക്കുന്നത്. കീഴടങ്ങല്‍ പാക്കേജ് പ്രഖ്യാപിക്കുന്നതിലൂടെ ഘട്ടംഘട്ടമായി ഓപ്പറേഷന്‍ നിര്‍ത്താണ് ലക്ഷ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com